ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ചീനയിലേക്കുള്ള മാര്‍ഗ്ഗംതന്നെ പട്ടുപാത എന്നാണ് അറിയപ്പെട്ടിരുന്നത്. പൗരസ്ത്യ സംസ്‌കാരത്തിന്റെ വെളിച്ചം ചീനയില്‍നിന്നും പ്രകാശിച്ചിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണം ചീനയില്‍ എത്തിയതോടെ ഭാരതവുമായുള്ള ബന്ധങ്ങള്‍ മറ്റൊരുതരത്തിലായി. എങ്കിലും ഭാരതം ചൈനയെ സഹോദരരാഷ്ട്രമായാണ് കരുതിയിരിക്കുന്നത്. എന്നാല്‍ 1962-ല്‍ ഏകപക്ഷീയമായി ചൈന ആക്രമിച്ച നടപടി ഭാരതത്തിനേറ്റ കനത്ത ആഘാതമായിരുന്നു.
ഭാരതത്തിന്റെ വളരെവിസ്തൃതമായ ഒരു പ്രദേശംമുഴുവന്‍ ചീന യുദ്ധത്തിലൂടെ കൈക്കലാക്കി. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് ദേശസ്‌നേഹം തൊട്ടുതീണ്ടാതെ പറഞ്ഞത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമിയ്ക്കുവേണ്ടി യുവാക്കളുടെ രക്തം നല്‍കണോ എന്നായിരുന്നു. അതൊക്കെ പഴയകഥ. ചൈന കമ്മ്യൂണസത്തില്‍നിന്നും മുതലാളിത്തപാതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ശക്തമായ സാമ്പത്തികശക്തികളിലൊന്നായി ചൈന ഉയര്‍ന്നുകഴിഞ്ഞു. ഭാരതവും 2020തോടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിമാറും എന്ന് പ്രവചിച്ചതും പാശ്ചാത്യ സാമ്പത്തികശാസ്ത്രജ്ഞര്‍തന്നെയാണ്. മാത്രമല്ല ലോക ജനസംഖ്യയില്‍ ചൈനകഴിഞ്ഞാല്‍ മുന്നില്‍നില്‍ക്കുന്നത് ഭാരതമാണ്. ആ നിലയില്‍ മനുഷ്യവിഭവശേഷിയുടെ കാര്യത്തില്‍ ഭാരതവും ചൈനയും ഒരുമിച്ചാല്‍ ലോകത്തെ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോടടുത്തെത്തും. ഈ പുതിയ സാഹചര്യങ്ങളിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് ഭാരതം സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞദിവസം ഭാരതവും ചൈനയുമായി പതിനാറുകരാറുകളിലാണ് ഒപ്പിട്ടത്. കൈലാസ യാത്രയ്ക്കു സിക്കിമിലെ നാഥുല ചുരത്തിലൂടെ പുതിയ പാത അനുവദിക്കുന്നതിനും ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 1.21ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് ചൈന ഇന്ത്യയില്‍ മുടക്കാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒട്ടേറെ മേഖലകളില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കും. മാത്രമല്ല ജമ്മുകാശ്മീരിലെ ലേ മേഖലയിലെ ചുമാര്‍ ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് പട്ടാളം ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വാങ്ങുകയും ചെയ്തു. ഇരു സേനകളും 200മീറ്റര്‍ മുഖാമുഖത്തില്‍ നിലയുറപ്പിച്ചിരിക്കെയാണ് ഈ പിന്‍മാറ്റമുണ്ടായത്. ഇതൊരു നല്ല സൂചനയാണ്. മാത്രമല്ല അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനും ധാരണയായിട്ടുണ്ട്.
ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതവും ചൈനയും ആയുധബലത്തിലൂടെയല്ല മറിച്ച് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ പുതിയ അദ്ധ്യായം കുറിക്കുകയാണ് ഷി ജിന്‍ പെങ്ങിന്റെ ഭാരതസന്ദര്‍ശനത്തിലൂടെ. 1962ലെ യുദ്ധത്തിനുശേഷം അരനൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞു. കോണ്‍ഗ്രസ്സാണ് ഈ കാലഘട്ടത്തില്‍ ഭാരതത്തില്‍ ഭരണത്തിന് നേതൃത്വം കൊടുത്തത്. എന്നാല്‍ ചൈനയുമായി ഇത്തരത്തിലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരിനാണെന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. ഭരണത്തിലേറി 100ദിനം പിന്നിടുമ്പോഴേക്കും ഇത്തരത്തിലൊരു ചരിത്രനേട്ടത്തിന് അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരെയും ചിന്തിപ്പിക്കാതിരിക്കില്ല. ഇന്ത്യ-ചീന ഭായീ ഭായീ എന്നത് യാഥാര്‍ത്ഥ്യമാകുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ഷി ജിന്‍ പെങ്ങിന്റെ ഭാരത സന്ദര്‍ശനം.
Discussion about this post