ഡോ.എം.പി.ബാലകൃഷ്ണന്‍
സുഖക്കേടുകള്‍ കഠിനമാണെങ്കിലും സ്വാമിയുടെ ചികിത്സ ലളിതമായിരുന്നു. സുഖപ്പെടുന്നതോ? വേഗത്തിലും. വൈദ്യശാസ്ത്രത്തില്‍ മുഖ്യമായ ഒരു വിഭാഗമാണു വിഷവൈദ്യം. അതിലും സ്വാമികളെ ജയിക്കാന്‍ അന്നാരുമുണ്ടായിരുന്നില്ല. വലിയ വിഷഹാരിയായ നീലകണ്ഠപിള്ള കൂടുതല്‍ പഠിക്കാനായി സ്വാമിയെ സമീപിച്ചതും നീലകണ്ഠതീര്‍ത്ഥപാദരായിത്തീര്‍ന്നതും കണ്ടുവല്ലോ. ചട്ടമ്പിസ്വാമിയുടെ വിഷചികിത്സാരീതി കാണിക്കാന്‍ ഒരു സംഭവം മാത്രം പറയാം.
നെടുമങ്ങാട്ട് ചുള്ളിമാനൂരിനടുത്ത് പാമ്പാടി എസ്റ്റേറ്റ്. ഉടമസ്ഥന്റെ പേരും കുഞ്ഞന്‍പിള്ള. എസ്റ്റേറ്റിനുള്ളില്‍ തന്നെയായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. യാത്രക്കിടയില്‍ ചിലപ്പോള്‍ സ്വാമികള്‍ വലിയ ഭക്തരായ അവരുടെ ഭവനത്തില്‍ വിശ്രമിക്കാറുണ്ടായിരുന്നു. അങ്ങനെയൊരുദിവസം അവിടെ കൃഷിപ്പണിയും മറ്റും ചെയ്യുന്ന കുറവവിഭാഗത്തില്‍പ്പെട്ട ഒരാള്‍ മുറത്തിന്റെ അതിരായ തോട്ടിനക്കരെ നില്‍ക്കുന്നതും ഗൃഹനാഥന്‍ അയാളെ കൈത വെട്ടാന്‍ നിയോഗിക്കുന്നതും കണ്ടു. കുറച്ചുകഴിഞ്ഞ് അദ്ദേഹം ഒരുപാത്രം നിറയെ കരിക്കിന്‍വെള്ളം സ്വാമിക്കു കുടിക്കാന്‍ കൊണ്ടുവച്ചു. ‘അതവിടെ ഇരിക്കട്ടെ. അതു കുടിക്കാന്‍ ഒരാള്‍ വരുന്നുണ്ട്’. സ്വാമികള്‍ പറഞ്ഞു. സ്വാമികളെ കാണാന്‍ ആരോ വരുന്നുണ്ടാവും എന്നേ ഗൃഹനാഥന്‍ കരുതിയുള്ളൂ. പക്ഷേ ചില നാടകീയ രംഗങ്ങളാണു പിന്നീട് അവിടെ നടന്നത്.
‘ഇന്നത്തെ പണി മുടങ്ങിയല്ലോ.’ താടിതടവിക്കൊണ്ട് സ്വാമികള്‍ വീട്ടുകാരനോടു പറഞ്ഞു. ‘എന്താ സ്വാമീ?’ വീട്ടുകാരന്റെ ചോദ്യത്തിന് സ്വാമി ഉത്തരം പറയുംമുമ്പ് ‘തമ്പ്രാക്കളേ തമ്പ്രാക്കളേ’ എന്നലറിവിളിച്ചുകൊണ്ട് ഒരു കുറവന്‍ ഓടിക്കിതച്ചെത്തി. പിന്നാലേ നാലഞ്ചുപേര്‍ ചേര്‍ന്ന് കൈത വെട്ടാന്‍ നിയോഗിച്ചിരുന്ന കുറവനെ താങ്ങിയെടുത്തുകൊണ്ടുവന്നു.
‘എന്തുപറ്റി? ‘ഗൃഹനാഥന്‍ അന്വേഷിച്ചു.
‘അവനെ കൈതമൂര്‍ക്കന്‍ കടിച്ചു, ഓര്‍മ്മയില്ല.’ പരിഭ്രമത്തോടെ കുറവന്മാര്‍ പറഞ്ഞു. എന്തുചെയ്യണമെന്നറിയാതദെ വീട്ടുകാര്‍ വിഷമിച്ചുനില്‍ക്കേ, മുറ്റത്തു ബോധമറ്റുകിടക്കുന്ന ആളിന്റെ സമീപത്തേക്കു സ്വാമികള്‍ ചെന്നു. കടിവായ് ഞെക്കികുറെ രക്തം കളഞ്ഞു. വെള്ളമൊഴിച്ചു മുറിവു കഴുകി. എന്നിട്ട് അവിടെയൊക്കെ നടന്ന് ഏതോ ഒരു പച്ചിലപറിച്ചു കശക്കി അതില്‍ പുരട്ടി.
