ഡോ.എം.പി.ബാലകൃഷ്ണന്‍
തന്നെ സമീപിക്കുന്നവന് എന്താവശ്യമോ അതുകൊടുക്കും. സ്വന്തം പേരിനോ പെരുമയ്‌ക്കോവേണ്ടി സ്വാമികള്‍ യാതൊന്നും ചെയ്തിരുന്നില്ല. വൈദ്യശാസ്ത്രത്തില്‍ അത്ഭുതകരമായ അറിവും കഴിവും ഉണ്ടായിരുന്നിട്ടും താനൊരു വിദഗ്ദ്ധ ചികിത്സകനാണെന്നു ഭാവിച്ചില്ല. അതേസമയം താന്‍ ചെല്ലുന്നിടത്ത് കഷ്ടപ്പെടുന്ന രോഗികളെകണ്ടാല്‍ എത്രയുംപെട്ടെന്ന് ചികിത്സിച്ചു ഭേദപ്പെടുത്തും. സംശയനിവൃത്തിക്കായി സമീപിക്കുന്ന വൈദ്യന്മാരെ സംസ്‌കൃതത്തിലെയും തമിഴിലെയും ശാസ്ത്രങ്ങളുദ്ധരിച്ചു പഠിപ്പിക്കും. ഇതാണു സ്വാമികളുടെ രീതി. ഗ്രന്ഥങ്ങളിലില്ലാത്ത അനേകം ഒറ്റമൂലിപ്രയോഗങ്ങളും സ്വാമിക്കു വശമായിരുന്നു.
ഒരു നട്ടുച്ച വെയിലത്ത് സ്വാമി മൂവാറ്റുപുഴ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം പൊറുക്കവയ്യാതായാപ്പോള്‍ അടുത്തുകണ്ട ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു.
‘ഈ നാട്ടുകാരനല്ല, അല്ലേ?’ ഗൃഹനായികയായ വൃദ്ധ സങ്കടത്തോടെ ചോദിച്ചു.
‘വിഷൂചികമൂലം എത്രയെണ്ണം മരിച്ചു! ഈ വീട്ടിലുണ്ടായിരുന്ന നാലുപേര്‍ കഴിഞ്ഞയാഴ്ച പോയി. ഇപ്പോള്‍ മൂന്നുപേര്‍ അവശയായി കിടപ്പാണ്. അതുകൊണ്ട് ഇവിടത്തെ വെള്ളം കുടിക്കണ്ട.’
‘ഒരു കരിക്ക് കിട്ടിയാല്‍ മതി’ – സ്വാമികള്‍.
കരിക്ക് അടക്കുന്നതിനിടയില്‍ സ്വാമി ആ പറമ്പില്‍തന്നെയുണ്ടായിരുന്ന ഏതോ പച്ചില പറിച്ചുകൊണ്ടുവന്നു. കരിക്കിന്‍തൊണ്ട് ചതച്ചുപിഴിഞ്ഞനീരില്‍ ആ പച്ചിലച്ചാറു ചേര്‍ത്ത് രോഗികള്‍ക്കുനല്‍കി. അല്പംകഴിയുമ്പോള്‍ രോഗികള്‍ കഞ്ഞിവേണമെന്നു പറയുമെന്നും കൊടുക്കാന്‍ മടിക്കേണ്ടെന്നും നിര്‍ദ്ദേശം നല്‍കിയിട്ടു സ്വാമികള്‍ പോയി. അവശനിലയില്‍ കിടന്നിരുന്ന ആ മൂന്നുപേരും രക്ഷപ്പെട്ടു.
