ഡോ.എം.പി.ബാലകൃഷ്ണന്‍
സര്‍വ്വവിദ്യാധിരാജനായി, സകലകലാവല്ലഭനായി, സര്‍വ്വജ്ഞനായി. എന്നിട്ടും കുഞ്ഞന്‍പിള്ളച്ചട്ടമ്പിക്ക് എന്തോ ഒരു അപൂര്‍ണ്ണത സ്വയം അനുഭവപ്പെട്ടുകൊണ്ടിരുന്നു. യോഗാരൂഢനായിത്തന്നെ മിക്കവാറും കഴിഞ്ഞു: അലൗകികാനുഭവങ്ങളില്‍ ആമഗ്നനായിത്തന്നെ നടന്നു. എങ്കിലും എന്തോ ഒന്നിന്റെ കുറവ് ഉള്ളിന്റെയുള്ളില്‍ അസ്വസ്ഥത ചേര്‍ത്തുകൊണ്ടേയിരുന്നു. അത് എന്താണെന്നുമാത്രം അദ്ദേഹത്തിനു പിടികിട്ടിയിരുന്നില്ല. ഈ മാനസികാവസ്ഥയിലാണ് വീണ്ടും ദേശാടനത്തിനിറങ്ങിയത്. നടന്നു നടന്നു കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലിനപ്പുറം വടിവീശ്വരം എന്ന ഗ്രാമത്തിലെത്തി. അവിടെ ഒരു വിവാഹസദ്യ നടക്കുകയായിരുന്നു. ഊണു കഴിഞ്ഞ് ആളുകള്‍ ഇലകൊണ്ടിട്ടിരിക്കുന്ന സ്ഥലത്ത് കുറേ പട്ടികളും അവയ്ക്കിടയില്‍ ഒരു പ്രാകൃത മനുഷ്യനും! അയാള്‍ പട്ടികള്‍ക്കൊപ്പം എച്ചിലിലകളില്‍ നിന്നും ആഹാരം വടിച്ചുതിന്നുന്നു! ഇടയ്ക്കിടയ്ക്ക് പട്ടികള്‍ക്കും നല്‍കുന്നു. അവ തങ്ങളില്‍ കടിപിടികൂടാതെ അയാളെ അനുസരിക്കുന്നു! അപ്പോഴേക്കും ചില വികൃതികുട്ടികള്‍ അവരുടെ നേര്‍ക്കു കല്ലുകള്‍ പെറുക്കി എറിയാന്‍ തുടങ്ങി. ഏറുകൊണ്ടിട്ടും ആ വൃദ്ധനു ഭാവഭേദമൊന്നും ഉണ്ടായില്ല.
കുഞ്ഞന്‍പിള്ള ശ്രദ്ധിച്ചു. പരമശാന്തി അനുഭവിക്കുന്ന മുഖഭാവം. ഇത് ഒരു ഭ്രാന്തനോ യാചകനോ അല്ല. ആത്മനിഷ്ഠനാണ്. അവധൂതനാണ്. താന്‍ അന്വേഷിച്ചു നടന്നത് ഇദ്ദേഹത്തെത്തന്നെയല്ലേ?
ശ്രദ്ധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയ പ്രാകൃതന്‍ പെട്ടെന്ന് എണീറ്റു നടന്നു. കുഞ്ഞന്‍പിള്ള പിറകേചെന്നു. വൃദ്ധന്‍ നടത്തയ്ക്കു വേഗതകൂട്ടി. ഒപ്പം കുഞ്ഞന്‍പിള്ളയും. ഏതാനും നാഴികനേരത്തെ നടപ്പിനുശേഷം അയാള്‍ ഒരു മലയിലേക്കാണ് ഓടിക്കയറിയത്. ചട്ടമ്പിയും ഒപ്പം കയറി. അപ്പോഴേക്കും മുന്നേ പോയ ആള്‍ കാട്ടിനുള്ളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു. പിന്നാലെ പാഞ്ഞ ചട്ടമ്പി ഒരു മരത്തിന്റെ വേരില്‍ കാല്‍തട്ടിവീണുപോയി. പിന്നെ ഒന്നുമറിഞ്ഞില്ല.
കണ്ണുതുറന്നപ്പോള്‍ താന്‍ ആരുടേയോ, അല്ല ആ പ്രാകൃതന്റെ മടിയില്‍ തലവച്ചു കിടക്കുകയാണെന്ന് ചട്ടമ്പിക്കു മനസ്സിലായി. അദ്ദേഹം വാത്സല്യമസൃണമായി തന്നെനോക്കി മന്ദഹസിക്കുന്നു. പിന്നെ ആ ദിവ്യന്‍ യുവാവിനെ പിടിച്ചെണീല്പിച്ച് കാരുണ്യപുരസ്സരം കാതില്‍ എന്തോ മന്ത്രിച്ചു. അതോടെ അന്നോളം മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന സകല സംശയങ്ങളും അസ്വാസ്ഥ്യങ്ങളും എങ്ങോപോയി. സര്‍വ്വവും ഈശ്വരനായി, താനായി വിദ്യാധിരാജന്‍ കണ്ടു. ബ്രഹ്മോപദേശം നല്‍കിയ മഹാഗുരുവിനെ പിന്നെ കണ്ടതുമില്ല.
ഒരു ദീപത്തിന്റെ സ്പര്‍ശനമേല്ക്കുന്ന മറ്റൊരു തിരിയും ദീപമാകുന്നു. എണ്ണ നിറഛ്ചിട്ടുള്ളതാണെങ്കില്‍ അതു ലോകത്തില്‍ വെളിച്ചം വിതറും. നിരന്തര സാധനകളാല്‍ തേച്ചുമിനുക്കി സമസ്ത ജീവരാശികളോടുമുള്ള സ്‌നേഹം നിറഞ്ഞുതുളുമ്പി, സര്‍വ്വജ്ഞത്വവും വൈരാഗ്യവുമാകുന്ന തിരികളിട്ട് ഒരുങ്ങി നിന്നിരുന്ന സുവര്‍ണ്ണദീപമായിരുന്നുവല്ലോ വിദ്യാധിരാജന്‍. ആ അവധൂതന്റെ സംസര്‍ഗ്ഗത്താല്‍ ആത്മാനുഭവത്തിന്റെ അഗ്നി അതില്‍ കത്തിപ്പിടിച്ചു. – വിദ്യാധിരാജനും അവധൂതപദത്തിലേക്കുയര്‍ന്നു. അങ്ങനെ മലയിറങ്ങിയത് പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളായിരുന്നു.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)
വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070
പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070













Discussion about this post