ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജിവച്ചു. രാജിക്കത്ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്ക് അയച്ചതായി ആം ആദ്മി നേതാക്കള്‍ പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കേജരിവാളിന്റെ രാജി. കേവലം 49 ദിവസം മാത്രം പ്രായമുള്ള എഎപി സര്‍ക്കാര്‍ അധികാരം ഉപേക്ഷിക്കുമ്പോള്‍ മറ്റൊരു ചരിത്രസംഭവത്തിനുകൂടിയാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്നത്. ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ രാജിവയ്ക്കുമെന്ന് മുന്‍പുതന്നെ കേജരിവാളും ആം ആദ്മി പാര്‍ട്ടി(എഎപി)യും പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിക്കെതിരേ കേസ് രജിസ്റര്‍ ചെയ്തതാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചതെന്ന് രാജിവച്ചശേഷം പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു കേജരിവാള്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസിന്റെ മുകള്‍ നിലയിലെ ജനാലയിലൂടെയാണ് അദ്ദേഹം പ്രവര്‍ത്തകരോട് സംസാരിച്ചത്. പ്രവര്‍ത്തകരെ രാജിക്കത്ത് വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. നേരത്തെ ജന്‍ലോക്പാല്‍ ബില്ലിന് അവതരണാനുമതി തേടിയുള്ള വോട്ടെടുപ്പില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് ബില്ലിനെതിരായി രംഗത്ത് വന്നതാണ് ബില്‍ സഭയില്‍ കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടത്. കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെ 42 എംഎല്‍എമാര്‍ എതിര്‍ത്തപ്പോള്‍ നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ വിനോദ്കുമാര്‍ ബിന്നിയടക്കം ആംആദ്മി എംഎല്‍എമാരായ 27 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. ഇതോടെ ബില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ജന്‍ലോക്പാല്‍ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ദവും നാടകീയവുമായ രംഗങ്ങള്‍ക്കാണ് ഡല്‍ഹി നിയമസഭ സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതികത്വങ്ങള്‍ നിരത്തി കോണ്‍ഗ്രസും ബിജെപിയും ബില്ലിനെ എതിര്‍ത്തു. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസും ബിജെപിയും ഇതേ നില തുടര്‍ന്നു. മുകേഷ് അംബാനിക്കെതിരേ കേസ് രജിസ്റര്‍ ചെയ്തതാണ് ഇരുപാര്‍ട്ടികളെയും പ്രകോപിപ്പിച്ചതെന്ന് കേജരിവാള്‍ സഭയില്‍ പറഞ്ഞു. നേരത്തെ, തന്റെ അനുവാദത്തോടെയല്ല ജന്‍ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതെന്നും ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയ കാര്യം സഭാംഗങ്ങളെ അറിയിക്കണമെന്നുമുള്ള ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ കത്ത് സ്പീക്കര്‍ വായിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലഫ്. ഗവര്‍ണറുടെ കത്ത് സഭയില്‍ വായിച്ചപ്പോള്‍ ഇത് വോട്ടിനിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിയമമന്ത്രി സോമനാഥ് ഭാരതി ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റു. പ്രതിപക്ഷത്തിന്റെ ബഹളം മൂലം സഭ നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീട് സ്പീക്കര്‍ കക്ഷിനേതാക്കളുമായും നിയമ വിധഗ്ദ്ധരുമായി കൂടിയാലോചിച്ചശേഷം ബില്‍ അവതരണാനുമതി തേടുവാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ബില്ലിനെ എതിര്‍ക്കുന്നവര്‍ എണീറ്റ് നില്‍ക്കുവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെ 42 എംഎല്‍എമാര്‍ ഈ ഘട്ടത്തില്‍ എണീറ്റുനിന്നു. അനുകൂലിക്കുന്നവരായി ആംആദ്മിയുടെ 27 എംഎല്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
Discussion about this post