തിരുവനന്തപുരം: കാശ്മീര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പ് മന്ത്രി അശോക് ഗജപതിരാജു പുശപതി എന്നിവരോട് അഭ്യര്‍ത്ഥിച്ചു.
പ്രളയത്തെ തുടര്‍ന്ന് ശ്രീനഗറിലെ ചില ഹോട്ടലുകളില്‍ നൂറിലധികം വരുന്ന മലയാളികള്‍ ഒറ്റപ്പെട്ടു കഴിയുന്നതായാണ് വിവരം. കുടുങ്ങിയിരിക്കുന്നവരുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ എത്രയും വേഗം ശ്രീനഗറില്‍ നിന്നും വിമാനമാര്‍ഗ്ഗം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഇരുവരോടും കത്തില്‍ അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫോണ്‍ നമ്പര്‍ : 011-30 411 411, 011-23 3474 56.
Discussion about this post