ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍
അദ്ധ്യായം – 4
ഭോഗങ്ങളുടെ അസ്ഥിരത (സത്യാനന്ദസുധാ വ്യാഖ്യാനം)
ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഭൗതികസുഖമാണു ഭോഗം. അതു മിന്നല്‍പ്പിണര്‍പോലെ ചഞ്ചലമാണ്. ആയുസ്സ് വേഗം നഷ്ടപ്പെടുന്നതാകയാല്‍ ദീര്‍ഘകാലം ജീവിച്ചിരുന്ന് അവയെ ആസ്വദിക്കാനുമാവില്ല. ചുട്ടുപഴുത്ത ഇരുമ്പില്‍ വീണ ജലബിന്ദുക്കള്‍പോലെ പെട്ടെന്നു നശിക്കുന്നതാണു മനുഷ്യജന്മം. എങ്കിലും ഇതൊന്നും മനസ്സിലാക്കാതെ പാമ്പിന്റെ തൊണ്ടയിലിരുന്നു ഈച്ചപിടിക്കാന്‍ ശ്രമിക്കുന്ന തവളയെപ്പോലെ കാലമാകുന്ന പാമ്പിന്റെ പിടിയില്‍പ്പെട്ട ജീവനും കൊതിപൂണ്ട് ഇന്ദ്രിയസുഖങ്ങളന്വേഷിക്കുന്നു.
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഫാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ-
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം.
ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാപരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു’.
ഇന്ദ്രിയസുഖനിരാസം
ആനന്ദാത്മകവും അനശ്വരവുമായ ആത്മാവിനെവിട്ട് നശ്വരജഗത്തില്‍ സുഖങ്ങളന്വേഷിച്ചു സ്വയം വിപത്തുവലിച്ചുവയ്ക്കുന്ന മനുഷ്യന്റെ ബുദ്ധിഹീനതയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ തുറന്നുകാട്ടുന്നത്. നശ്വരമായ ഭൗതികസുഖങ്ങളുടെ അന്തഃസാരശൂന്യത നേരത്തേ വിശദീകരിച്ചു. ആഗ്രഹങ്ങള്‍സാധിക്കാന്‍ കഴിയാതിരുന്നാലും സാധിച്ചശേഷവും മനസ്സിന്റെ വിഹ്വലതകള്‍ മാറുന്നില്ല. ഇതിനുപുറമേ ഐന്ദ്രിയസുഖാനുഭൂതികള്‍ക്കു സ്വാഭാവികമായുള്ള പരിമിതി മനസ്സിനെ വേദനിപ്പിക്കുകയും ചെയ്യും. ഒരു വേനല്‍ക്കാലമദ്ധ്യാഹ്നത്തില്‍ എരിവെയിലിലൂടെ ബഹുദൂരം നടന്ന് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയെന്നു കരുതുക. നിങ്ങളെ സല്‍ക്കരിക്കാനായി ആദ്യം അയാള്‍ ഒരു മധുരനാരങ്ങതന്നു എന്നും വിചാരിക്കുക. അതു നിങ്ങള്‍ക്കു അമൃതുപോലെ രുചികരമായി അനുഭവപ്പെട്ടു. അപ്പോഴുണ്ടായ ആനന്ദം ആ മുധരനാരങ്ങയില്‍നിന്നു ലഭിച്ചതാണെന്നു നിങ്ങള്‍ കരുതുകയും ചെയ്തു. നിങ്ങളുടെ സന്തോഷംകണ്ടു സുഹൃത്തു ഒരു ഓറഞ്ഞുകൂടി തന്നു. അതും നിങ്ങള്‍ സസന്തോഷം കഴിച്ചു. ഓറഞ്ചുകള്‍ തിന്നുതീരുന്ന