നിജ-സല്ലാപ-മാധുര്യ-വിനിര്‍ഭത്സിത – കച്ഛപീ
മന്ദസ്മിത-പ്രഭൂപൂര-മജ്ജത്-കാമേശ-മാനസാ
സരസ്വതീ ദേവിയുടെ കച്ഛപി എന്ന വീണയെപ്പോലും അങ്ങേയറ്റം നിസ്സാരമാക്കത്തക്ക മാധുര്യമാണ് ലളിതാദേവിയുടെ സംസാരത്തിന്. കാമദേവനെപ്പോലും കീഴമര്‍ത്തിയ ശ്രീപരമേശ്വരന്റെ മനസ്സും ദേവിയുടെ പുഞ്ചിരിപ്രകാശധോരണിയില്‍ മുഴുകിപ്പോവുന്നു. മജ്ജത് = മജ്ജനം ചെയ്തുകൊണ്ടിരിക്കുന്ന, മുഴുകിക്കൊണ്ടിരിക്കുന്നു.
അനാകലിത-സാദൃശ്യ-ചിബുകശ്രീ-വിരാജിതാ
കാമേശബദ്ധ-മാംഗല്യ-സൂത്ര-ശോഭിത-കന്ധരാ
ആരും ഒരിക്കലും ഒന്നിനോടും സാദൃശ്യം കല്‍പ്പിച്ചിട്ടില്ലാത്ത കീഴ്ച്ചുണ്ടിനുതാഴെയുള്ള പ്രദേശത്തിന്റെ (ചിബുകം) ഐശ്വര്യത്തോടുകൂടി ദേവി ഏറ്റവും ശോഭിക്കുന്നു. ശ്രീപരമേശ്വരന്റെ ബന്ധിച്ച മാംഗല്യസൂത്രത്തോടുകൂടി ശോഭിക്കുന്ന കുഴത്താണ് ദേവിക്ക്. മാംഗല്യസൂത്രം = താലിച്ചരട്. കന്ധരം = കഴുത്ത്.
കനകാംഗദ-കേയൂര-കമനീയ-ഭൂജാന്വിതാ
രത്‌ന-ഗ്രൈവേയ-ചിന്താക-ലോല-മുക്താഫലാന്വിതാ
സ്വര്‍ണനിര്‍മിതമായ പലതരം തോള്‍വളകള്‍ (അംഗദവും കേയൂരവും) അണിഞ്ഞ അഴകാര്‍ന്ന കൈകളോടുകൂടിയവളാണു ദേവി. ദേവി രത്‌നകണ്ഠാഭരണങ്ങളിലെ (ഗ്രൈവേയം – ഗ്രീവയില്‍, കഴുത്തില്‍, അണിയുന്നത്) പതക്കങ്ങളില്‍ (ചിന്താകം) ഇളകിക്കൊണ്ടിരിക്കുന്ന (ലോലം) മുത്തുകളോടുകൂടിയവളത്രേ.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post