കറാച്ചി: ഞായറാഴ്ച ഭീകരാക്രമണമുണ്ടായ ജിന്ന വിമാനത്താവളത്തിനു സമീപം വീണ്ടും താലിബാന്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ പ്രധാന ഗേറ്റിനു സമീപം ബിടായി അബാദിലെ എഎസ്എഫ് ക്യാമ്പിനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു വാഹനത്തിലെത്തിയ ആയുധധാരികള്‍ ചെക്ക്‌പോസ്റ്റിനു നേരേ തുരുതുരെ വെടിയുതിര്‍ക്കയായിരുന്നു. വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമം പാക്‌സൈന്യം പരാജയപ്പെടുത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പാക്കിസ്ഥാനിലെ താലിബാന്‍ വക്താവ് ഷാഹിദുള്ള ഷാഹിദ് അറിയിച്ചു. ഓപ്പറേഷന്‍ വിജയമായിരുന്നുവെന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഷാഹിദ് മുന്നറിയിപ്പു നല്കി.
എന്നാല്‍, എഎസ്എഫ് ക്യാമ്പിലുണ്ടായിരുന്ന വനിതാ ഓഫീസര്‍മാര്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായതെന്നും മോട്ടോര്‍സൈക്കിളിലെത്തിയ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നും എഎസ്എഫ് വക്താവ് കേണല്‍ താഹിര്‍ അലി പറഞ്ഞു. തുടര്‍ന്നു നടന്ന വെടിവയ്പില്‍ ഭീകരര്‍ പെഹല്‍വാന്‍ ഗോത്തിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കായി സൈനികര്‍ ഹെലികോപ്റ്ററില്‍ തെരച്ചില്‍ നടത്തുന്നു. ചെക്ക്‌പോസ്റ്റിലേക്കു നിറയൊഴിച്ചിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താഹിര്‍ അലി പറഞ്ഞു.
ഞായറാഴ്ച രാത്രി സുരക്ഷാസൈനികരുടെ വേഷത്തിലെത്തിയ താലിബാന്‍ ഭീകരരും സൈനികരും തമ്മില്‍ നടന്ന 13 മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ പത്തു ഭീകരെ പിന്നീടു സൈന്യം കൊലപ്പെടുത്തി.
നവംബറില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പ്രഖ്യാപിച്ച് താലിബാന്‍ വിമാനത്താവള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പാക് ഗോത്രമേഖലയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനു പകരം ചോദിക്കുമെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അന്നു വക്താവ് വ്യക്തമാക്കിയിരുന്നു. വിമാനം റാഞ്ചാനും പ്രമുഖ സ്ഥാപനങ്ങള്‍ തകര്‍ക്കാനും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടടുത്താണ് പത്തു തോക്കുധാരികള്‍ സൈനിക യൂണിഫോമില്‍ വിമാനത്താവളത്തിലെത്തിയത്.
ഓട്ടോമാറ്റിക് തോക്കുകളും റോക്കറ്റുകളും ഉണങ്ങിയ പഴങ്ങളുമായാണ് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വിമാനത്താവളത്തില്‍ പ്രവേശിച്ചത്. ഒരു യാത്രാവിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 11 എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്കാരും രണ്ട് റേഞ്ചേഴ്‌സും നാല് പിഎല്‍എ ഉദ്യോഗസ്ഥരും മുഴുവന്‍ ഭീകരരും ഉള്‍പ്പെടെ 29 പേര്‍കൊല്ലപ്പെടുകയും 26 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതേസമയം വിമാനത്താവളത്തിലെ കോള്‍ഡ് സ്റ്റോറേജില്‍നിന്നു കത്തിക്കരിഞ്ഞ ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം താലിബാന്‍ നടത്തിയ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനായി കോള്‍ഡ് സ്റ്റോറേജ് മുറിയില്‍ കടന്ന എയര്‍പോര്‍ട്ട് ജീവനക്കാരുടെ മൃതദേഹങ്ങളാണിവയെന്നു തിരിച്ചറിഞ്ഞു.













Discussion about this post