തിരുവനന്തപുരം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ദേശീയ അത്‌ലറ്റിക് ജംപ് ആന്റ് സ്പ്രിന്റ് അക്കാദമി കാര്യവട്ടത്ത് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കായിക വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എ.വാഹിദ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തി. അത്‌ലറ്റിക് മേഖലയില്‍ ദീര്‍ഘകാല പരിശീലനം നല്‍കി ഭാവിയുടെ കായികതാരങ്ങളളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് കേരളത്തില്‍ നാഷണല്‍ അത്‌ലറ്റിക്‌സ് അക്കാദമി തുടങ്ങുന്നതെന്ന് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പുതുതലമുറയുടെ കായിക മികവ് മെച്ചപ്പെടുത്തുകയെന്നതാണ് അന്തിമ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികരംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതുപോലെ കായിക മേഖലയുടെയും സ്വന്തം നാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികരംഗത്തിന്റെ ഉന്നതിക്കായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കായിക സര്‍വ്വകലശാല ആരംഭിക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തിലുണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ഒ.എം.നമ്പ്യാര്‍, ഒളിമ്പ്യന്‍ ശ്രീറാംസിങ് തുടങ്ങിയവരെ ആദരിച്ചു.
Discussion about this post