ചെങ്കല്‍ സുധാകരന്‍
രുക്മിണീസ്വയംവരം
രുക്മിണി ശ്രീകൃഷ്ണനെത്തന്നെ ധ്യാനിച്ചു കഴിയുകയായിരുന്നു. താനയച്ച ബ്രാഹ്മണന്‍ മടങ്ങിയെത്താത്തതില്‍ അവള്‍ ദുഃഖിച്ചു. ഉല്‍ക്കണ്ഠാകുലയായി. എങ്കിലും ഭഗവാനെതന്നെ മനസ്സിലുറപ്പിച്ചുകൊണ്ടു കഴിഞ്ഞു. ഭീതിയോടെ ചിന്തിച്ചു:- ‘കഷ്ടം, വിവാഹമുഹൂര്‍ത്തമടുക്കുന്നു. ഇനി ഒരുരാത്രികൂടിയേ ഉള്ളൂ. ശ്രീകൃഷ്ണഭഗവാനെത്തിയില്ല. ബ്രാഹ്മണനേയും കാണുന്നില്ല. എന്താകാം കാരണം? കൃഷ്ണന്‍ എന്നില്‍ വല്ല കുറവും കണ്ടുവോ? എന്റെ സന്ദേശം അവിവേകമായോ? ഈശ്വരന്‍ വിപരീതമോ? ദാനധര്‍മ്മാദികളുടെ ഫലം മറിച്ചായോ?’ ഇങ്ങനെ ചിന്താകുലയായിരിക്കുമ്പോള്‍ രുക്മിണിയുടെ വാമഭാഗം തുടിച്ചു. ശുഭം വരുമെന്ന് ലക്ഷണം കൊടുപ്പിച്ചു. ഉടന്‍തന്നെ ബ്രാഹ്മണന്‍ വന്നെത്തി. ‘ദൈവം ന വിപരീതമെന്നുപറഞ്ഞു മറഞ്ഞു.’
വിദര്‍ഭനന്ദിനി ആനന്ദത്താല്‍ മതിമറന്നു. അവള്‍ ‘ആളുവാളകമ്പിടികളോടെ’ പാര്‍വ്വതീദേവിയെ ദര്‍ശിക്കാനായി ക്ഷേത്രത്തില്‍ ചെന്നു. ദേവിയുടെ തിരുമുമ്പില്‍നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. ‘വീരസന്തതികളോടെ വാഴുന്ന അംബികേ, ഇവള്‍ക്ക് ദേവദേവനായ ശ്രീകൃഷ്ണനെത്തന്നെ ഭര്‍ത്താവായി ലഭിക്കണേ!’ രുക്മിണി കൃഷ്ണനാമമുച്ചരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തി. നാമോച്ചാരണം ഉച്ചത്തിലായി. അതുകേട്ട രക്ഷികള്‍ ശിശുപാലനാമം ഉരുവിടണമെന്നും കൃഷ്ണനാമമല്ല ഉരുവിടേണ്ടതെന്നും ശാസിച്ചുപറഞ്ഞു. രുക്മിണി പിന്നീട് സര്‍വ്വേശ്വരിയെ പ്രാര്‍ത്ഥിച്ച് മനസ്സിനെ സമാധാനിപ്പിച്ചു. സഖിമാര്‍ അവളെ പലവിധം ആശിസ്സുകള്‍ ചൊരിഞ്ഞ് സന്തുഷ്ടയാക്കി.
രുക്മിണി, ദേവീദര്‍ശനം കഴിച്ച്, പൂജയുമര്‍പ്പിച്ച്, ക്ഷേത്രത്തില്‍ നിന്ന് വേഗം പുറത്തിറങ്ങി. പാതയ്ക്കിരുവശവും നിന്നവര്‍, നിര്‍ദ്ധനര്‍ നിധിയെന്നപോലെ, നിര്‍ന്നിമേഷം നോക്കി നിന്നുപോയി. ആ സൗന്ദര്യാതിരേകം അവശാമായാധീനമാക്കി. രുക്മിണിക്കകമ്പടിയായിവന്ന സേനാംഗങ്ങള്‍പോലും ആ മോഹവലയത്തിലായിപ്പോയി. ആനപ്പുറത്തും കുതിരപ്പുറത്തും തേരിലും സഞ്ചരിച്ച ഭടന്മാര്‍ രുക്മിണീ രൂപംകണ്ട് മോഹിച്ച് ഭൂമിയില്‍ പതിച്ചു.