തിരുവനന്തപുരത്തുള്ളപ്പോള്‍ സ്വാമിയുടെ താവളങ്ങളിലൊന്നായിരുന്നല്ലോ കല്ലുവീട്. അവിടെ നടന്ന ഒരു സംഭവമാണിത്. ഒരു സ്ത്രീക്കു പ്രസവവേദന. അക്കാലങ്ങളില്‍ പ്രസവം വീട്ടില്‍ തന്നെയായിരുന്നു. കുഴപ്പമുണ്ടെന്നു കണ്ടാല്‍ മാത്രം ഡോക്ടറെ വരുത്തുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്യും. ഈ സ്ത്രീക്കു വേദന തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രസവം നടക്കായ്കയാല്‍ ഡോക്ടറെ വരുത്തി. ഡോക്ടര്‍ വേണ്ടതു ചെയ്തിട്ടും ഫലം കണ്ടില്ല. ഗര്‍ഭിണിയാണെങ്കില്‍ ഞെളിപിരിക്കൊള്ളുന്നു. സ്വാമി ഉണ്ടായിരുന്നെങ്കില്‍ എല്ലാം മംഗളമാകുമായിരുന്നു. ഗര്‍ഭിണിയുടെ അമ്മ ഓര്‍ത്തു. പക്ഷേ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കറിയാം? എന്തൊരത്ഭുതം! അതാ വരുന്നു സ്വാമിതിരുവടികള്‍. ആ അമ്മ കാര്യമറിയിച്ചു. ഉടനെ സ്വാമിജി പറമ്പിലിറങ്ങി ഒരു പച്ചിലപറിച്ച് കയ്യിലിട്ട് കശക്കി. ഒരു പ്ലാവിലക്കുമ്പിള്‍നിറയെ ചാറുമായി വന്നു. ഗര്‍ഭിണിയുടെ അടിവയറ്റില്‍ പുരട്ടാന്‍ നിര്‍ദ്ദേശിച്ചു. ഇതെല്ലാം ഒരു പുച്ഛരസത്തില്‍ നോക്കിക്കൊണ്ട് ഡോക്ടര്‍ കസേരയിലിരിപ്പുണ്ട്.
‘ഏതു കുഞ്ഞുവേണം? ആണോ പെണ്ണോ? സ്വാമി അമ്മയോടു ചോദിച്ചു.
‘മൂത്തത് ആണ്. ഇത് രണ്ടാമത്തേത്. പെണ്ണായാല്‍ നല്ലത്. പിന്നെ…… അമ്മയെപ്പോലെ വെളുത്തിരുന്നാല്‍ സന്തോഷം’.
‘എല്ലാംകൂടി ഒത്തുകിട്ടുമോ?’
പെണ്‍കുഞ്ഞാണ്. അച്ഛനെപ്പോലെ കറുത്തിരിക്കും’.
നിമിഷങ്ങള്‍ക്കകം കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു. അച്ഛനെപ്പോലെ കറുത്ത പെണ്‍കുഞ്ഞ്. ഡോക്ടര്‍ സ്വാമിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു.
പ്രശസ്തനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ ശേഷകാരി കുമ്പളത്തുതങ്കമ്മ ബാല്യത്തില്‍ ചട്ടമ്പിസ്വാമികളുടെ വാത്സല്യം വേണ്ടുവോളം അനുഭവിച്ച ഭാഗ്യവതിയായിരുന്നു. അവരുടെ അനുഭവം കേള്‍ക്കുക. ‘സ്വാമികള്‍ വന്ന ഉടനെ എന്നെ അന്വേഷിച്ചു. വല്യമ്മാവന്‍ പറഞ്ഞു, ഞാന്‍ ജ്വരമായി മേടയില്‍ കിടക്കുകയാണെന്ന്. അന്നു നന്നേ ക്ഷീണിച്ചിരുന്ന ആ വാത്സല്യനിധി പടികയറി എന്നെക്കാണാന്‍ മുകളില്‍ വന്നു. ‘കള്ളദീനമാണല്ലേ?’ എന്നു ചോദിച്ചുകൊണ്ട് എന്നെ എഴുന്നേല്പിച്ചിരുത്തി. ഒരു ചൂട്ടടുപ്പും കൊതുമ്പും കൊണ്ടുവരാന്‍ സ്വാമികള്‍ ഞങ്ങളുടെ കാര്യസ്ഥനോടു പറഞ്ഞു. എന്നിട്ടു വെളിയില്‍പ്പോയി ഏതോ പച്ചിലകള്‍ പറിച്ചുകൊണ്ടുവന്നു. അതു വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ഏതാനും തുള്ളികള്‍ എന്റെ വായിലേക്കൊഴിച്ചുതന്നു. അതു കുടിച്ച ഉടനെ ക്ഷീണമെല്ലാം മാറി. സ്വാമിയുടെ കൈക്കുപിടിച്ചുകൊണ്ടു പടികള്‍ ഇറങ്ങി ഞാന്‍ താഴെ വന്നു.’
കഠിനസുഖക്കേടുകളെപ്പോലും സ്വാമികള്‍ കൈകാര്യം ചെയ്തിരുന്ന രീതി കാണിക്കാന്‍ ഒന്നുരണ്ടുദാഹരണങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ.
Discussion about this post