മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിലെ നാലുജില്ലകളിലെ മുപ്പത്തിയഞ്ചുലക്ഷം ജനങ്ങളുടെ ജീവന് ഒരു വിലയും നല്‍കാത്തതാണ് ഈ വിധിയെന്ന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാണ്. കേരളത്തിന്റെ താല്‍പര്യങ്ങളെല്ലാം ഹനിക്കുന്നതും തമിഴ്‌നാടിന് അനുകൂലവുമാണ് വിധി.
നൂറ്റിപ്പത്തൊന്‍പത് വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഒരു ചെറു ഭൂചലനത്തെപ്പോലും അതിജീവക്കില്ലെന്നുവ്യക്തമാണ്. ഇത്തരത്തിലൊരു ഡാം ലോകത്തിലെങ്ങുമില്ല. എഞ്ചിനീയറിംഗ് സാങ്കേതിജ്ഞാനം പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ ചുണ്ണാമ്പുകല്ലുകൊണ്ടു നിര്‍മ്മിച്ച ഈ ഡാമിനെസംബന്ധിച്ച് ആധികാരികമായി ഒരു രേഖയും ലഭ്യമല്ല. ഡാമിന്റെ അടിസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും അഞ്ജാതമാണ്. ഡാം നിര്‍മ്മിച്ച ശേഷം നൂറടിക്കുതാഴെ വെള്ളം ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആ ഭാഗത്തെ സ്ഥിതി എന്തെന്നും അറിയില്ല.
തമിഴ്‌നാടിനെ സംബന്ധിച്ച് വെള്ളമാണ് ജീവല്‍പ്രധാനമായ വിഷയമെങ്കില്‍ മുപ്പത്തിയഞ്ചുലക്ഷം ജനങ്ങളുടെ സുരക്ഷയാണ് കേരളത്തെ സംബന്ധിച്ച് അതീവ പ്രാധാന്യം അര്‍ഹിക്കുന്നത്. കേരളം സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുമ്പോള്‍തന്നെ തമിഴ്‌നാടിന് വെള്ളം നല്‍കുക എന്ന വിഷയത്തില്‍നിന്നു സംസ്ഥാനം പിന്നോട്ടുപോകുന്നില്ല എന്നുമാത്രമല്ല ഇതുസംബന്ധിച്ച് പുതിയ കരാറിനും തയ്യാറായിരുന്നു. എന്നാല്‍ വെളളം എന്ന ഒറ്റവിഷയത്തില്‍ ഊന്നിക്കൊണ്ടു കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ട സുരക്ഷനല്‍കുന്ന കാര്യത്തില്‍ തികച്ചും പ്രതിഷേധാര്‍ഹമായ നിലപാടാണ് തമിഴ്‌നാട് കൈക്കൊണ്ടത്.
നിയമം നിയമത്തിനുവേണ്ടിയാകരുത്. അതിനു മനുഷ്യമുഖമുണ്ടായിരിക്കണം. എന്നാല്‍ ഒറ്റനോട്ടത്തില്‍നിന്നു മനസ്സിലാകുന്നത് സുപ്രീംകോടതിവിധി കേരളത്തോടു പ്രതികാരമനോഭാവത്തോടുകൂടിയുള്ള ഒന്നെന്നാണ്. 136അടി വെള്ളംപോലും ഡാമിനു താങ്ങാന്‍ കഴിയില്ലാ എന്നാണ് സാങ്കേതിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനാണ് സുപ്രീംകോടതിവിധിച്ചിരിക്കുന്നത്. പുതിയ ഡാം നിര്‍മ്മിക്കുക കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഡാം സുരക്ഷാനിയമം റദ്ദാക്കുകയും ചെയ്തു. സുരക്ഷ വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു എന്നതാണ് കേരളത്തിന്റെ മുമ്പിലുള്ള ഏക കച്ചിത്തുരുമ്പ്.
സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ ഡാം സുരക്ഷാനിയമം പാസാക്കിയത് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതല സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനാണ്. ആ നിലയില്‍ 35ലക്ഷം ജനങ്ങളുടെ ജീവനെബാധിക്കുന്ന ഒരു വിഷയത്തിലാണ് സംസ്ഥാന നിയമസഭ ഡാം സുരക്ഷ നിയമം പാസാക്കിയത്. ഏകകണ്ഠമായിരുന്നു ആ തീരുമാനം. എന്നാല്‍ ഈ പ്രശ്‌നത്തില്‍ വികാരപരമായ ഒരു നിലപാട് സുപ്രീംകോടതി സ്വീകരിച്ചു എന്നു സംശയിക്കാനും വഴിയുണ്ട്.