പെട്ടെന്ന് ഒരു മഹാരഥം രുക്മിണിയുടെ മുന്നില്‍ വന്നുനിന്നു. അത് ഗരുഡദ്ധ്വജന്മാരായിരുന്നു.
‘സ്ത്രീകദംബകമേത്യാശു
പശ്യതാം ദ്വിഷതഃ പ്രഭൂഃ
സമാരോപ്യ രഥം ഭൈഷ്മീം
താര്‍ഷ്യപുത്രഃ സുധാമിവ’.
(മറ്റുള്ളവര്‍ നോക്കി നില്‍ക്കേ, സ്ത്രീജനമദ്ധ്യത്തില്‍ ഭഗവാന്‍ രഥം നിറുത്തി. ഗരുഡന്‍ അമൃതകുംഭമെന്നപോലെ, അദ്ദേഹം രുക്മിണിയെ തേരില്‍ കയറ്റി.) ആകാശത്തില്‍ ദേവന്മാര്‍ ആ ദൃശ്യം കണ്ടുനില്‍ക്കുകയായിരുന്നു. ബലരാമന്റെ നിയോഗത്താല്‍ യദുസൈന്യം ഹരിയുടെ സമീപമെത്തി. ദേവന്മാര്‍ ദുന്ദുഭിഘോഷം ചെയ്തു. യദുക്കളും വിവിധതരം വാദ്യഘോഷം മുഴക്കി. ദേവകള്‍ ശ്രീകൃഷ്ണരഥോപരി കല്പകപുഷ്പങ്ങള്‍ വര്‍ഷിച്ചു.
‘തതോ യയൗ ജയാരവൈഃ
ശനൈ രാമയുതോ ഹരിഃ
സൃഗാലസംഘമദ്ധ്യാച്ച
കേസരീഭാഗഹൃദ്യഥാ‘
(ബലരാമ സഹിതനായ ശ്രീഹരി, യദുക്കള്‍ ജയാരവം മുഴക്കവേ, കുറുക്കന്മാര്‍ക്കിടയില്‍ നിന്നും സ്വന്തം ഭാഗം എടുത്ത സിംഹംപോലെ രുക്മിണിയേയും കൊണ്ട് യാത്രയായി).
അവിടെ വലിയ കോലാഹലമുണ്ടായി. കന്യകാഹരണവാര്‍ത്ത വായൂവേഗത്തില്‍ പടര്‍ന്നു. കന്യാരക്ഷകരും യദുസേനയും ഏറ്റുമുട്ടി. ചേദിപന്റേയും ജരാസന്ധന്റേയും സൈന്യങ്ങളൊന്നായി ആര്‍ത്തടുത്തു. അവരോടൊപ്പം പൗണ്ഡ്രകന്‍, വിദൂരഥന്‍, സാല്വന്‍, ദന്തവക്ത്രന്‍ എന്നിവരും സൈന്യസമേതം യദുക്കളോടേറ്റു. ഇരുപത്തിമൂന്ന് അക്ഷൗഹിണി സേനയാണ് യാദവരോട് യുദ്ധം ചെയ്തത്. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അസ്ത്രപ്രത്യസ്ത്രങ്ങളാല്‍ ആകാശം അന്ധകാരാവൃതമായി. രുക്മിണി ഭീതിപൂണ്ടുഴന്നു. ശ്രീഭഗവാന്‍ അവളോട് ‘ഭയപ്പെടരുത്’ എന്നു പറഞ്ഞാശ്വസിപ്പിച്ചു.