അത്ഭുതം! കൈതമൂര്‍ഖന്റെ കടിയേറ്റയാള്‍ കണ്ണുതുറന്നു. ‘ആ കരിക്കിന്‍വെള്ളം അവനു കുടിക്കാന്‍ കൊടുക്കണം.’ സ്വാമികള്‍ ഗൃഹനാഥനോടു പറഞ്ഞു. ഉടനേ, കരിക്കിന്‍വെള്ളവും ഒരു ചിരട്ടയുമായി അദ്ദേഹം ആ കുറവന്റെയടുക്കലേക്കു ചെന്നു.
‘ആ ചിരട്ട എന്തിനാണ്?’ സ്വാമികള്‍.
‘കുറവനു കുടിക്കാന്‍ കൊടുക്കാന്‍’. – ഗൃഹനാഥന്‍
‘വേണ്ട.’ സ്വാമികള്‍ വിലക്കി. ‘അവനും മനുഷ്യന്‍ തന്നെയല്ലേ?’ സ്വാമി പറഞ്ഞാല്‍ ആ വീട്ടുകാര്‍ക്കെതിരഭിപ്രായമില്ല. കരിക്കിന്‍വെള്ളം മുഴുവന്‍ പാത്രത്തില്‍ നിന്നുതന്നെ കുറവന്‍ കുടിച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റു പോവുകയും ചെയ്തു. ഒരു സാധുമനുഷ്യന്റെ ജീവരക്ഷണവും ഒരു ഉയര്‍ന്ന കുടുംബത്തിന്റെ അന്ധവിശ്വാസനശീകരണവും ഈ ഒറ്റ സംഭവം കൊണ്ടു സ്വാമികള്‍ സാധിച്ചു എന്നു ചുരുക്കം. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! എല്ലാമറിയാന്‍ നേരില്‍ കണ്ടവര്‍ എഴുതിയിട്ടുള്ളതു വായിക്കുകതന്നെ വേണം.
രാത്രിയാണല്ലോ സ്വാമികളുടെ സഞ്ചാരം. പലപ്പോഴും ശിഷ്യരാരെങ്കിലും കൂടെയുണ്ടാകും. തനിയേ നടക്കുകയായിരുന്ന ഒരു രാത്രിയില്‍ കൊള്ളക്കാര്‍ വഴിയില്‍ തടഞ്ഞു. നാലുപേരുണ്ടായിരുന്നു അവര്‍. രണ്ടുപേര്‍ സ്വാമിയേയും ഒരുവന്‍ തോള്‍സഞ്ചിയിലും പിടിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വാമിജി ഏതോ മര്‍മ്മവിദ്യപ്രയോഗിച്ചു. നാലുപേരും അനങ്ങാനാവാതെ അങ്ങനെ നില്പായി! സ്വാമികള്‍ സാവധാനം നടന്ന് അടുത്തുള്ള ഒരു ഭക്തന്റെ ഗൃഹത്തില്‍ രാത്രി തങ്ങി. നേരം നന്നേ പുലരുംമുമ്പുതന്നെ വഴിയില്‍ നാലുപേര്‍ ചലനമറ്റു നില്‍ക്കുന്ന വാര്‍ത്ത നാട്ടില്‍ പരന്നു. ‘ചട്ടമ്പിസ്വാമി ഈ വഴിയെങ്ങാനും പോയോ?’ ആരോ സംശയമുന്നയിച്ചു. ഒടുവില്‍ ആ രാത്രിചട്ടമ്പികളെ മറുപ്രയോഗം ചെയ്തു ബോധംവരുത്താന്‍ യഥാര്‍ത്ഥ ചട്ടമ്പിയെ തേടിപ്പിടിച്ചുകൊണ്ടുചെല്ലേണ്ടിവന്നു. വിഷവൈദ്യത്തില്‍ എന്നപോലെ മര്‍മ്മവിദ്യയിലും ചൂണ്ടുമര്‍മ്മം, നോക്കുമര്‍മ്മം മുതലായ അങ്ങേയറ്റത്തെ നിലവരെ സ്വാമികള്‍ക്ക് വശമായിരുന്നു എന്ന് അക്കാലത്ത് ജീവിച്ചിരുന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post