ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
തടില്ലതാ സമരുചി ഷട്ചക്രോപരിസംസ്ഥിതാ
മഹാസക്തി കുണ്ഡലിനീ ബിസതന്തുതനീയസീ
മിന്നല്‍ക്കൊടിപോലെ പ്രകാശിക്കുന്നവളും ആറാധാരചക്രങ്ങള്‍ക്കും മുകളില്‍ സ്ഥാനമുള്ളവളുമാണ് ദേവി. (ചക്ര – ഉപരി) അതിയായ (മഹാ) ആസക്തിയോ ആരാധനയില്‍ (മഹം എന്നതില്‍) വളരെ സന്തോഷിക്കുന്നവളോ ആണ്. താമരനൂല്‍ (ബിസതന്തു) പോലെ നന്നേ നേര്‍ത്ത (തനീയസീ) കുണ്ഡലിനീശക്തി എന്ന ലളിതാംബിക.
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂര്‍ത്തിഃ ഭക്തസൗഭാഗ്യദായിനീ
ലളിതാംബിക ശ്രീപരമേശ്വരന്റെ (ഭവന്‍) പത്‌നിയാണ്. സങ്കല്‍പത്തിനുപോലും ചെന്നെത്താനാവാത്തവളോ ധ്യാനം(ഭാവന) മുഖേനമാത്രം പ്രാപിക്കാന്‍ കഴിക്കുന്നവളോ ആണ്, (ഭാവനാ – അഗമ്യാ, ഭാവനാ – ഗമ്യാ) ലൗകികബന്ധങ്ങള്‍ (ഭവം) എന്ന കൊടുംകാടിന് (അരണ്യം) കോടാലി (കുഠാരിക)യുമത്രേ. (ഭവ – അരണ്യ) മംഗളം ഇഷ്ടപ്പെടുന്നവളും മംഗളരൂപിണിയും ഭക്തര്‍ക്ക് സൗഭാഗ്യം നല്‍കുന്നവളുമാണ് ലളിതാദേവി. ഭദ്രം, മംഗളം, ക്ഷേത്രം, ഐശ്വര്യം, മേരു, ലക്ഷണമൊത്ത ആന; ഭദ്രന്‍ = ശിവന്‍, സൗഭാഗ്യം = ഭൗതികമോ ആധ്യാത്മികമോ ആയ നേട്ടം.
Discussion about this post