ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍
ഗുരുകുല വിദ്യാഭ്യാസം (സത്യാനന്ദസുധാവ്യാഖ്യാനം)
ഭാരതത്തില്‍ നിലവിലിരുന്ന പ്രാചീനമായ വിദ്യാഭ്യാസരീതി ഗുരുകുലസമ്പ്രദായമാണ്. യൂറോപ്പിനെ അനുകരിച്ച് പരിഷ്‌കാരത്തിന്റെ മറവില്‍ വിദ്യാഭ്യാസത്തെ കച്ചവടമാക്കി അധഃപതിപ്പിച്ച ആധുനികയുഗം ഭാരതത്തിന്റെ മഹിതമായ വിദ്യാഭ്യാസപാരമ്പര്യത്തെ കൈവെടിഞ്ഞു. ഒരിക്കലും ദഹിക്കാത്ത കുറേ ആശയങ്ങള്‍ അലസമായി തലയില്‍ കുത്തിതിരുകുന്നതിനാണ് ഇന്നു വിദ്യാഭ്യാസമെന്നു പേരിട്ടിരിക്കുന്നത്. ജീവിതത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കെല്പില്ലാത്ത, ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരുപറ്റം ദുര്‍ബലന്മാരെ സൃഷ്ടിക്കാനേ ഇന്നത്തെ സമ്പ്രദായം പ്രയോജനപ്പെടുന്നുള്ളൂ. ഇതിനു വിപരീതമായി കരുത്തുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്ന പദ്ധതിയാണ് ഗുരുകുലസമ്പ്രദായം.
ഓരോ മനുഷ്യന്റെയും ഉള്ളിലിരിക്കുന്ന ശക്തിയെ സമൂഹത്തിനുപയോഗപ്പെടുംവിധം വികസിപ്പിക്കാനുള്ള മാര്‍ഗ്ഗമാണിത്. ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്നു വളരെയകന്ന് കാടുകള്‍ക്കുള്ളിലെ സ്വച്ഛമായ അന്തരീക്ഷത്തിലെ വളര്‍ന്ന ആശ്രമങ്ങളായിരുന്നു അന്നത്തെ സര്‍വകലാശാലകള്‍. സാന്ദീപിനീ, കണ്വന്‍, വസിഷ്ഠന്‍ മുതലായ ഋഷീശ്വരന്മാരായിരുന്നു പ്രഖ്യാതരായ കുലപതികള്‍. പതിനായിരം വിദ്യാര്‍ത്ഥികള്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും സൗജന്യമായി നല്‍കി പഠിപ്പിക്കുന്ന ആചാര്യനാണു കുലപതി. അദ്ധ്യാപനത്തില്‍ കുലപതിയെ സഹായിക്കാന്‍ അനേകം ഋഷിമാരും കൂടെയുണ്ടാകും. വിദ്യാര്‍ത്ഥികളില്‍നിന്നു ഫീസും ഡൊണേഷനും ഈടാക്കാത്ത ഗുരുകുലസമ്പ്രദായം വിദ്യാഭ്യാസത്തെ ഈശ്വരപൂജയായി കണ്ടു.
അഞ്ചുവയസ്സിനും ഏഴുവയസ്സിനുമിടയ്ക്ക് മാതാപിതാക്കള്‍ സന്താനങ്ങളെ ഗുരുവിനു സമീപമെത്തിക്കുന്നു. അദ്ദേഹം അവരെ വിദ്യയിലേക്കു നയിക്കുന്നു. ഇതാണു ഉപനയനം. (സമീപത്തേക്കു കൊണ്ടുപോകല്‍). യജ്ഞോപവീതധാരണാദികള്‍ ഇതിന്റെ ഭാഗമാണ്. വിദ്യാഭ്യാസം പൂര്‍ത്തിയായി സമാവര്‍ത്തനം നടക്കുവരെ ഗുരുകുലത്തിലെ ജോലികളെല്ലാംചെയ്തു ഗുരുവിനോടൊപ്പം താമസിച്ചു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഒരു വിളക്കില്‍നിന്നു തീജ്ജ്വാല വേറൊന്നിലേക്കു പകരും പോലെ വേദങ്ങളും ഉപവേദങ്ങളും ശാസ്ത്രങ്ങളും വേദാംഗങ്ങളും ഗുരുവില്‍നിന്നു നേരിട്ടു അഭ്യസിക്കുന്ന പ്രക്രിയയാണ് അവിടെ നടക്കുന്നത്. കുറേ ആശയങ്ങള്‍ മസ്തിഷ്‌കത്തില്‍ കുത്തിനിറയ്ക്കലല്ല. മറിച്ച് അവയെ പ്രായോഗികമായി പ്രവര്‍ത്തിപ്പിച്ചു പഠിക്കലാണ് ഇവിടെ ചെയ്യുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും വ്യാസനും വാല്മീകിയും അത്തരമൊരു സമ്പ്രദായത്തിന്റെ ഉത്പന്നങ്ങളാണ്.
ലക്ഷ്മണന്റെ തുടര്‍ന്നുള്ള ജീവിതം രാമനെന്ന ആചാര്യനോടൊപ്പമുള്ള ഗുരുകുലവാസമായിത്തീര്‍ന്നു. താന്‍ പറഞ്ഞതെല്ലാം പ്രവര്‍ത്തിച്ചുകാണിച്ച ആചാര്യനാണു രാമന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി എല്ലാം അഭ്യസിക്കാന്‍ സാധിച്ചതാണ് ലക്ഷ്മണന്റെ മഹാഭാഗ്യം. ഓരോ സന്ദര്‍ഭത്തിലും രാമന്‍ ലക്ഷ്മണനെ യഥായോഗ്യം പരിശീലിപ്പിക്കുന്നതു കാണാനാകും. ഒരു ഉദാഹരണം: സുഗ്രീവന്‍ വാനരന്മാരെയുംകൂട്ടി സീതാന്വേഷണത്തിനു യഥാസമയം എത്തിച്ചേരാത്തതില്‍ രാമന്‍ കോപിക്കുന്നതുകണ്ട് ശുണ്ഠിയെടുത്ത ലക്ഷ്മണന്‍ വില്ലുമായി വാനരാധിപനെ കൊല്ലാന്‍ പുറപ്പെട്ടു. ആ ഉദ്യമത്തില്‍നിന്നു ലക്ഷ്മണനെ പിന്തിരിപ്പിക്കുവാന്‍ രാമന്‍ ഇങ്ങനെ പറഞ്ഞു.
‘ഹന്തവ്യനല്ല സുഗ്രീവന്‍ മമ സഖി
കിന്തു ഭയപ്പെടുത്തീടുകെന്നേ വരൂ’
ഇത്തരം സന്ദര്‍ഭങ്ങള്‍ അനേകമുണ്ട്. ആരണ്യകാണ്ഡത്തിലെ ലക്ഷ്മണോപദേശവും കിഷ്‌കിന്ധാകാണ്ഡത്തിലെ ക്രിയാമാര്‍ഗ്ഗോപദേശവും അക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
Discussion about this post