സത്യാനന്ദസുധാവ്യാഖ്യാനം
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ (ലക്ഷ്മണോപദേശം – ആനന്ദം ആത്മാവില്‍ )
ആഗ്രഹം സാധിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആനന്ദം ഭൗതികവസ്തുവിലുള്ളതല്ലെങ്കില്‍ പിന്നെ എവിടെനിന്നു വരുന്നു? അവനവന്റെ ഉള്ളില്‍ നിന്നുതന്നെ. ആനന്ദം ആത്മാവിന്റെ സ്വരൂപമാണ്. മനുഷ്യനുള്‍പ്പെടെ സമസ്തജീവരാശിയും ശരീരമോ, മനസ്സോ, ബുദ്ധിയോ അവയുടെ സംഘാതമോ അല്ല, മറിച്ച് അവയ്ക്കുള്ളില്‍ ഇരുന്നുകൊണ്ട് അവകളെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യം അഥവാ ആത്മാവാണ് എന്ന് കാര്യകാരണസഹിതം മേലില്‍ വിശദീകരിക്കും. ആത്മാവ് സത്തും ചിത്തും ആനന്ദവുമാണ്. ആനന്ദം ആത്മാവിന്റെ സ്വരൂപമായതുകൊണ്ടാണ് സമസ്തജീവരാശിയും അതിനെ നിരന്തരം അന്വേഷിക്കുന്നത്. തന്റെ നാഭിയിലിരിക്കുന്ന സുഗന്ധം പുല്‍ക്കൊടികളിലന്വേഷിക്കുന്ന കസ്തൂരിമാനുകളെപ്പോലെ മനുഷ്യന്‍ വസ്തുസത്യമറിയാതെ ബാഹ്യപദാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു വൃഥാ തളരുന്നെന്നുമാത്രം. ഭൗതികനേട്ടങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഗ്രഹങ്ങള്‍ അന്തരംഗത്തില്‍ തരംഗമാലകള്‍ സൃഷ്ടിക്കുമ്പോള്‍ മനോമണ്ഡലത്തിനും ഉള്ളിലായി കുടികൊള്ളുന്ന ആത്മാനന്ദം മറഞ്ഞുപോകുന്നു. ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുകയോ, ലഭിച്ചതു സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ, നേടിയതു കൈമോശം വരുകയോ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ദുഃഖം ഇതത്രെ. തടാകത്തിലെ വെള്ളം ഇളകിക്കൊണ്ടിരിക്കുമ്പോള്‍ അടിത്തട്ടുകാണാന്‍ കഴിയാതെ പോകുന്നതുപോലെയാണിത്. ആഗ്രഹിച്ചതു ലഭിക്കുമ്പോള്‍ മനസ്സിലെ ചിന്താപരമ്പരകള്‍ പെട്ടെന്നു നിലച്ചുപോകുന്നു. ഇങ്ങനെ അന്തഃകരണം തെളിയുമ്പോള്‍ ഉള്ളിലിരിക്കുന്ന ആത്മാനന്ദം തല്‍ക്ഷണം അനുഭവവേദ്യമാവുകയും ചെയ്യുന്നു. തടാകതത്തിലെ ജലം നിശ്ചലവും സ്വച്ഛവുമാകുമ്പോള്‍ അടിത്തട്ടുതെളിഞ്ഞുകാണുന്നതുപോലെ. പക്ഷേ ഈ വസ്തുത അധികമാരും അറിയുന്നില്ല. പകരം തന്റെ ഉള്ളിലിരിക്കുന്ന ആനന്ദത്തെ അജ്ഞാനവശാല്‍ അഭീഷ്ടവസ്തുവിലാരോപിച്ച് മനുഷ്യന്‍ മോഹിക്കുന്നു. ഇതാണു മാനവരാശിക്കു പറ്റിപ്പോയിരിക്കുന്ന അബദ്ധം. ഇതു തിരുത്തുന്നതോടെ ദുഃഖങ്ങളും കലാപങ്ങളും കാലഷ്യങ്ങളും അസ്തമിക്കുന്നു. ഓരോ മനുഷ്യനിലും നടക്കേണ്ടതാണ് ഈ പ്രക്രിയ വേദാന്തം ലക്ഷ്യമാക്കുന്നതും അതുതന്നെ.
മോക്ഷതത്ത്വം
മോക്ഷമെന് വാക്കുകൊണ്ട് വേദാന്തം അര്‍ത്ഥമാക്കുന്നത് മേല്‍പറഞ്ഞ ആനന്ദത്തിന്റെ ലബ്ദ്ധിയാണ്. മരണാനന്തരം നേടാനുള്ള ഏതോ ബിരുദമാണ് മോക്ഷമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതു ശരിയല്ല. ജീവിച്ചിരിക്കുമ്പോഴേ നേടാനുള്ള അനുഭവസത്യമാണു മോക്ഷം. മോചനമെന്നാണ് മോക്ഷമെന്ന വാക്കിന്റെ വാച്യാര്‍ത്ഥം. ദുഃഖങ്ങളില്‍നിന്നും ദൗര്‍ബല്യങ്ങളില്‍നിന്നും, പരിമിതികളില്‍നിന്നും ഭയങ്ങളില്‍നിന്നുമുള്ള മോചനമാണ് മോക്ഷം. അതിന്റെ ഫലമായി അഖണ്ഡമായ ആനന്ദം. സമസ്ത ജീവരാശിയും ആഗ്രഹിക്കുന്നത് ഇതാണെന്നിരിക്കെ ജീവിച്ചിരിക്കുമ്പോഴേ നേടാനുള്ളതാണ് മോക്ഷമെന്ന കാര്യത്തില്‍ സംശയം വേണ്ട. മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യമായി മോക്ഷത്തെ കല്പിച്ചതും അതുകൊണ്ടുണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ മോക്ഷം ഇപ്പോഴേ ഉള്ളതാണ്. എന്തെന്നാല്‍ ആത്മാവു നിത്യമുക്തമാണ്. അജ്ഞാനംമൂലം ആ വസ്തുത നമ്മില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. മറനീക്കി സത്യത്തെ സൂര്യനുതുല്യം പ്രകാശിപ്പിക്കുന്ന കര്‍മ്മമാണ് വേദാന്തം ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post