തമിഴ്‌നാടിന് വെള്ളം കൊടുക്കുന്ന വിഷയത്തില്‍മാത്രമാണ് സുപ്രീംകോടതി പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതേ സമയം 35ലക്ഷം ജനങ്ങളുടെ ജീവനെബാധിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് സ്വീകരിച്ച സമീപനം നീതിരഹിതമാണ് എന്ന് പറയാതെ വയ്യ. ഇത് കേരളത്തിന് താങ്ങാനാകാത്ത ആഘാതമാണെന്നുള്ള കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്റെ വാക്കുകള്‍ അര്‍ത്ഥവത്താണ്.
പുതിയ ഡാം പണിയേണ്ടതിന്റെ ആവശ്യകത 1979ല്‍ തന്നെ സെന്‍ട്രല്‍ വാട്ടര്‍കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് റൂര്‍കി, ഡല്‍ഹി, ഐ.ഐ.ടികളുടെ പഠനത്തില്‍ ഡാം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇക്കാര്യങ്ങളൊക്കെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പരിഗണിച്ചില്ലെന്നുവേണം വിധിയില്‍നിന്നു മനസ്സിലാക്കാന്‍.
മുല്ലപ്പെരിയാര്‍പോലൊരു ഡാം ഇപ്പോള്‍ ലോകത്തൊരിടത്തും നിലനില്‍ക്കുന്നില്ല. മാത്രമല്ല ആധുനിക സാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച പല ഡാമുകളും തകര്‍ന്നിട്ടുമുണ്ട്. അന്താരാഷ്ട്രാതലത്തില്‍ അറിയപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ദ്ധനും ഈ ഡാം സുരക്ഷിതമാണെന്ന് പറയില്ല. എന്നാല്‍ തമിഴ്‌നാട് ആദ്യംമുതല്‍തന്നെ ആളും അര്‍ത്ഥവും സ്വാധീനവും ഉപയോഗിച്ചുകൊണ്ട് ഡാമിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതികളേയും മറ്റും സ്വാധീനിക്കുകയും റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കുകയും ചെയ്തുവെന്നത് പരസ്യമായ രഹസ്യമാണ്. വര്‍ഷങ്ങളായി അവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച അധാര്‍മ്മികമായ പ്രവര്‍ത്തനത്തിന്റെ അന്തിമഫലമാണ് സുപ്രീംകോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം കേരളം ഈ വിഷയത്തില്‍ ആദ്യംമുതല്‍തന്നെ ശുഷ്‌കാന്തിയോടെ നീങ്ങാത്തതിന്റെ തിരിച്ചടികൂടിയാണ് ഇപ്പോഴത്തെ വിധി.
പ്രകൃതി ദുരന്തങ്ങളെ ഒരു നിയമത്തിനും തടയാനാവില്ല. മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടായാല്‍ അതിന്റെ പ്രഹരം ഇടുക്കി ഡാമിനേയും ബാധിക്കും. പ്രളയത്തില്‍മുങ്ങി കേരളത്തിന്റെ നാലുജില്ലകളും ജനങ്ങളും വസ്തുവകകളുമൊക്കെ അറബിക്കടലിലേക്കു ഒഴുകിപ്പോകും. ഇടുക്കി തകര്‍ന്നാല്‍ കേരളം ഇരുട്ടിലാകും. ഈ അവസ്ഥയൊന്നും മുഖവിലക്കെടുക്കാതെ ഉണ്ടായ വിധി കേരളത്തിന്റെ മരണമണിമുഴക്കമായാണ് കാണേണ്ടത്. വിധി അഞ്ചംഗഭരണഘടനാബഞ്ചിന്റേതായതിനാല്‍ നമുക്കുമുന്നില്‍ ഇനി ഏറെ വഴികളില്ല. എന്നാലും 35ലക്ഷം ജനങ്ങളുടെ ജീവനെക്കാള്‍ വലുതായി ഒന്നുമില്ലാത്തതിനാല്‍ ഏതുവഴിയും കേരളത്തിന് സ്വീകരിക്കേണ്ടിവരും.
Discussion about this post