ഡോ. എം.പി.ബാലകൃഷ്ണന്‍
ഉദ്യോഗാര്‍ത്ഥിയായിരുന്നില്ല ഒരിക്കലും കുഞ്ഞന്‍പിള്ള. വിജ്ഞാനാര്‍ത്ഥിയായിരുന്നു. ‘അമിതമായ വിജ്ഞാന തൃഷ്ണ, ആദ്ധ്യാത്മികമായ അന്വേഷണബുദ്ധി, ലൗകിക വിഷയങ്ങളില്‍ അനാസക്തി എന്നിവ ആ യുവാവിനെ എപ്പോഴും അസ്വസ്ഥചിത്തനാക്കിക്കൊണ്ടിരുന്നു.’ അങ്ങനെ പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ സമ്പര്‍ക്കംതന്നെ അഭികാമ്യം എന്നായി.
ആയിരത്തിഅമ്പത്തിയൊന്നാമാണ്ടിടയ്ക്ക് ആശാന്റെ നേതൃത്വത്തില്‍ ‘ജ്ഞാനപ്രജാഗരം’ എന്ന പേരില്‍ ഒരു വിദ്വല്‍സഭ സമാരംഭിക്കപ്പെട്ടു. റസിഡന്‍സി ജീവനക്കാരനായ തൈക്കാട്ട് അയ്യാവ്, രാജകീയ കലാലയത്തിലെ പ്രൊഫസ്സര്‍ സ്വാമിനാഥദേശികര്‍, പ്രൊഫസ്സര്‍ സുന്ദരംപിള്ള തുടങ്ങി അറിവിന്റെ ഏതെങ്കിലും മേഖലകളില്‍ പ്രഗത്ഭരായ പലരും അതില്‍ അംഗങ്ങളായിരുന്നു. ജ്ഞാനപിപാസുവായ കുഞ്ഞന്‍പിള്ളയ്ക്ക് അവിടത്തെ പ്രഭാഷണങ്ങളും സംവാദങ്ങളുമെല്ലാം വേഴാമ്പലിനു വര്‍ഷബിന്ദുക്കളായി ഭവിച്ചു.
റസിഡന്‍സി ഉദ്യോഗസ്ഥനായിരുന്ന തമിഴ്‌നാട്ടുകാരന്‍ അയ്യാവ് ഹഠയോഗിയും മുരുകഭക്തനുമായിരുന്നു. അയ്യാവുമായി ചട്ടമ്പി അടുത്തു. ഹഠയോഗമുറകള്‍ അഭ്യസിക്കുകയായിരുന്നു ലക്ഷ്യം. കുഞ്ഞന്‍പിള്ളയുടെ യോഗവിജ്ഞാന തൃഷ്ണയ്ക്ക് സ്വല്പമൊരു ശമനം കിട്ടാന്‍ അയ്യാവിന്റെ സമ്പര്‍ക്കം പ്രയോജകീഭവിച്ചു എന്നേയുള്ളൂ. പക്ഷേ അത്രയുംകൊണ്ട് അലംഭാവം കൊള്ളുന്നതായിരുന്നില്ല ആ ജിജ്ഞാസാഗ്നി. അതിനാല്‍ മാസങ്ങള്‍ മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. കുഞ്ഞന്‍പിള്ളച്ചട്ടമ്പി ഒരു ദാര്‍ശനികനായി വളര്‍ന്നു. സാധാരണ ചോദ്യങ്ങള്‍ക്കുപോലും ഉചിതമായ മറുപടി പറയാന്‍ യോഗി അയ്യാവ് അപ്രാപ്തനായിരുന്നപ്പോള്‍ ഏതു വിഷമപ്രശ്‌നത്തിനും ചട്ടമ്പി ശരിയായ മറുപടി നല്‍കി.
മനോന്മണീയം എന്ന തമിഴ്‌നാടക കൃതിയിലൂടെ പ്രശസ്തനാവുകയും സ്വന്തംപേരില്‍ ഒരു സര്‍വ്വകലാശാല തന്നെ പില്ക്കാലത്ത് സ്ഥാപിതമാവുകയും ചെയ്ത പ്രൊഫ. സുന്ദര്‍പിള്ള അന്ന് എഫ്.എ.ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ‘ജ്ഞാനപ്രജാഗര’ ത്തില്‍ വച്ചുണ്ടായ പരിചയം ചട്ടമ്പിയേയും സുന്ദരംപിള്ളയേയും ഉറ്റചങ്ങാതികളാക്കി. പാശ്ചാത്യദര്‍ശനങ്ങളും മറ്റും ചട്ടമ്പി ഗ്രഹിച്ചത് ആ വഴിക്കാണെന്ന് പറയപ്പെടുന്നു.
