ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ഞാന്‍ ശരീരമല്ല (സത്യാനന്ദസുധാവ്യാഖ്യാനം)
ഞാന്‍ ഉണ്ട് എന്ന അനുഭവം സര്‍വജീവി സാധാരണമാണ്. രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെ അതു നാം നിരന്തരം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ കാണുന്നു, ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ പറയുന്നു. ഞാന്‍ ചെയ്യുന്നു എന്നിങ്ങനെ ജീവിതാനുഭവങ്ങളെല്ലാം ‘ഞാനു’മായി ബന്ധപ്പെടുത്തിയാണു ഏവരും ഉള്‍ക്കൊള്ളുന്നത്. ഈ പറഞ്ഞ ‘ഞാന്‍’ ഇല്ല എന്നു പ്രഖ്യാപിക്കാന്‍ ഒരു ഭൗതികവാദിക്കും സാധിച്ചിട്ടില്ല. ആ ‘ഞാന്‍’ ആര് എന്ന ചിന്തയാണ് വേദാന്തത്തിന്റെ അടിസ്ഥാനം. ‘ഞാന്‍’ എന്നത് ശരീരമാണെന്ന ധാരണ ദുഃഖത്തിനും ഭയത്തിനും കാരണമാകുമെന്നു വ്യക്തമാക്കിയല്ലൊ. ശരീരാത്മബുദ്ധി തെറ്റിദ്ധാരണയാണെന്നും പറഞ്ഞു. പിന്നെ എന്താണു ശരിയായ ധാരണ? പറയാം. ‘ഞാനെന്നതു ശരീരമോ മനസ്സോ ബുദ്ധിയോ അല്ല; മറിച്ച് അവയ്‌ക്കെല്ലാമുള്ളിലിരുന്നുകൊണ്ട് അവയെ പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യമാകുന്നു. അതാണ് ആത്മാവ്. ആത്മാവാകുന്ന എനിക്ക് ജനനമോ മരണമോ ഇല്ല. ആയുധങ്ങള്‍ക്കു മുറിവേല്പ്പിക്കാനാകാത്തതും തീക്ക് ദഹിപ്പിക്കാനാകാത്തതും വെള്ളത്തിനു നനയ്ക്കാനാകാത്തതും കാറ്റിനു ഉണക്കാനാകാത്തതും കാലദേശങ്ങളുടെ പരിമിതികളില്ലാത്തതും മാറ്റമില്ലാത്തതും സനാതനവുമായ ആത്മാവാണു ഞാനെന്നറിയുമ്പോള്‍ ദുഃഖവും ഭയവും കഷ്ടപ്പാടുകളും അസ്തമിക്കുന്നു. അഖണ്ഡമായ ആനന്ദം സിദ്ധിക്കുന്നു.
ലോകത്തെ അറിയാന്‍ അഞ്ചുപകരണങ്ങളാണ് നമ്മുടെ പക്കലുള്ളത്. ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നിവയാണവ. ജ്ഞാനേന്ദ്രിയങ്ങളെന്നു അവയെ വിളിക്കുന്നു. അവയിലൂടെ യഥാക്രമം ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവ അറിയാനാകുന്നു. ശബ്ദാദികള്‍ക്ക് പൊതുവില്‍ ആകാരമെന്നു പറയും. നമ്മുടെ ലോകത്തില്‍ ഇപ്പറഞ്ഞ അഞ്ചു ആകാരമേ ഉള്ളൂ. ആറാമതൊന്ന് ഇല്ല. ഈ ജ്ഞാനേന്ദ്രിയങ്ങളും വാക്ക് (വാഗിന്ദ്രിയം) പാണി (കയ്യ്) പദം (കാല്) പായൂ(ഗുദം) ഉപസ്തം (ജനനേന്ദ്രിയം) എന്നീ കര്‍മ്മേന്ദ്രിയങ്ങളും അവയുടെ ഇരിപ്പിടമായ ശരീരവുമാണ് ‘ഞാന്‍’ എന്നു ഭ്രിമിക്കുന്നവരാണ് മനുഷ്യരില്‍ ഏറിയ പങ്കും.
എന്നാല്‍ കുറേക്കൂടി ചിന്തിക്കുന്നവര്‍ ശരീരവും മനസ്സുമാണ് ‘ഞാനെ’ന്നു കരുതുന്നു. ശരീരത്തെ കാണാം, സ്പര്‍ശിച്ചറിയാം. തൂക്കിനോക്കാം, ഫോട്ടോ എടുക്കാം. പക്ഷേ മനസ്സിനെ കാണാനോ തൊട്ടുനോക്കാനോ ഒന്നും സാധ്യമല്ല. ജീവനുള്ള ശരീരത്തില്‍ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍പോലും മനസ്സിനെ കണ്ടിട്ടില്ല. എങ്കിലും ‘എനിക്കു മനസ്സുണ്ട്’ എന്നത് ഓരോ വ്യക്തിയുടെയും അനുഭവമാണ്. സന്തോഷം, ദേഷ്യം, ഭയം തുടങ്ങിയ വികാരങ്ങള്‍ ജനിക്കുന്നതു ശരീരത്തിലല്ല മനസ്സിലാണ്. അതിനെ കണ്ണുകൊണ്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്? മനസ്സ് എല്ലാപേരുടെയും അനുഭവത്തിലുണ്ടല്ലോ.
