ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തി നൂറ്റിഇരുപത്തിയേഴുകോടി ജനങ്ങളുടെ അഭിമാനമായി മാറിയ മംഗള്‍യാന്‍ ദൗത്യം വിജയിച്ചപ്പോള്‍ ഒരു രാഷ്ട്രം ഏകമനസോടെ ആ വികാരം പങ്കിട്ടു. എന്നാല്‍ ഈ ചരിത്രമുഹൂര്‍ത്തം സൃഷ്ട്രിക്കാന്‍ ഒഴുക്കിയ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥ ഭൂരിഭാഗം പൗരന്‍മാരും ചിന്തിക്കാറില്ല. രാത്രിയെ പകലാക്കി, ഉണ്ണാതെയും ഉറങ്ങാതെയുമൊക്കെ ആയിരക്കണക്കിനു ശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ സ്വകാര്യജീവിതത്തിന്റെ സന്തോഷനിമിഷങ്ങളെപ്പോലും തൃജിച്ചുകൊണ്ടാണ് ഈ അഭിമാന നേട്ടത്തിലേക്ക് പറന്നുയര്‍ന്നത്. ഒഴിവുദിനങ്ങളില്‍ പോലും ജോലിചെയ്യുകയും തങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെയും കുട്ടികളെയും നോക്കുന്നതിനുപോലും സമയം കിട്ടാതെയും രാഷ്ട്രനിര്‍മ്മിതിയുടെ ധര്‍മപാതയിലൂടെയുള്ള യാത്ര കല്ലുംമുള്ളും നിറഞ്ഞതായിരുന്നുവെന്ന് എത്രപേരാണ് ഓര്‍ക്കുന്നത്. സര്‍ക്കാര്‍ സേവനത്തിന്റെ കണക്കുപ്രകാരമാണെങ്കില്‍ അറുപതും എഴുപതും വയസുവരെ സേവനമനുഷ്ഠിക്കുന്ന അത്രയും കാലം ഈ മഹാദൗത്യത്തിനായി ശാസ്ത്രജ്ഞര്‍ ചെലവിട്ടുകഴിഞ്ഞു. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഭാരതീയന് അപ്രാപ്യമായി ഒന്നുമില്ലെന്നതിന് തെളിവാണ് മംഗള്‍യാന്‍.
ഭാരതം സ്വതന്ത്രമായിട്ട് ആറരപതിറ്റാണ്ടു കഴിഞ്ഞിട്ടും നമുക്ക് ദാരിദ്ര്യവും നിരക്ഷരതയും പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞില്ല. മനുഷ്യവിഭവശേഷിയുടെ കുറവോ, വിദഗ്ദ്ധരുടെ അഭാവമോ വിഭവശേഷി ഇല്ലാത്തതോ അല്ല. മറിച്ച് ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്‌കാരമാണ് ഈ അധഃപതനത്തിനു കാരണം. ജനങ്ങളുടെ ജീവല്‍പ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട സര്‍ക്കാരാഫീസുകളെ പോലും ചുവപ്പുനാട വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം മിക്കപ്പോഴും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണു ലഭിക്കുക. രോഗികള്‍ക്കു ലഭിക്കേണ്ട സഹായംപോലും അവര്‍ മരിച്ചിട്ടും കിട്ടാത്ത സന്ദര്‍ഭങ്ങളുമുണ്ട്. പല സര്‍ക്കാരാഫീസുകളിലും യഥാസ്ഥാനത്ത് യഥാകാലങ്ങളില്‍ ജീവനക്കാരുണ്ടാകാറില്ല. അഥവാ ജീവനക്കാര്‍ ഉണ്ടായാല്‍ തന്നെ പലകാര്യങ്ങള്‍ക്കും ജനങ്ങള്‍ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു തീര്‍ന്നാലും ആവശ്യം നേടാത്ത അവസ്ഥയാണ്.
എട്ടുമണിക്കൂര്‍ പണിയെടുക്കണമെന്നാണ് ചട്ടമെങ്കിലും നാലൂമണിക്കൂര്‍ പോലും ഭൂരിപക്ഷവും ജോലിചെയ്യാറില്ല. കൃത്യനിഷ്ഠയോടെയും ആത്മാര്‍ത്ഥതയോടെയും പണിയെടുക്കുന്ന ഒരു ന്യൂനപക്ഷം ജീവനക്കാരാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നത്. അതേസമയം ബാങ്കുകള്‍, ഏജീസ് ആഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ കൃത്യമായി ജോലിനടക്കുന്നുമുണ്ട്. വ്യത്യസ്ഥമായ തൊഴില്‍ സംസ്‌കാരത്തിന്റെ രണ്ടുമുഖങ്ങളാണ് നമുക്ക് ഇവിടെ ദൃശ്യമാകുന്നത്. അരമണിക്കൂര്‍കൊണ്ടുതീര്‍ക്കാവുന്ന ജോലിപോലും മാസങ്ങള്‍ നീട്ടുന്ന പ്രവണതയാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ലൈറ്റ്മെട്രോ പദ്ധതിയുടെ സാധ്യതാപഠനത്തിന് ഡല്‍ഹിമെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്തുനല്‍കാന്‍ കേരള സര്‍ക്കാര്‍ ഒരു മാസമെടുത്തു എന്ന കാര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. സാധ്യതാപഠനത്തിന് ആറാഴ്ച ശ്രീധരന്‍ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ചക്കുള്ളില്‍ വേണമെന്ന മുഖ്യമന്ത്രിയുടെ താല്‍പര്യം കണ്ട് ശ്രീധരന്‍ അതിനു സമ്മതം മൂളി. എന്നാല്‍ കത്തുകിട്ടാത്തതിനെ തുടര്‍ന്ന് ശ്രീധരന്‍ തന്നെ മുഖ്യമന്ത്രിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അതു നല്‍കിയത്. സാധ്യതാപഠനം നടത്താന്‍ കഴിയുമായിരുന്ന നാലാഴ്ചയാണ് ഒരു കത്തിന്റെ പേരില്‍ പാഴായത്. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗതീരുമാനം കത്തായി നല്‍കുന്നതിന് ഒരു മാസമെടുത്തുവെങ്കില്‍ മറ്റുകാര്യങ്ങള്‍ പറയാതിരിക്കുകയാണ് ഭേദം. സര്‍ക്കാര്‍ ആഫീസുകളിലെ തൊഴില്‍ സംസ്‌കാരത്തിന്റെ പച്ചയായ തെളിവാണിത്.
രാഷട്രം പലമേഖലകളിലും പുരോഗതി നേടാതെ പോയതും ബഹിരാകാശ രംഗത്ത് ലോകത്തിന്റെ നെറുകയിലെത്തിയതും എന്തുകൊണ്ടാണെന്നു വ്യക്തമാണ്. സര്‍ക്കാര്‍ ആഫീസുകളിലെ തൊഴില്‍ സംസ്‌കാരം അടിമുടി ഉടച്ചുവാര്‍ക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
Discussion about this post