പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍
ബ്രഹ്മഭിന്നമായിട്ട് സത്തയുണ്ടെന്നു കരുതുന്ന അവിവേകിയുടെ അവസ്ഥയാണ് ഈ ഉദാഹരണത്തില്‍ വിവരിക്കുന്നത്.
നിദ്രിതവത് പ്രജല്പ:
വിവേകചൂഡാമണി 230
ഉണര്‍ന്നിരിക്കുന്ന ഒരുവന്റെ സ്വപ്‌നത്തിലെന്നപോലെയുള്ള പുലമ്പല്‍.
ബ്രഹ്മമല്ലാതൊന്നും ഒരു കാലത്തും ഒരിടത്തും ഇല്ല. അതുകൊണ്ട് പരമസത്തയായ പരമാത്മാവുമാത്രമാണ് ഉണ്മ. ആ സ്വത്തമാത്രമാണ് സര്‍വത്തിന്റെയും ഉപാദാനകാരണവും നിമിത്തകാരണവും. ഇതിനു വിപരീതമായി ആരെങ്കിലും പറഞ്ഞാല്‍ അത് അയാള്‍ ഉറങ്ങുന്നില്ലെങ്കില്‍ പോലും ഉറക്കത്തില്‍ നടത്തുന്ന ജല്പനം പോലെയാണ് എന്നാണ് ശ്രീശങ്കരന്റെ അഭിപ്രായം. ഉറക്കത്തില്‍ ചിലര്‍ പിച്ചും പേയും പറയാറുണ്ട്. ഉറക്കത്തിലുള്ള ഈ പുലമ്പല്‍ വിഡ്ഢിത്തം പറയുന്നതിന്റെ ഉദാഹരണമായാണ് ലോകര്‍ കണക്കാക്കുന്നത്. കാലക്രമേണ ഉറക്കത്തിലുള്ള ഇത്തരത്തിലുള്ള വിഢിത്തം പുലമ്പുന്നതിനെ കണക്കാക്കുന്നതുപോലെ ഉറങ്ങിയിട്ടില്ലെങ്കിലും അബദ്ധമാണ് പറയുന്നതെങ്കില്‍ അതിനേയും ഉറക്കപേ എന്ന് വ്യവഹരിക്കാനും തുടങ്ങി. അതുകൊണ്ട് ഏതു തരത്തിലുള്ള മണ്ടത്തരം വെളിവാക്കലും നിദ്രാലുവിന്റെ ജല്പനമായി കരുതിപ്പോരുന്നു. പക്ഷേ ഇപ്രകാരം നിദ്രാലുവിന്റെയും ഉണര്‍ന്നിരിക്കുന്നവന്റെയും അബദ്ധം ചൊല്ലല്‍ തുല്യമായ സങ്കേതംകൊണ്ട് ഭാഷയില്‍ വ്യവഹരിക്കാറുണ്ടെങ്കിലും പ്രയോഗികതലത്തില്‍ അവ ഭിന്നമായ നിലയിലാണ് കണക്കാക്കാറുള്ളത്. ഉറക്കത്തിലുള്ളവന്റെ ജല്പനം ക്ഷന്തവ്യമാണ്. അവന്റെ ബോധമനസ്സ് അറിയാതെയാണല്ലോ അവന്‍ അതു പറഞ്ഞത്. എന്നാല്‍ ഉണര്‍ന്നിരിക്കുന്നവന്‍ ഉറങ്ങുന്നതുപോലെ ജല്പ്പിച്ചാല്‍ അത് ചിലപ്പോള്‍ അക്ഷന്തവ്യമാകാറുണ്ട്. ഉറങ്ങുന്നവന്റെ ജല്പനം അബോധമനസ്സിന്റേതായതുകൊണ്ട് കേട്ടതിന്റെ പ്രതിഫലനമായി ഒന്നു ചിരിച്ച് അത് ഉപേക്ഷിക്കാം. എന്നാല്‍ ബോധമനസ്സില്‍നിന്ന് അത്തരം ജല്പനം ഉണ്ടായാല്‍ അത് ആരു സഹിച്ചുകൊടുക്കും? അങ്ങനെയുള്ളവന്‍ ഒന്നുകില്‍ ധിക്കാരിയായി ചിത്രീകരിക്കപ്പെടും, അല്ലെങ്കില്‍ ഭ്രാന്തനായി മുദ്രകുത്തപ്പെടും. ഒരുവനും സ്വയം അപ്രകാരം ചിത്രീകരിക്കപ്പെടാന്‍ ഇഷ്ടം കാണുകയില്ലല്ലോ. ആകയാല്‍ മാന്യനായ ഒരു മനുഷ്യനായി കരുതാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരുവനും ഉറക്കത്തിലെന്നപോലെ അബദ്ധങ്ങള്‍ ജല്പിക്കരുത്.
സമസ്തലോകവും ബ്രഹ്മം തന്നെയാണെന്നും ആ മഹാസത്തയായ ബ്രഹ്മം അല്ലാതെ വേറൊന്നും ഇല്ലെന്നും എല്ലാ യോഗ്യന്മാരും മനസ്സിലാക്കണം. ബ്രഹ്മഭിന്നമായിട്ട് എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ വിഡ്ഢികളുടെ ലോകത്തില്‍ തന്നെ. ഉണര്‍ന്നിരിക്കുന്നെങ്കിലും ഉറക്കപ്പിച്ചുപറയുന്ന മണ്ടന്‍ എന്ന് വ്യവഹരിക്കപ്പെടും. ആകയാല്‍ ഒരുവന്‍ അദൈ്വതമായ ആത്മസത്തയെമാത്രം ഉള്‍ക്കൊണ്ടുകൊള്ളണം മറിച്ച് മനസാ വാചാ കര്‍മ്മണാ ചിന്തിക്കരുത്, പറയരുത്, പ്രവര്‍ത്തിക്കരുത്. അദൈ്വത ചിന്തവെടിഞ്ഞ് ഒരു വിഡ്ഢിയായോ ഭ്രാന്തനായോ അവിവേകിയായോ അന്യരാല്‍ വ്യവഹരിക്കപ്പെടാന്‍ ഇടകൊടുക്കരുതെന്നാണ് ഈ ഉദാഹരണത്തിലൂടെ ആചാര്യന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.
Discussion about this post