ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ (സത്യാനന്ദസുധാ വ്യാഖ്യാനം)
അറിവിന്റെ കൊടുമുടി
വേദമെന്ന വാക്കിന് അറിവ് എന്നാണര്‍ത്ഥം. ഭൗതിക ജഗത്തിനെക്കുറിച്ചും ആദ്ധ്യാത്മികമണ്ഡലത്തെക്കുറിച്ചുമുള്ള അറിവുകള്‍ അതില്‍പ്പെടും. ഭൗതികലോകത്തെ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള അറിവ് ആപേക്ഷികവും സീമിതവും അതുകൊണ്ടുതന്നെ താരതമ്യേന നിസ്സാരവുമാണെങ്കില്‍ അദ്ധ്യാത്മവിദ്യ നല്‍കുന്ന പരമമായ അറിവ് നിരപേക്ഷവും നിസ്സീമവും ബൃഹത്തുമാകുന്നു. അതില്‍ മറ്റെല്ലാജ്ഞാനങ്ങളും അന്തര്‍ഭവിക്കുന്നു. ഒരിക്കല്‍ ഗൃഹസ്ഥനായ ശൗനകന്‍ അംഗശിരസ്സിനോട് ചോദിച്ചു. ‘മഹാത്മാവേ ഏതൊന്നിനെ അറിഞ്ഞാലാണ് ഇക്കാണുന്നതെല്ലാം അറിയാന്‍ കഴിയുന്നത്?’ ഇതിനുമറുപടിയായി പര എന്നും അപരയെന്നും ലോകത്തു രണ്ടു വിദ്യകളുണ്ടെന്നും അവയില്‍ പരയാണു ശ്രേഷ്ഠമെന്നും അദ്ദേഹം മറുപടി പറഞ്ഞു. അക്ഷരമായ (അനശ്വരമായ) ബ്രഹ്മത്തെ അറിയാന്‍ സഹായിക്കുന്ന വിദ്യയാണു’ പര. ഇക്കാണുന്നതെല്ലാം ബ്രഹ്മത്തില്‍ നിന്നുണ്ടായതകകൊണ്ട് ബ്രഹ്മത്തെ അറിഞ്ഞാല്‍ മറ്റെല്ലാറ്റിനേയും അറിയാന്‍ കഴിയും. പരയും അപരയുമായ (ആദ്ധ്യാത്മികവും ഭൗതികവുമായ) അറിവുകളെല്ലാമന്തര്‍ഭവിക്കുന്ന വിജ്ഞാനഭണ്ഡാരമാണ് ഋക് യജുസ്സ്, സാമം, അഥര്‍വം എന്നീ വേദങ്ങള്‍. അവയുള്‍ക്കൊള്ളുന്ന ജ്ഞാനത്തിന്റെ ഹിമശൃംഗം അഥവാ പരകാഷ്ഠയാണ് വേദാന്തം അഥവാ ഉപനിഷത്ത്.
Discussion about this post