വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലര്‍ത്തേണ്ട ഏഴ് സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് രാഷ്ട്രീയത്തിലെ ധാര്‍മ്മികത. രാഷ്ട്രീയത്തെ രാഷ്ട്ര സേവനത്തിനുള്ള ഉപാധിയായി കരുതി ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയിരുന്നു ഒരു കാലഘട്ടത്തിന്റെ സ്വഭാവൈശിഷ്ട്യമായിരുന്നു ധാര്‍മ്മികത. എന്നാല്‍ ഇന്ന് വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനും മാത്രമായി തരംതാണുപോയി മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം. അങ്ങനെ ധാര്‍മ്മികത എന്ന സ്വഭാവഗുണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അന്യമാവുകയായിരുന്നു അതിന്റെ പരിണിത ഫലമാണ് ഇന്നു കാണുന്ന എല്ലാ മൂല്യച്യുതികളുടെയും അടിസ്ഥാന കാരണം.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നണി മാറുകയോ മറുകണ്ടം ചാടുകയോ ഒക്കെ ചെയ്യുന്നതിന് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളുണ്ടാകണം. മറിച്ച് നിലനില്‍പ്പിനുവേണ്ടി മാത്രമുള്ള കസര്‍ത്തായി അധപതിക്കുന്ന കാഴ്ചയാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കാണുന്നത്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ആര്‍.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോള്‍ യു.ഡി.എഫിന്റെ ചിറകിനടിയില്‍ അഭയംതേടിയിരിക്കുന്ന കാഴ്ച. കൊല്ലം ലോകസഭാ സീറ്റിന്റെ പേരിലാണ് മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് അവര്‍ ഐക്യമുന്നണിയുടെ ഭാഗമായത്. അതേസമയം ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായി ആര്‍.എസ്.പി നില്ക്കുകയും ചെയ്യുന്നു. അവിടെ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും ബി.ജെ.പിയെയുമാണ് അവര്‍ എതിര്‍ക്കുന്നത്. ഈ വൈരുദ്ധ്യം അന്തസില്ലാത്ത രാഷ്ട്രീയ അഭ്യാസമാണ്.
ബംഗാളിലും ഇതിനു സമാനമായ നിലപാടാണ് ആര്‍.എസ്.പി സ്വീകരിച്ചിരിക്കുന്നത്. അവിടെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനോടൊപ്പമാണ് ലോകസഭാ തെരഞ്ഞെടുപ്പിനെ ആര്‍.എസ്.പി നേരിടാന്‍ പോകുന്നത്. ഇടതുപക്ഷത്തോടൊപ്പം നിന്നാല്‍ ഇനി തങ്ങളുടെ പാര്‍ട്ടി ബംഗാളില്‍നിന്ന് എന്നെന്നേക്കുമായി തുടച്ചെറിയപ്പെടും എന്ന തിരിച്ചറിവാണ് ഇതിന് ആര്‍.എസ്.പിയുടെ ബംഗാള്‍ ഘടകത്തെ പ്രേരിപ്പിച്ചത്. ഈ രണ്ടു സംസ്ഥാനങ്ങളിലല്ലാതെ ആര്‍.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതത്തില്‍ മറ്റെങ്ങുമില്ല. ആ നിലയില്‍ പാര്‍ട്ടിയുടെ കേന്ദ്ര ഘടകം ഇടതുപക്ഷത്തോടൊപ്പം ദേശീയതലത്തില്‍ നില്‍ക്കും എന്നു പറയുന്നതിന് എന്താണ് അര്‍ത്ഥം?
പാര്‍ലമെന്റില്‍ ഒരുകാലത്ത് തൃദീപ് ചൗധരി, എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരുടെയൊക്കെ ശബ്ദം മുഴങ്ങുമ്പോള്‍ സഭ ഒന്നാകെ കാതുകൂര്‍പ്പിച്ചിരുന്നു. അത്തരം നേതാക്കള്‍ നേതൃത്വം നല്‍കിയ ഒരു പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ആ പാര്‍ട്ടി തന്നെയാണ്. ചെറുപാര്‍ട്ടികളെയൊക്കെ വിഴുങ്ങി വളരുന്ന സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ തണലില്‍ നിന്നതോടെയാണ് ചെറിയ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ ഈ അവസ്ഥ സംജാതമായത്. മാത്രമല്ല ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സി.പി.ഐ, മുന്നണിയിലെ ചെറിയ പാര്‍ട്ടികളോടുള്ള സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരെ ചെറുവിരല്‍പോലും അനക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല മൗനംകൊണ്ട് അവര്‍ എല്ലാത്തിനും കൂട്ടുനില്‍ക്കുകയുമായിരുന്നു. ഇനി അടുത്ത ഊഴം സി.പി.ഐയുടെതാണ്.
സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാവുകയും സ്റ്റാലിനിസം അപ്രത്യക്ഷമാവുകയും ചെയ്തിട്ടും സി.പി.എം ഇന്നു പിന്തുടരുന്ന ഭാരതത്തിന്റെ ചിന്താഗതിക്കു വിരുദ്ധമായ നിലപാടുകളാണ് മറ്റ് ഇടതുപക്ഷ പാര്‍ട്ടികളെ ഞെക്കിക്കൊല്ലുന്നതിന് കാരണമായിത്തീരുന്നത്. ഒടുവില്‍ സി.പി.എം എന്ന കക്ഷിയുടെയും കഥയും ഇതുതന്നെയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. കേവലം രണ്ടു സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്ന സി.പി.എമ്മെന്ന ‘അഖിലേന്ത്യാ പാര്‍ട്ടി’യുടെ സ്ഥിതി ഈ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ബോധ്യമാകും. ബംഗാളില്‍ ഇന്ന് പല സ്ഥലങ്ങളിലും സി.പി.എമ്മിന് ബൂത്തില്‍ ഇരിക്കാന്‍പോലും ആളെക്കിട്ടാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. നേരത്തെ സി.പി.എം എങ്ങനെയാണോ പ്രവര്‍ത്തിച്ചത് അതേനിലയില്‍ തന്നെ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. തങ്ങള്‍ ചെയ്ത ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിനു കിട്ടിയ തിരിച്ചടിയാണിതെല്ലാം. മൂന്നരപ്പതിറ്റാണ്ടിലധികം ബംഗാള്‍ അടക്കിഭരിച്ചിട്ടും ആ സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നും ചെയ്തില്ല എന്നതിനു തെളിവാണ് കേരളത്തിലേക്ക് തൊഴില്‍തേടിയെത്തുന്ന ലക്ഷക്കണക്കിനു ബംഗാളികള്‍.
ധാര്‍മ്മികമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടാനാകൂ. ജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സായി ധര്‍മ്മവും നീതിയും വര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രം അതിന്റെ പരമവൈഭവത്തിലേക്കുയരുന്നത്. ആ വൈശിഷ്ട്യം ഏത് രാഷ്ട്രീയ പ്രസ്ഥാനം പ്രകടമാക്കുന്നുവോ അവരായിരിക്കും ഭാവി ഭാരതത്തിന്റെ സ്രഷ്ടാക്കള്‍.
Discussion about this post