മുറയ്ക്ക് സുഹൃത്തു വീണ്ടും വീണ്ടും തന്നു. പക്ഷേ നിങ്ങളുടെ അനുഭവത്തില്‍ ആദ്യത്തെ ഓറഞ്ചിനുള്ള രുചി രണ്ടാമത്തേതിനില്ല. രണ്ടാമത്തേതിനുള്ള ആസ്വാദ്യത മൂന്നാമത്തേതിനില്ല. ഓറഞ്ചുകളെല്ലാം ഒരേതരമായിരുന്നിട്ടും കൂടുതല്‍ കൂടുതല്‍ കഴിക്കുന്തോറും രുചികുറഞ്ഞുവരുന്നു. നാലാമത്തെ ഓറഞ്ചുകഴിക്കുമ്പോള്‍ മതിയെന്നു തോന്നിത്തുടങ്ങും. അടുത്ത ഓറഞ്ചു കഴിക്കാന്‍ നിര്‍ബന്ധിക്കണം. നന്നേ നിര്‍ബന്ധിച്ചാലേ ആറാമത്തെ ഓറഞ്ചു കഴിക്കൂ. ഏഴാമത്തെ ഓറഞ്ചു കഴിപ്പിക്കണമെങ്കില്‍ സുഹൃത്തിനു മര്‍ദ്ദനമുറകളവലംബിക്കേണ്ടിവരും. അതു കഴിപ്പിക്കുന്നതിലും ഭേദം കൊല്ലുന്നതാണെന്നു നിങ്ങള്‍ പറയുകയും ചെയ്യും. ആധുനിക ധനതത്ത്വശാസ്ത്രം അംഗീരിച്ച Law of diminishingx marginal utiltiy യാണിത്. എന്തേ ഇങ്ങനെ വരാന്‍? ഭോഗങ്ങള്‍നേടാന്‍ ഇന്ദ്രിയങ്ങള്‍ക്കുള്ളകഴിവ് പരിമിതമാണ്. ഒരിക്കല്‍ സുഖമായിത്തോന്നുന്നത് തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ദുഃഖമായിത്തീരും. ഇങ്ങനെ ദുര്‍ബലമായ ഇന്ദ്രിയങ്ങളുടെ വിളികേട്ട് അവയ്ക്കു സുഖമുണ്ടാക്കാന്‍ നശ്വരജഗത്തില്‍ ഓടി നടക്കുന്നതില്‍പരംബുദ്ധിഹീനതയുണ്ടോ? അതുകൊണ്ടുകൂടിയാണ് ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ (മിന്നല്‍ പിണര്‍) ചഞ്ചലമെന്ന് ശ്രീരാമന്‍ പറഞ്ഞത്.
ആനന്ദം കുടികൊള്ളുന്നത് ഭൗതികവസ്തുവിലല്ല ആത്മാവിലാണെന്നതിന് വേറൊരു തെളിവു വേണ്ട. ആദ്യത്തെ ഓറഞ്ചു കഴിക്കുമ്പോഴുണ്ടായ ആനന്ദം ഓറഞ്ചില്‍നിന്നു വന്നതാണെങ്കില്‍ പിന്നീടുള്ള ഓറഞ്ചുകളും അതേരീതിയില്‍ ആനന്ദം പകരണമായിരുന്നല്ലോ. പക്ഷേ അങ്ങനെയല്ലല്ലൊ സംഭവിച്ചത്. അപ്പോള്‍ ആനന്ദം ഓറഞ്ചിലല്ല. പിന്നെ എവിടെനിന്നുവന്നു? ആത്മാവില്‍ നിന്ന്. ഭൗതികാനുഭവങ്ങളെല്ലാം ഇതുപോലെതന്നെയാണെന്നറിയണം.
എങ്കിലും ഇതൊന്നും ഓര്‍ക്കാന്‍ മനുഷ്യര്‍ നില്‍ക്കാറില്ല. പകരം (ചക്ഷുശ്രവണന്റെ) പാമ്പിന്റെ തൊണ്ടയിലിരിക്കവേ ഭകഷണം കൊതിക്കുന്ന (ദര്‍ദ്ദുരത്തെ) തവളയെപ്പോലെ സുഖം തേടാനുള്ള വെമ്പലാണു സര്‍വത്ര പ്രകടമായി കാണുന്നത്. കുരുക്ഷേത്രത്തില്‍ പാണ്ഡവസൈന്യവും കൗരവപ്പടയും യുദ്ധത്തിനായി ഇരുവശവും അണിനിരന്നു. ദുര്യോധനന്‍ ദ്രോണാചാര്യരുടെ മുന്നില്‍ചെന്ന് യുദ്ധോദ്യുക്തരായി പടക്കളത്തിലെത്തിയ വീരക്ഷത്രിയന്മാരുടെ പേരു കേള്‍പ്പിച്ചു. അക്ഷൗഹിണികള്‍ കൂടുതലുണ്ടായിരുന്നിട്ടും പേര്‍കൊണ്ട മഹാരഥന്മാരില്‍ അധികം പേരും തന്റെ പക്ഷത്തായിരുന്നിട്ടും ദുര്യോധനന്റെ പരിഭ്രമത്തിന് അതിരുണ്ടായിരുന്നില്ല. ഭീഷ്മന്‍ രക്ഷിക്കുന്ന തന്റെ സൈന്യം യുദ്ധം ജയിക്കാന്‍ സമര്‍ഥമല്ലെന്നും ഭീമന്റെ സംരക്ഷണയിലുള്ള പാണ്ഡവസേന ചെറുതാണെങ്കിലും വിജയതിലകമണിയാന്‍ പര്യാപ്തമാണെന്നും സംഭീതിമൂലം അയാള്‍ തുറന്നു പറഞ്ഞു. അതിനാല്‍ ശത്രുവിന്റെ കടന്നാക്രമണമുണ്ടാകാനിടയുള്ള മര്‍മ്മസ്ഥാനങ്ങളിലെല്ലാം ദ്രോണരെപ്പോലുള്ളവര്‍ അണിനിരന്നു ഭീഷ്മനെ രക്ഷിക്കണമെന്നാണു അയാളുടെ പ്രാര്‍ത്ഥന. ധര്‍മ്മപക്ഷപാതിയായ ഭീഷ്മന്‍ മനസ്സില്ലാമനസ്സോടെയാണു തന്റെ പക്ഷത്തു നില്‍ക്കുന്നതെന്നും ശ്രദ്ധിച്ചില്ലാ എങ്കില്‍ അദ്ദേഹം വഞ്ചിച്ചേക്കാമെന്നുള്ള ഭയം ഈ നിര്‍ദ്ദേശത്തിന്റെ പിന്നിലുണ്ട്. ഇങ്ങനെ ഏതുപ്രകാരത്തിലും യുദ്ധം ജയിക്കാനായി ഭയസംഭ്രമങ്ങളോടെ ദുര്യോധനന്‍ കോപ്പുകൂട്ടുമ്പോള്‍ മറുവശത്ത് ശ്രീകൃഷ്ണന്‍ ഭഗവദ്ഗീത ഉപദേശിക്കുന്ന കൂട്ടത്തില്‍ അര്‍ജ്ജുനനു തന്റെ വിശ്വരൂപം കാട്ടികൊടുക്കുകയായിരുന്നു. ദുര്യോധനഭീഷ്മദ്രോണാദികളായ കൗരവവീരന്മാരും സ്വന്തം പക്ഷത്തുള്ള യോദ്ധാക്കളും ആ വിശ്വരൂപന്റെ ദംഷ്ടാകരാളവും ഭയാനകവുമായ വായ്ക്കുള്ളിലേക്ക് ഏതോ അദൃശ്യശക്തിയാല്‍ നീതരായിട്ടെന്നപോലെ വളരെ വേഗം പ്രവേശിക്കുന്ന കാഴ്ച കണ്ട് അര്‍ജ്ജുനന്‍ അമ്പരന്നു. ശിരസ്സും ശരീരവും മുറിപ്പെട്ട് രക്താഭിഷിക്തരായി അവരെല്ലാം ദംഷ്ട്രകളില്‍ കുരുങ്ങിക്കിടക്കുന്നദൃശ്യം കണ്ട് അങ്ങാരാണെന്ന് അര്‍ജ്ജുനന്‍ ചോദിച്ചുപോയി. ലോകത്തെ സംഹരിക്കാന്‍ തയ്യാറായിനില്‍ക്കുന്ന കാലമാണു ഞാന്‍ എന്നായിരുന്നു ഉത്തരം. പാണ്ഡവരല്ലാതെ ആരും അവശേഷിക്കില്ലെന്നും ആ വിരാട്‌രൂപന്‍ തുറന്നുപറഞ്ഞു. ഇങ്ങനെ കാലത്തിന്റെ പിടിയില്‍പെട്ടു മരണത്തിലേക്കു നീങ്ങുമ്പോഴും ആ വസ്തുത മനസ്സിലാക്കാതെ യുദ്ധം ജയിക്കാന്‍ പഴുതുകളാരായുന്ന ദുര്യോധനന്റെ പ്രവൃത്തികളുടെ ബുദ്ധിശൂന്യതയും അപഹാസ്യതയും ആര്‍ക്കാണു മനസ്സിലാകാത്തത്. ഈ ദുര്യോധനനാണു ചക്ഷുശ്രവണഗളസ്ഥമായ ദര്‍ദ്ദുരം. ആലോചച്ചുനോക്കിയാല്‍ എല്ലാമനുഷ്യരും ഈ അവസ്ഥയിലാണെന്നതാണു സത്യം.
Discussion about this post