പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ ആന്തരികാര്‍ത്ഥം തന്നെയാണ് ഈ ദൃഷ്ടാന്തത്തിലൂടെ വീണ്ടും വ്യക്തമാക്കുന്നത്.
മൃത്കാര്യം സകലം ഘടാദി സതതം
മൃണ്‍മാത്രമേവാഭിതഃ
തദ്വത്സജ്ജനിതം …. അഖിലം
(വിവേകചൂഡാമണി 253)
കുടം കലം ഭരണി തുടങ്ങിയ മണ്ണില്‍നിന്നുണ്ടായതെല്ലാം എന്നും മണ്ണുതന്നെയാണ്. അതുപോലെ ‘സത്തി’ല്‍ ആവിര്‍ഭവിച്ചതായ ഈ ബ്രഹ്മാണ്ഡം മുഴുവന്‍ എന്നും സത് സ്വരൂപം തന്നെ.
ഈ ലോകത്ത് വിവിധതരത്തിലും പേരിലും അറിയപ്പെടുന്ന മണ്‍പാത്രങ്ങള്‍ ഉണ്ട്. ഒരേ മണ്ണിന്റേതാണെങ്കിലും വ്യത്യസ്തങ്ങളായി ആരോപിക്കപ്പെട്ടിരിക്കുന്ന രൂപവും സംജ്ഞയും കൊണ്ടാണ് അവയെ വ്യവഹരിച്ചുവരുന്നത്. വിവിധ രൂപത്തിലും നാമത്തിലും ഉള്ള മണ്‍പാത്രങ്ങളുടെ ഉപാദാനകാരണം മണ്ണുമാത്രമാകയാല്‍ അവയ്ക്ക് മണ്ണില്‍നിന്നുണ്ടായത് എന്ന ഒരു ഏകത്വം ഉണ്ട്. ഇതുപോലെതന്നെയാണ് ഈ പ്രപഞ്ചത്തിന്റെ കാര്യവും.
ഈ വിശ്വം മുഴുവന്‍ സദ്‌വസ്തുമാത്രമാണ്. സകലത്തിന്റെയും ഉപാദാനകാരണം സദ്‌വസ്തു (ബ്രഹ്മം) തന്നെയായതുകൊണ്ടാണ് ഇപ്രകാരം സ്വീകരിച്ചിരിക്കുന്നത്. സത്ത് മാത്രമാണ് ഉണ്മ. ആ ഉണ്മയല്ലാതെ ഒന്നും ഈ പ്രപഞ്ചത്തില്‍ ഇല്ല. ഭിന്നരൂപവും നാമവും സത്തായ ഉണ്മയില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടാണ് നാനാതരത്തില്‍പ്പെട്ട നാമരൂപയുക്തമായതിനെയെല്ലാം ഒരു ഉണ്മയിലൂടെ കോര്‍ക്കാന്‍ സാധിക്കുന്നത്. പേനയുണ്ട്. മഷിയുണ്ട്. എന്നൊക്കെയുള്ളിടത്ത് ഉണ്ട് ഉണ്ട് എന്ന ഒരു സത്തയെ (ഉണ്മയെ) നാമരൂപങ്ങള്‍ക്കതീതമായി അനുഗതമായി കാണാന്‍ സാധിക്കുന്നുണ്ടല്ലോ. ഇത് സത്തായ (ഉണ്മയായ)തില്‍നിന്നു ഭിന്നമായി ഒന്നും ഇല്ലെന്നു ബോദ്ധ്യപ്പെടുത്തിത്തരുന്നതാണ്. ഈ തത്ത്വജ്ഞാനപരമായ സത്യത്തെ മൃണ്മയപാത്രങ്ങളുടെ ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കിത്തരുകയാണിവിടെ.
വ്യത്യസ്തങ്ങളായ രൂപത്തോടും നാമത്തോടും കൂടിയ ഈ സമസ്തപ്രപഞ്ചവസ്തുസമൂഹവും ‘സത്’ ജനിതമാണ്. ബ്രഹ്മം ഉപാദാനകാരണമായിട്ടുള്ളതാണ്. ഇത് കുടം, കലം, ഭരണി എന്നീ ഭിന്ന നാമരൂപങ്ങളുള്ളവയില്‍ ഭിന്നമല്ലാത്ത, ഭൂതവര്‍ത്തമാനഭാവികാലങ്ങളാല്‍ ബാധിക്കപ്പെടാത്ത മൃത്‌രൂപമായ ഉണ്മപോലെയാണ്. സത്ത് ത്രികാലാബാദ്ധ്യവും സ്വപ്രകാശത്തോടുകൂടിയതും ജ്ഞാനസ്വരൂപവും അദ്വയവുമാണ്. ആയതിനാല്‍ അത് (സത്ത്) അനുഗതമല്ലാതെ ഒന്നും ഈ പ്രപഞ്ചത്തില്‍ ഇല്ല. ഈ രീതിയനുസരിച്ച് ‘തത്ത്വമസി’ എന്ന മഹാവാക്യം സാര്‍ത്ഥകമായി എന്നാണ് ശ്രീശങ്കരന്‍ ബോധിപ്പിച്ചുതരുന്നത്. എല്ലാത്തിനും നാമരൂപഭേദങ്ങള്‍ക്ക് അതീതമായി അനുഗതമായി ഒരേ ഒരു സത് (ബ്രഹ്മം) വര്‍ത്തിക്കുമ്പോള്‍ പൃഥക്കരണങ്ങള്‍ അസത്യജഡിലങ്ങള്‍തന്നെ. ഇപ്രകാരം തത്ത്വമസിയിലെ തത്ശബ്ദത്തിലും ത്വം ശബ്ദത്തിലും അനുഗതമായിരിക്കുന്നത് ഒരു സത് (ബ്രഹ്മം) തന്നെയാകയാല്‍ ‘തത്’ ആയ ഈശ്വരനും ‘ത്വം’ ആയ ജീവനും ഇവിടെ ഐക്യമാണ്. ഇപ്രകാരം തത്ത്വമസി എന്ന വാക്യത്തിലൂടെ ജീവേശ്വരൈക്യം സമര്‍ത്ഥിച്ചിരിക്കുന്നു. ഇതു അനുഗതമായ മൃത്ഭാവത്തിലൂടെ (മണ്ണ് എന്ന നിലയില്‍) കുടം, കലം എന്നിവകള്‍ക്ക് ഐക്യം ഉള്ളതുപോലെയാണ്.
Discussion about this post