ഡോ.എം.പി ബാലകൃഷ്ണന്‍
വിദ്യാധിരാജസ്വാമിക്കു വശമായിരുന്ന വിദ്യകള്‍ ഏതെല്ലാമെന്നു ചിന്തിക്കുന്നതിനേക്കാള്‍ വശമാകാതിരുന്ന വിദ്യ ഏത് എന്നു ചിന്തിക്കുന്നതാവും എളുപ്പം. വൈദ്യത്തിന്റെ കാര്യം കണ്ടുവല്ലോ. ജ്യോതിഷത്തിലുമുണ്ടായിരുന്നു തത്തുല്യമായ അവഗാഹം.
ആയിരത്തിത്തൊളളായിരത്തിപതിനഞ്ചിനോടടുത്തു ഒരു മഴക്കാലം. അക്കാലത്തുണ്ടായ മറക്കാനാവാത്ത ഒരനുഭവം പറവൂര്‍ വടക്കേക്കരയില്‍ ശ്രീ തൈലോത്തു നാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹവും സ്വാമിയുംകൂടി ഒരു വൈകുന്നേരം കൊടുങ്ങല്ലൂരില്‍നിന്നു ജലമാര്‍ഗ്ഗം യാത്രതിരിച്ചു. ഒരു കൊച്ചുവള്ളത്തിലായിരുന്നു യാത്ര. പെട്ടെന്നു മാനം കാറുകൊണ്ടു. കറുത്തിരുണ്ട ആകാശത്തിനു കീഴെ കോളുകൊണ്ട കായല്‍. ശക്തമായ ശീതക്കാറ്റ്. കായലിലെ ഓളത്തിന് ആക്കം കൂടി. എടുത്തെറിയുംപോലെ ആ കൊച്ചുവള്ളം ഓളങ്ങളില്‍പെട്ടു പൊങ്ങാനും പൊടുന്നനെ പതിക്കാനും തുടങ്ങി. അത് സമുദ്രസംഗമസ്ഥലം കൂടിയാണ്. വേലിയേറ്റവുമുണ്ട്. അപ്പോഴേക്കും കൂരിരുട്ട് എങ്ങും വ്യാപിച്ചിരുന്നു. കരയേത് കായലേത് എന്നറിയാന്‍ കഴിയാതെ വള്ളക്കാരന്‍ കഴയൂന്നുകയാണ്. വള്ളം മുങ്ങും. തീര്‍ച്ച. ‘കഴ എത്തുന്നില്ല സാറേ’ – പതറിയ ശബ്ദത്തില്‍ വള്ളക്കാരന്‍ വിളിച്ചുപറഞ്ഞു. ‘സ്വാമീ …..’ നാരായണപിള്ള സ്വാമിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. ചെറിയ മഴച്ചാറ്റലും ആരംഭിച്ചു.
‘ഒന്നും കണ്ടുകൂടാ. വള്ളം കടലിലോട്ടു പോകുന്നെന്നാതോന്നുന്നേ’ വള്ളക്കാരന്‍ പറഞ്ഞു.
‘ഈശ്വരാ ഇനിയെന്തു ചെയ്യും?’ നാരായണപിള്ള മരണത്തിന്റെ ഭീകരമുഖം മുന്നില്‍ക്കണ്ടു. ‘സ്വാമീ നമ്മളെന്തു ചെയ്യും?’
സ്വാമികള്‍ക്കാണെങ്കില്‍ ഒരു കുലുക്കവുമില്ല! ഒരു മൂളിപ്പാട്ടുംപാടി കൂസലില്ലാതിരിക്കുകയാണ്. പക്ഷേ വള്ളക്കാരന്‍ അപ്പോഴേക്കും അവശനായിക്കഴിഞ്ഞിരുന്നു. ഇനി രക്ഷയില്ല നാരായണപിള്ള ഉറപ്പിച്ചു. ‘അവിടുന്നുതന്നെ രക്ഷിക്കണം സ്വാമീ’.
‘നമുക്കിപ്പോള്‍ സമയം ചീത്തയല്ല. ഒട്ടും പേടിക്കേണ്ട’ സ്വാമിയുടെ സാന്ത്വന വാക്കുകളാല്‍ നാരായണപിള്ളക്കു ജീവന്‍ തിരിച്ചുകിട്ടിയപോലെ തോന്നി. എങ്കിലും, വള്ളം സമുദ്രത്തിലേക്കാണു പോകുന്നത്. രക്ഷപ്പെടുന്നതെങ്ങനെ?
‘ഭയമാകുന്നു സ്വാമീ…..’ നാരായണപിളള ഒന്നുകൂടി സ്വാമിയോടു ചേര്‍ന്നിരുന്നു.
‘കണ്ണടച്ചോണ്ടിരുന്നോളൂ.’ സ്വാമി നിര്‍ദ്ദേശിച്ചു.
എത്രസമയം അങ്ങനെ കഴിഞ്ഞുവെന്നു നിശ്ചയമില്ല. ‘ഇനി നമുക്കിറങ്ങാം.’ സ്വാമിജിയുടെ ശബ്ദം കേട്ടു നാരായണപിള്ള ഞെട്ടി കണ്ണുതുറന്നു. പറവൂര്‍ക്കടവില്‍ വിളക്കുമരത്തിന്റെ ചോട്ടില്‍ വള്ളം എത്തിനില്‍ക്കുകയാണ്! നാരായണപിള്ളക്ക് അതു വിശ്വസിക്കാന്‍ കുറേനേരം വേണ്ടിവന്നു. വള്ളത്തില്‍ നിന്നിറങ്ങുംമുമ്പ് സ്വാമിജിയുടെ തൃപ്പാദങ്ങളില്‍ ശിരസ്സ് ചേര്‍ത്ത് നമസ്‌ക്കരിച്ചു.
നാരായണപിള്ള വള്ളക്കാരനെ നോക്കി. വള്ളത്തിനുള്ളില്‍ അമരത്തില്‍ ചാരി അബോധാവസ്ഥയില്‍ ഇരിക്കുകയായിരുന്നു അയാള്‍!
പ്രകൃതിയെപ്പോലും വശംവദയാക്കാനുള്ള ചട്ടമ്പിസ്വാമികളുടെ കഴിവാണോ ജ്യോതിശ്ശാസ്ത്രത്തിലുള്ള സൂക്ഷ്മജ്ഞാനമാണോ അല്ല, രണ്ടുമാണോ ഈ സംഭവം തെളിയിക്കുന്നത്?
Discussion about this post