‘ജ്ഞാനപ്രജാഗര’ത്തില്‍ പ്രഭാഷണം നടത്തിയിരുന്നവരില്‍ മുഖ്യന്‍ തിരുവനന്തപുരം രാജകീയ കലാലയത്തിലെ തമിഴ് പ്രൊഫസ്സര്‍ സ്വാമിനാഥദേശികര്‍തന്നെ. തമിഴില്‍ ‘ഇലക്കണവിളക്കം’ എന്ന മഹാഗ്രന്ഥമെഴുതിയ ദേശികപരമ്പരയില്‍പ്പെട്ട ആളാണദ്ദേഹം തമിഴ് വ്യാകരണം, വേദാന്തം, യോഗശാസ്ത്രം എന്നിവയിലെല്ലാം അസാമാന്യ പണ്ഡിതനായിരുന്ന ദേശികരുമായുള്ള സമ്പര്‍ക്കമാണ് അറിവിന്റെ ആ അപാരതീരങ്ങളിലേയ്ക്ക് ചട്ടമ്പിയുടെ ശ്രദ്ധയെ ആകര്‍ഷിച്ചത്. തമിഴ് വ്യാകരണത്തിന്റെയും ശൈവസിദ്ധാന്തങ്ങളുടെയും ആഴങ്ങളില്‍ അവര്‍ മുങ്ങി. ജ്ഞാനാര്‍ജ്ജനത്തില്‍ അത്യാര്‍ത്തിയും ഗ്രഹണപടുതയില്‍ അത്ഭുതവേഗവും ഒത്തിണങ്ങിയ ഭക്താഗ്രണിയായ ശിഷ്യനില്‍ പ്രൊഫസ്സര്‍ അഭിമാനംകൊണ്ടു.
ശിഷ്യന്‍ തന്നെക്കാള്‍ വലുതാകുന്നതില്‍ അഭിമാനിക്കുന്നവരാണ് മഹാഗുരുക്കന്മാര്‍. അതിന്നായി അര്‍ഹരായ ശിഷ്യരെ അവര്‍ ഉചിതഹസ്തങ്ങളില്‍ ഏല്പിക്കുകയും ചെയ്യും. അങ്ങനെ കൗമാരക്കാരനായ കുഞ്ഞന്‍പിള്ളചട്ടമ്പിയുടെ ജീവിത മഹാപ്രസ്ഥാനം ജ്ഞാനവിജ്ഞാനങ്ങളുടെ ഗൗരീശങ്കരം കീഴടക്കാനുള്ള പുറപ്പാടിന്റെ ചരിത്രമുഹൂര്‍ത്തത്തിലേക്കാണ് നാം ഇനി കടക്കുന്നത്.
അനന്തപുരിയിലെ നവരാത്രി മഹോത്സവം പ്രസിദ്ധമാണല്ലോ. സ്വാതിമഹാരാജാവ് ചിട്ടപ്പെടുത്തിയ മട്ടില്‍ ഒന്‍പതു ദിവസത്തെ സംഗീത സദസ്സുകള്‍ ഇന്നും നടക്കുന്നു. പണ്ട് വിദ്വല്‍സദസ്സുകള്‍ കൂടി ഉണ്ടായിരുന്നു. അന്യനാടുകളില്‍ നിന്നുപോലും ക്ഷണിക്കപ്പെട്ടുവരുന്ന അപാരപണ്ഡിതരുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധേയങ്ങളായ സദസ്സുകള്‍. അക്കൊല്ലം അങ്ങനെ എത്തിയവരില്‍ അഗ്രിമസ്ഥാനീയന്‍ തമിഴ്‌നാട്ടിലുള്ള തിരുനെല്‍വേലി ജില്ലയിലെ കല്ലടക്കുറിച്ചി എന്ന ഗ്രാമത്തില്‍ നിന്നും വന്ന സുബ്ബാജടാപാഠികള്‍ ആയിരുന്നു. സര്‍വ്വശാസ്ത്രപാരംഗതന്‍; ബ്രഹ്മനിഷ്ഠന്‍. ജടാപാഠികളുടെ പ്രഭാഷണങ്ങള്‍ നമ്മുടെ ചട്ടമ്പിയെ വല്ലാതെ ആകര്‍ഷിച്ചുകളഞ്ഞു. അദ്ദേഹത്തിനുവേണ്ട ശുശ്രൂഷകള്‍ ചെയ്തുകൊടുത്തുകൊണ്ട് അവിടെത്തന്നെ കൂടിയ അയാളെ സ്വാമിനാഥദേശികള്‍ ജടാവല്ലഭര്‍ക്കു പരിചയപ്പെടുത്തി. അപ്പോള്‍ കുഞ്ഞന് ഏതാണ്ട് ഇരുപത്തിമൂന്ന് വയസ്സുണ്ടാകും. ആ യുവാവില്‍ പുത്രനിര്‍വിശേഷമായ വാത്സല്യം ജടാപാഠികള്‍ക്കും തോന്നി. ചുരുക്കത്തില്‍, സ്വദേശത്തേയ്ക്കു മടങ്ങാന്‍നേരം ആ മുഖത്തുനിന്നും ‘നീ കൂടെപ്പോരുന്നോ?’ എന്ന ചോദ്യമുണ്ടായതും സന്തോഷത്താല്‍ സര്‍വ്വം മറന്ന ചട്ടമ്പി അമ്മയുടെ അനുവാദം വാങ്ങാന്‍ കണ്ണമ്മൂലയിലേക്ക് ഒറ്റ ഓട്ടം ഓടിയതും ഒന്നിച്ചായിരുന്നു. പലര്‍ക്കും സമ്മതമായില്ലെങ്കിലും അമ്മയുടെ അനുഗ്രഹം നേടി വന്നു. സുബ്ബാജടാപാഠികളെ അനുഗമിക്കുകയും ചെയ്തു.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070
Discussion about this post