തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കുമായി ആഭ്യന്തര വകുപ്പിന് കീഴില്‍ സൈബര്‍ ഡോം എന്ന പേരില്‍ അത്യന്താധുനിക കേന്ദ്രം സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, ഈ വിഭാഗത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതും വ്യക്തികളും സ്ഥാപനങ്ങളും ഇതിന്റെ ഇരകളാകുന്ന അവസ്ഥ വര്‍ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടു കോടി രൂപ ചിലവില്‍ പൊതു സ്വകാര്യ പങ്കാളിത്വത്തോടെ സൈബര്‍ ഡോം സ്ഥാപിക്കുന്നത്. ഇതിനോടൊപ്പം ബൃഹൃത്തായ ഗവേഷണ സ്ഥാപനവും ഉണ്ടാകും. ടെക്‌നോപാര്‍ക്കില്‍ 2000 ചതുരശ്രയടി സ്ഥലത്താണ് സൈബര്‍ ഡോം സ്ഥാപിക്കുക. ഇതിനായി ടെക്‌നോപാര്‍ക്ക് അധികൃതരെ ആഭ്യന്തര വകുപ്പ് സമീപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ സോഫ്റ്റ് വെയര്‍ വിദഗ്ധര്‍ സൗജന്യമായിയാണ് പദ്ധതിയുമായി സഹകരിക്കുന്നത്. പൂര്‍ണമായും ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഈ വിഭാഗത്തില്‍ പൊലീസിലെ തന്നെ കമ്പ്യൂട്ടര്‍ പ്രാഗല്‍ഭ്യമുള്ളവരെയാണ് ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് നിരീക്ഷണം, വിര്‍ച്ച്വല്‍ പൊലീസിംഗ്, സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുക, സൈബര്‍ സുരക്ഷാ ഭീഷണി പരിശോധിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, സൈബര്‍ ഫോറന്‍സിക്, വിര്‍ച്വല്‍ കോടതികള്‍, കുട്ടികളുടെ സുരക്ഷക്കായുള്ള ട്രാക്കിംഗ് സിസ്റ്റം, കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുക, ചൈല്‍ഡ് ഐ ഡി സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുക. വിക്ടിം ഐഡന്റി ഫിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുക, സൈബര്‍ സെക്യൂരിറ്റി അഡൈ്വസറി, സൈബര്‍ സെക്യൂരിറ്റി ബോധവത്കരണം, മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരണം, ക്രിമിനലുകളെയും ചിത്രങ്ങളെയും തിരിച്ചറിയുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുക, വിരള്‍ അടയാളങ്ങള്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍, ഓണ്‍ ലൈന്‍ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റിക്കേഷന്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഇരുപത്തിരണ്ടോളം സേവനങ്ങളാണ് സൈബര്‍ ഡോം പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. സൈബര്‍ ഡോമിലേക്കുള്ള വിദഗ്ധരെ കണ്ടെത്താനും, പരിശീലിപ്പിക്കാനും, സോഫ്റ്റ് വെയറുകള്‍ നല്‍കാനും വിവിധ ഐ ടി കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തും. സൈബര്‍ ഡോമിന്റെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, സാമ്പത്തിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്വം സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിക്ഷിപ്തമായിരിക്കും.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണ്‍ ആകുന്ന ഗവണിംഗ് കൗണ്‍സിലില്‍ സംസ്ഥാന പൊലീസ് മേധാവി കണ്‍വീനറും ഐ ടി സെക്രട്ടറി, അഡിഷണല്‍ എ ഡി ജി പി ക്രൈം, നിയമ വകുപ്പ് സെക്രട്ടറി, സ്റ്റോര്‍ പര്‍ച്ചേഴ്‌സ് വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവര്‍ മെമ്പര്‍മാര്‍ ആയിരിക്കും. എ ഡി ജി പി ക്രൈം ചെയര്‍മാനാകുന്ന പ്രോജറ്റ് ഇംപ്ലിമെന്റേഷന്‍ ബോര്‍ഡില്‍ ഐ ടി മിഷന്‍ ഡയറക്ടര്‍, എന്‍ ഐ സി സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി ഡാക്ക് എക്‌സിക്യൂട്ടിവ്, സി ഇ ആര്‍ ടി ആര്‍ ഡയറക്ടര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ എസ് പി, രണ്ടും പ്രമുഖ ഐ ടി കമ്പനികളിലെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. എ ഡി ജി പി (ക്രൈം)മിന്റെ മേല്‍ നോട്ടത്തിലായിരിക്കും സൈബര്‍ ഡൂമിന്റെ പൂര്‍ണ പ്രവര്‍ത്തനം. ഒരു ഡി വൈ എസ് പി യും അദ്ദേഹത്തെ സഹായിക്കാന്‍ ഐ ടി യോഗ്യതയുള്ള പത്ത് ഉദ്യേഗസ്ഥരുമായിരിക്കും ഇതിന്റെ ചുമതല വഹിക്കുക.
Discussion about this post