കുറെക്കൂടി ചിന്തിക്കുന്നവര്‍ ‘ഞാന്‍’ ശരീരവും മനസ്സും ബുദ്ധിയും ചേര്‍ന്നതാണെന്നു കരുതുന്നു. അന്തരംഗത്തിലെ വികാരം കൊള്ളുന്ന ഭാഗമാണ് മനസ്സ്. അപഗ്രഥനവും നിര്‍ണ്ണയവും നടത്തുന്ന ഭാഗം ബുദ്ധിയും സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറസ്തമിക്കുന്നതായി തോന്നുന്നതു ഭൂമി പടിഞ്ഞാറുനിന്നു കിഴക്കോട്ടു കറങ്ങുന്നതുകൊണ്ടാണെന്നു കണ്ടെത്തിയത് ബുദ്ധിയാണ്. അതു ചിന്തയുടെ മേഖലയത്രെ. മനുഷ്യന്‍ ചിന്താശീലനാകകൊണ്ട് ശരീരവും ബുദ്ധിയും ചേര്‍ന്നതാണു ‘ഞാന്‍’ എന്നു വിദ്യാഭ്യാസമുള്ളവര്‍ കരുതുന്നു. വേരുറച്ചുപോയ ഈ ധാരണയുടെ സത്യത പരിശോധിച്ചു നോക്കേണ്ടതുതന്നെയാണ്.
ഈലോകത്തെ കാണുകയും കേള്‍ക്കുകയും മണക്കുകയും, രുചിക്കുകയും തൊട്ടറിയുകയും ചെയ്യുന്നത് ഞാനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ ‘ഞാന്‍’ ശരിക്ക് ആരാണ് എന്ന കാര്യത്തിലേ സംശയമുള്ളൂ. കണ്ണു കാണുന്നു, കാതുകേള്‍ക്കുന്നു എന്നൊക്കെയാണല്ലോ നാം കരുതാറുള്ളത്. ആകട്ടെ, ഈ ലോകത്തെ കാണുന്ന ‘ഞാന്‍’ കണ്ണാണോ? കേള്‍ക്കുന്ന ‘ഞാന്‍’ ചെവിയാണോ? സമാധാനമായി ചിന്തിച്ചു നോക്കൂ. സ്വപ്നം കണ്ടിട്ടില്ലേ? സ്വപ്നം കണ്ടപ്പോള്‍ ഇത് ഇല്ലാത്തതാര്? സ്വപ്നം മാത്രമാണ് എന്നൊന്നും തോന്നിയില്ലല്ലൊ. സ്വപ്നത്തില്‍നിന്നു ഉണരുന്നതുവരെ അതു സത്യമാണെന്നാണല്ലൊ തോന്നിയത്. അതുകൊണ്ടാണല്ലോ സ്വപ്നംകണ്ടു സന്തോഷിക്കുകയും ഭയക്കുകയും ദുഃഖിക്കുകയുമൊക്കെ ചെയ്തത്. അതു കണ്ടതു ‘ഞാനാ’ ണെന്ന കാര്യത്തിലും സംശയമില്ലല്ലൊ. ആ ‘ഞാനാര്? കണ്ണാണോ? സ്വപ്നത്തിലെ ശബ്ദങ്ങള്‍ കേട്ടതു കാതാണോ? കണ്ണുതുറന്നല്ലല്ലൊ സ്വപ്നം കണ്ടത്. സ്വപ്നദൃശ്യത്തില്‍പ്പെട്ട ആനയും കടുവയും ദേവലോകവുമൊന്നും ആരും കണ്‍മുന്നില്‍ കൊണ്ടുവന്നു കാണിച്ചില്ലല്ലൊ. കണ്ണുകൊണ്ടാണു സ്വപ്നം കാണുന്നതെങ്കില്‍ കിടക്കുന്ന മുറിയിലെ മച്ചല്ലാതെ മറ്റെന്താണു സ്വപ്നം കാണാനാവുക? വളരെദൂരം ഓടുന്നതായി സ്വപ്നം കണ്ടിട്ടില്ലേ? ഓടിയ ഞാന്‍ ഈ കാലാണോ? പലതും ചെയ്യുന്നതായി സ്വപ്നം കണ്ടിട്ടില്ലേ? സ്വപ്നത്തിലെ പ്രവൃത്തികള്‍ ചെയ്തത് ഈ കയ്യാണോ? യാത്രചെയ്ത ഞാന്‍ ഈ ശരീരമായിരുന്നോ? സ്വപ്നത്തിലെ ഓട്ടവും ചാട്ടവുമെല്ലാം നടക്കുമ്പോഴും ഈ ശരീരം അനങ്ങാതെ കട്ടിലില്‍ കിടക്കുകയായിരുന്നല്ലോ. അപ്പോള്‍ സ്വപ്നം കണ്ടതു ഞാനാണ്. പക്ഷേ ആ ‘ഞാന്‍’ കണ്ണല്ല. സ്വപ്നത്തിലെ ശബ്ദങ്ങള്‍ കേട്ടതു ‘ഞാനാണ്’. പക്ഷേ ആ ‘ഞാന്‍’ കാതല്ല. ഇതേ കാരണംകൊണ്ടുതന്നെ ‘ഞാന്‍’ മൂക്കോ നാക്കോ ത്വക്കോ അല്ല. സ്വപ്നത്തില്‍ സംസാരിച്ചതും, പ്രവൃത്തികള്‍ ചെയ്തതും ഓടിയതും ചാടിയതുമെല്ലാം ഞാനാണ്. പക്ഷേ അത് എന്റെ കര്‍മ്മേന്ദ്രിയങ്ങളല്ല. അതിനാല്‍ ‘ഞാന്‍’ ജ്ഞാനേന്ദ്രിയങ്ങളോ കര്‍മ്മേന്ദ്രിയങ്ങളോ അവയിരിക്കുന്ന ശരീരമോ അല്ലെന്നു വ്യക്തം. ഞാന്‍ ശരീരമാണെന്ന വിചാരം അബദ്ധമാണെന്നു പറഞ്ഞത് അതുകൊണ്ടാണ്.
Discussion about this post