ബലഭദ്രാനുജനായ ഗദന്‍ ശത്രുസൈന്യത്തെ ശക്തിയായെതിര്‍ത്തു. അമ്പുകളേറ്റ് വിദര്‍ഭരാജസേന വലഞ്ഞു. സാരഥികള്‍ മരിച്ചു. രഥങ്ങള്‍ ഛിന്നഭിന്നങ്ങളായി. കാലാള്‍പ്പട നിലംപൊത്തി. ശേഷിച്ചവര്‍ ഭയന്നോടി. അന്നേരം സാല്വന്‍, ഗദനെ ഭാരമേറിയ ഒരു ഗദകൊണ്ടടിച്ചു. ലക്ഷഭാരം കനമുള്ള ഒരു ഗദകൊണ്ട് ഗദനും തിരിച്ചടിച്ചു. ശത്രുവീരന്മാരായ ജരാസന്ധന്‍, പൗണ്ഡ്രകന്‍, ദന്തവക്ത്രന്‍, വിദൂരഥന്‍ എന്നിവര്‍ സേനാസഹിതം ആഞ്ഞടുത്ത് ഗദനെ ചെറുത്തു. ഗദസേന വലഞ്ഞുപോയി. ഇതുകണ്ട് ബലരാമന്‍, അവന്റെ സഹായത്തിനെത്തി. ശ്രീഹലി ദന്തവക്ത്രന്റെ മുഖത്തടിച്ചു. ഇരുമ്പുലക്കകൊണ്ടുള്ള അടിയേറ്റ് ദന്തവക്ത്രന്റെ പല്ലുകള്‍ കൊഴിഞ്ഞുപോയി. രാമന്‍ പൗണ്ഡ്രകനേയും വിദൂരഥനേയും മുസലം കൊണ്ടടിച്ചു. അവര്‍ മൂര്‍ച്ഛിച്ചുവീണു. ശേഷിച്ച, ജരാസന്ധാദിവീരന്മാരും പിന്തിരിഞ്ഞോടി. അവര്‍ ശിശുപാലസമീപമെത്തി. അവിടെ നിരാശാഭരിതനായിരുന്ന ചേദീകുമാരനെ പലതും പറഞ്ഞാശ്വസിപ്പിച്ചു. ശിശുപാലനും ശേഷിച്ചരാജാക്കന്മാരും അവരവരുടെ പുരങ്ങളിലേക്കു മടങ്ങി.
കന്യകാഹരണം രുക്മിയെ വ്യാകുലചിത്തനാക്കി. പകകൊണ്ടയാള്‍ കത്തിജ്വലിച്ചു. അയാള്‍ ഏവരും കേള്‍ക്കേ ഇങ്ങനെ ശപഥം ചെയ്തു.
‘അഹത്വാ സരമേ കൃഷ്ണം
അപ്രത്യുഹ്യ ച രുക്മിണീം
കണ്ഡിനം ന പ്രവേക്ഷ്യാമി
സത്യമേതത് വ്രതോ മമ‘
(യുദ്ധത്തില്‍ കൃഷ്ണനെ പരാജയപ്പെടുത്തി രുക്മിണിയേയും വീണ്ടുകൊണ്ടല്ലാതെ ഞാന്‍ ഇനി കുണ്ഡിനത്തില്‍ പ്രവേശിക്കുകയില്ല. ഇതാണെന്റെ പ്രതിജ്ഞ). പലവിധം ആയുധസന്നാഹമാര്‍ന്ന രണ്ടക്ഷൗഹിണി സൈന്യവുമായി രുക്മി യദുക്കളെ പിന്തുടര്‍ന്നു. സേന വീണ്ടും വരുന്നതുകണ്ട ബലരാമന്‍ രുക്മിയോട് യുദ്ധം ചെയ്തു. രുക്മിണീസോദരന്‍ കൃഷ്ണന്റെ പിന്നാലെ ‘നില്‍ക്ക് നില്‍ക്ക്’ എന്നക്രോശിച്ചുകൊണ്ട് ഞാണൊലിയും മുഴക്കി പാഞ്ഞുചെന്നു. എന്നിട്ട് കൃഷ്ണനുനേരേ ശരവര്‍ഷവും തുടങ്ങി. ഭഗവാന്‍ ഉത്തരക്ഷണത്തില്‍ അവന്റെ വില്ലുമുറിച്ചു. രുക്മി ശൗര്യം വിടാതെ കൃഷ്ണനു നേരെ പത്തുബാണം തൊടുത്തയച്ചു. അവയേയും വില്ലിനേയും ഭഗവാന്‍ ഉടന്‍തകര്‍ത്തു. നൂറുബാണം തിരിച്ചയയ്ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഭീകരയുദ്ധത്തില്‍ കൃഷ്ണന്‍, രുക്മിയെ കൈകൊണ്ടു പിടിച്ച് താഴത്തിട്ടു. അയാളുടെ മാറില്‍ കയറിയിരുന്ന് വധിക്കാനൊരുങ്ങി.
