അഷ്ടമീചന്ദ്ര-ബിഭ്രാജദ്-അലികസ്ഥല-ശോഭിതാ
മുഖചന്ദ്ര-കലങ്കാഭ-മൃഗനാഭി-വിശേഷകാ
അമ്പിളിക്കലപോലെ തിളങ്ങുന്ന (ബിഭ്രാജത്) നെറ്റിത്തടത്താല്‍ (അലികസ്ഥലം) പ്രകാശിക്കുന്നവള്‍ (ശോഭിതാ). അഷ്ടമീചന്ദ്രന്‍ = അഷ്ടമിനാളിലെ അര്‍ധചന്ദ്രന്‍. മുഖചന്ദ്രനിലെ കളങ്കംപോലുള്ള കസ്തൂരി തിലകമാര്‍ന്നവള്‍. കലകാഭം = കളങ്കംപോലെ ശോഭിക്കുന്ന. മൃഗനാഭി=കസ്തൂരി. വിശേഷകം = തിലകം, പൊട്ട്.
വദന-സ്മരമാംഗല്യഗൃഹ-തോരണ-ചില്ലികാ
വക്ത്ര-ലക്ഷ്മീ-പരീവാഹ-ചലന്മീനാഭ-ലോചനാ
ദേവിയുടെമുഖം (വദനം) കാമന്റെ കല്യാണവീടാണ് (സ്മര-മാംഗല്യ-ഗൃഹം); അതിന്റെ പ്രവേശദ്വാരത്തിലെ അലങ്കാരകമാന (തോരണം)മാണ് പുരികക്കൊടി. ദേവിയുടെ കണ്ണുകള്‍ (ലോചനം) ആ മുഖത്തിന്റെ അഴകാകുന്ന ഒഴുക്കില്‍ (വക്ത്ര-ലക്ഷ്മീ-പരീവാഹം) ഇളകിക്കളിക്കുന്ന മീനുകളെപ്പോലെ തിളങ്ങുന്ന (ചലത്-മീന-ആഭ)
നവ-ചമ്പക-പുഷ്പാഭ-നാസാ-ദണ്ഡ-വിരാജിതാ
താരാ-കാന്തി-തിരസ്‌കാരി-നാസാഭരണ-ഭാസുരാ
(പുഷ്പ-ആഭ) ദേവീ പുത്തന്‍ചമ്പകപ്പൂ(മൊട്ടു) പോലെ വിളങ്ങുന്ന നീണ്ട മൂക്കുകൊണ്ട് (നാസാദണ്ഡം) ശോഭിക്കുന്നു. (ശുക്ര) നക്ഷത്രത്തിന്റെ തിളക്കത്തെ തോല്‍പ്പിക്കുന്ന മൂക്കുത്തി (നാസാ-ആഭരണ) കൊണ്ടു പ്രകാശിക്കുന്നു.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post