ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ദ്വേഷരാഹിത്യം
ആത്മാവുതന്നെയാണു ഞാനെന്ന അറിവ് ജനനമരണങ്ങള്‍ക്കതീതമായ ആനന്ദാവസ്ഥയിലേക്ക് സാധകനെ ഉയര്‍ത്തുന്നു. ഇങ്ങനെ സിദ്ധനായിത്തീര്‍ന്ന മഹാത്മാവ് ഈ പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും വിലയം പ്രാപിക്കുന്നതും തന്നിലാണെന്ന സത്യം അനുഭവിച്ചറിയുന്നു. താനാകുന്ന ആത്മാവില്‍നിന്ന് വേറിട്ട് യാതൊന്നും തന്നെ ഈ ലോകത്തില്ലെന്നും എല്ലാം താന്‍തന്നെയാണെന്നും അറിയുന്ന മനുഷ്യന്‍ ഒന്നിനെയും വെറുക്കാനിടവരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാനെന്നും എന്റേതെന്നുമുള്ള സങ്കുചിതവികാരങ്ങള്‍ പൂര്‍ണ്ണമായി തിരോഭവിക്കുന്ന അവസ്ഥാവിഷേഷമാണത്.
യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വഭൂതേഷുചാത്മാനം
തതോനവിജൂഗുപ്ലതേ.
ഏതൊരു സത്യദര്‍ശനത്തിലാണോ സമസ്ത ചരാചരങ്ങളെയും തന്നില്‍ (ആത്മാവില്‍) തന്നെ കാണുന്നത്. സമസ്ത ചരാചരങ്ങളിലും തന്നെയും കാണുന്നത് ആ ദര്‍ശനത്തിനുടമ പിന്നെ ആരെയും ഒന്നിനെയും വെറുക്കാനിടവരുന്നില്ല എന്ന് ഈ അവസ്ഥയെ ഈശാവാസ്യോപനിഷത്ത് ഭംഗിയായി വെളിവാക്കിയിട്ടുണ്ട്. പ്രത്യക്ഷജ്ഞാനസിദ്ധിക്കുമുമ്പുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ സാധകനില്‍ പ്രകടമായി കഴിഞ്ഞിരിക്കും.
ലോകത്തിനായുള്ള സന്ദേശം
ഇതിനുവിപരീതമായി ഞാനെന്നും എന്റേതെന്നുമുള്ള ഭാവം വച്ചുപുലര്‍ത്തുന്നവരാണ് സാധാരണ മനുഷ്യര്‍. തന്മൂലം സ്വന്തം മനസ്സിനിണങ്ങുന്നവയെ പ്രേമിക്കുകയും അല്ലാതുള്ളവയെ വെറുക്കുകയും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാകുന്നു. കാമക്രോധാദികള്‍ക്കു അടിപ്പെട്ട് ക്രൂരകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഇങ്ങനെയാണ്. അതു ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കളമൊരുക്കുന്നു. ലക്ഷ്മണന്റെ ക്രോധവും ഈവിധമുള്ളതാണ്. ജ്യേഷ്ഠനോടുള്ള സ്‌നേഹാതിരേകംമൂലം പ്രശ്‌നത്തിന്റെ പൂര്‍ണ്ണരൂപം മനസ്സിലാക്കാന്‍ ലക്ഷ്മണന്‍ തയ്യാറായില്ല. എങ്കിലും നിസ്വാര്‍ത്ഥമായതുകൊണ്ട് ലക്ഷ്മണക്രോധം ശുദ്ധമാണ് എന്നൊരു സവിശേഷതയുണ്ട്. സ്വാര്‍ത്ഥമതികളുടെ മലീമസമായ കോപമല്ലത്. ക്രോധാദികളില്‍നിന്നു മാനവരാശിയെ മോചിപ്പിക്കാന്‍ സമര്‍ത്ഥമായ വേദാന്തം പ്രസക്തമായിത്തീരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. യാഥാര്‍ത്ഥ്യമാലോചിച്ചാല്‍ ലക്ഷ്മണനെ ഉപാധിയാക്കിക്കൊണ്ടു ജീവരാശിക്കാകമാനം ശ്രീരാമചന്ദ്രന്‍ നല്‍കുന്ന അനുഗ്രഹമാണ് ലക്മണോപദേശം.












