ഭണ്ഡാസുരവധം
ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ദേവര്‍ഷിഗണസംഘാത – സ്തൂയമാനത്മവൈഭവാ
ഭണ്ഡാസുരവധോദ്യുക്ത – ശക്തിസേനാസമന്വിതാ
ബ്രഹ്മാവ്, വിഷ്ണു മുതലായ ദേവകള്‍, വസിഷ്ഠാദികളായ മഹര്‍ഷിമാര്‍, ആദിത്യന്‍മാരും വസുക്കളും രുദ്രന്‍മാരും മറ്റുമുള്‍പ്പെട്ട ഗണദേവതകള്‍ ഇവരുടെ സംഘങ്ങളാല്‍ സ്തുതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം മാഹാത്മ്യമാര്‍ന്നവളാണു ദേവി. ഭണ്ഡന്‍ എന്ന അസുരനെ നിഗ്രഹിക്കാന്‍ തയറായ ശക്തികള്‍ ഒത്തുചേര്‍ന്ന സൈന്യത്തോടുകൂടിയവളാണ് അമ്മ.
കാമദഹനത്തിനുശേഷം ആ ചാമ്പലില്‍നിന്ന് ചിത്രസേനന്‍ എന്ന ഗണനായകന്‍ രൂപപ്പെടുത്തി ശ്രീപരമേശ്വരന്‍തന്നെ നല്‍കിയ വരങ്ങള്‍ മൂലം അജയ്യനായ ഒരസുരനാണ് ഭണ്ഡന്‍. ഭണ്ഡാസുരനാശം പ്രാര്‍ത്ഥിച്ച് ദേവകള്‍ സ്വന്തം ശരീരഭാഗങ്ങള്‍ ഹോമിച്ച അഗ്നികുണ്ഡത്തില്‍നിന്നുല്‍ഭവിച്ച ശ്രീ ലളിതാപരമേശവീദേവി ഭണ്ഡനിഗ്രഹത്തിനായി സ്വീകരിച്ച വിവിധരൂപങ്ങള്‍ തന്നെയേ്രത ദേവിയുടെ സൈന്യത്തിലെ ശക്തികള്‍.
സമ്പത്കരീ സമാരൂഢ – സിന്ധൂരവ്രജസേവിതാ
അശ്വാരൂഢാധിഷ്ഠിതാശ്വ – കോടികോടിഭിരാവൃതാ
സമ്പല്‍ക്കരീദേവി മുകളില്‍ വേണ്ടതിന്‍വണ്ണം ഇരിപ്പുറപ്പിച്ച (സമാരൂഢ) ആനക്കൂട്ടങ്ങള്‍ (സിന്ധൂരവ്രജം) ചുറ്റുപാടും നിന്നു സേവിക്കുന്നവളാണു ലളിതാദേവി. ക്രോധരൂപത്തിലുള്ള ദേവിയുടെ അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പല്‍ക്കരീദേവിയുടെ ഉല്‍പത്തി. സമ്പത്തും വിഷയസുഖങ്ങളും കൈവരാനും അവയോടുണ്ടാകാവുന്ന ആസക്തി നശിക്കാനും ഈ ദേവിയുടെ അനുഗ്രഹം മതി. ലളിതാദേവിയുടെ ആനപ്പടയിലെ ഓരോ ആനയുടെയും പുറത്ത് സമ്പല്‍കരീദേവി ദൃശ്യയായത്രേ. അശ്വാരൂഢ എന്ന ദേവി മുകളിലിരുന്നു നിയന്ത്രിക്കുന്ന കോടിക്കണക്കിനു കുതിരകള്‍ ലളിതാദേവിയെ ചുറ്റുപാടും നിന്നു സേവിക്കുന്നു. രാഗരൂപത്തിലുള്ള ദേവിയുടെ പാശം എന്ന ആയുധത്തില്‍നിന്നാണ് അശ്വാരൂഢാദേവി അവതരിച്ചത്.
Discussion about this post