രുക്മിണി ആ രംഗം കണ്ട് ഹൃദയംപൊട്ടുമാറ് കരഞ്ഞ് ഭഗവാന്റെ പാദങ്ങള്‍ കെട്ടിപ്പിടിച്ചുകൊണ്ട് യാചിച്ചു:-
‘അനന്ത ദേവേശ ജഗന്നിവാസ
യോഗേശ്വരാചിന്ത്യ ജഗത്പതേ ത്വം
ഹന്തും ന യോഗ്യഃ കരുണാസമുദ്ര!
മദ്ഭ്രാതരം ശാലഭുജം മഹാഭുജം’.
(ഹേ ദേവദേവ, ജഗന്നിവാസ, കാരുണ്യക്കടലായ ഭവാന്‍, ഭൂജബലമാണ്ട, വീരനായ, എന്റെ ഭ്രാതാവിനെ കൊല്ലരുതേ!) പേടിച്ചരണ്ട് കരഞ്ഞപേക്ഷിക്കുന്ന, രുക്മിണിയുടെ ഭാവംകണ്ട് ഭഗവാന്റെ മനസ്സലിഞ്ഞു! അദ്ദേഹം രുക്മീ വധോദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു. മദോല്‍ക്കടനായെത്തിയ രുക്മിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ശ്രീകൃഷ്ണന്‍ തീരുമാനിച്ചു. അദ്ദേഹം രുക്മിയുടെ ഒരുവശത്തുള്ള മീശയും തലമുടിയും മൂര്‍ച്ചയേറിയ വാളുകൊണ്ട് ഛേദിച്ചുകളഞ്ഞു. സൈന്യങ്ങളെ ജയിച്ചെത്തിയ സീരിബന്ധനസ്ഥനായ, വിരൂപനാക്കപ്പെട്ട രുക്മിയെ കണ്ടു. ദയാവായ്പിനാല്‍ രാമന് വിഷമംതോന്നി. കൃഷ്ണന്റെ പ്രവൃത്തി ഒട്ടും നന്നായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് രുക്മിണിയെ സാന്ത്വനം ചെയ്തു!
വൈദര്‍ഭി ദുഃഖമമര്‍ത്തി ശാന്തചിത്തയായി ഭഗവാനോടൊപ്പം യാത്രയായി. പരവശനായ രുക്മി ഭയനാശനായി. അയാള്‍ വിദര്‍ഭയിലേക്ക് മടങ്ങാന്‍പോലും തയ്യാറായില്ല. തപം ചെയ്ത് ശേഷായുസ്സുപോക്കാമെന്നവന്‍ കരുതി. മന്ത്രിമാര്‍ ആ ഉദ്യമം തടഞ്ഞു. തന്റെ വാക്കുപാലിക്കാന്‍, രുക്മി, പിന്നീട് ഭോജകടം എന്ന സ്ഥലത്ത് ഒരു പുരം പണിത് അവിടെ വസിച്ചു. ശ്രീകൃഷ്ണ ഭഗവാനാകട്ടെ, രുക്മിണീസമേതം വാദ്യഘോഷാദ്യാര്‍ഭാടങ്ങളോടെ ദ്വാരകയിലെത്തി. അവിടെവച്ച് രുക്മിണീ-കൃഷ്ണ വിവാഹം ആര്‍ഭാടംപൂര്‍വ്വം നടന്നു. ആര്‍ഭാടത്തിമിര്‍പ്പുകൊണ്ട് ദ്വാരക അമരാവതിപോലെ പ്രശോഭിച്ചു.
‘ഭൈഷ്മീ വിവാഹസ്യ കഥാം വിചിത്രം
ശൃണോതി യഃ ശ്രാവയതേ ച ഭക്ത്യാ
ഇഹൈവ ഭക്തോ വിഭവേന യുക്തഃ
സ ഏവ മുക്തിം പ്രതിയാതി മുക്തഃ‘
(അത്ഭുതകരമായ വൈദര്‍ഭീകഥ ഭക്തിപൂര്‍വ്വം കേള്‍ക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യുന്നവന് ഇഹലോകസൗഖ്യത്തോടൊപ്പം ശ്രീകൃഷ്ണപ്രാപ്തിയും ലഭിക്കുന്നതാണ്.) ഫലശ്രുതി പ്രഖ്യാപനമായ ഈ ശ്ലോകവും പറഞ്ഞ്, ശ്രീനാരദന്‍, വിവാഹകഥ അവസാനിപ്പിച്ചു. (തുടരും)
Discussion about this post