ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍
ജഗന്മിഥ്യ (സത്യാനന്ദസുധാവ്യാഖ്യാനം)
കളത്രസുഖം സ്വപ്നംപോലെ അയഥാര്‍ത്ഥമാണ്. ഭര്‍ത്തൃസുഖവും അങ്ങനെതന്നെയെന്നറിയണം. ആയുസ്സും ക്ഷണികം തന്നെ. കാമ, ക്രോധ, ലോഭ, മോഹ, മദ മാത്സര്യാദികള്‍കൊണ്ടു നിറഞ്ഞ ലോകാനുഭവവും ആലോചിച്ചു നോക്കിയാല്‍ സ്വപ്നം പോലെ തന്നെയാണ്. അസ്തമനസൂര്യന്റെ വര്‍ണ്ണാഭമായ കിരണങ്ങളും മേഘമാലകളും ചേര്‍ന്ന് ആകാശത്ത് ഒരുക്കുന്ന കമനീയമായ ദൃശ്യമാണ് ഗന്ധര്‍വ്വനഗരം. ആകാശത്തു കാണുന്ന നഗരം ഒരുതരം ഭ്രമമാണ്. ലോകാനുഭവവും അതുപോലെയാകുന്നു. ബുദ്ധിയില്ലാത്തവരാണ്. ലോകസുഖങ്ങള്‍ സത്യമെന്നു ഭ്രമിച്ച് പിന്‍തുടരാനാഗ്രഹിക്കുക.
ജാഗ്രത്, സ്വപ്നം, സുക്ഷുപ്തി എന്നു മൂന്നവസ്ഥകള്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഉണര്‍ന്നിരുന്ന് ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയുകയും വാക്ക്, പാണി, പാദം, വായൂ, ഉപസ്ഥം എന്നീ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ടു ലോകത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജാഗ്രത്. ഈ അവസ്ഥയില്‍ ‘ഞാന്‍’ ആകുന്ന ആത്മാവ് ശരീരവുമായി (സ്ഥൂലശരീരം) താദാത്മ്യം പ്രാപിച്ച് മനസ്സുസൃഷ്ടിക്കുന്ന ലോകത്തില്‍ വ്യാപരിക്കുന്ന അവസ്ഥയാണ് സുഷുപ്തി. തന്നെപ്പോലും അറിയാത്ത അവസ്ഥയാണത്. ഈ മൂന്നവസ്ഥകളും ചേര്‍ന്നതാണു നമ്മുടെ ലോകാനുഭവം. യോഗിയെ സംബന്ധിച്ചിടത്തോളം നാലാമതൊരു അവസ്ഥ കൂടിയുണ്ട്. തുരീയം എന്ന് അതിനെ വിളിക്കുന്നു. പ്രപഞ്ചാനുഭവങ്ങളെല്ലാം അസ്തമിച്ച് ഞാന്‍ പരമാത്മാവുതന്നെയാണെന്നു അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണത്. ഈ അവസ്ഥമാത്രമാണു സത്യം. മറ്റു മൂന്നും അയഥാര്‍ത്ഥമാകുന്നു.
സ്വപ്നം കാണുന്ന അവസരത്തില്‍ അതു സത്യമാണെന്നു എല്ലാവരും ഭ്രമിക്കുന്നു. ഈ കാണുന്നതു സ്വപ്നം മാത്രമാണെന്നും സത്യമല്ലെന്നും അപ്പോള്‍ തോന്നുന്നതേ ഇല്ല. സ്വപ്നദൃശ്യങ്ങള്‍ കാണുമ്പോള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ഭയക്കുകയുമൊക്കെച്ചെയ്യുന്നത് അതുകൊണ്ടാണ്. സ്വപ്നത്തില്‍നിന്നു ജാഗ്രത്തിലേക്ക് വരുമ്പോള്‍ മാത്രമാണ് സ്വപ്നദൃശ്യങ്ങള്‍ അസത്യമായിരുന്നെന്നും സന്തോഷസന്താപാദികള്‍ക്കു വശംവദനാകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മനസ്സിലാകുന്നത്. സ്വപ്നംപോലെ അയഥാര്‍ത്ഥമാണ്. കളത്രസുഖവും. അറിവില്ലായ്മകൊണ്ടാണ് അതില്‍ ഭ്രമിക്കുന്നത്. ജാഗ്രദവസ്ഥയിലുണ്ടാകുന്ന പ്രപഞ്ചാനുഭവം ഇതേപോലെ സ്വപ്നമാനമാകുന്നു. അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യമാണെന്നു തോന്നുമെങ്കിലും തുരീയാവസ്ഥയിലേക്കുയരുമ്പോള്‍ സ്വപ്നംപോലെ ജാഗ്രത്തും അസത്യമായിരുന്നു എന്നു ബോധ്യമാകും. ബ്രഹ്മം മാത്രമേ സത്യമായുള്ളൂ പ്രപഞ്ചം മിഥ്യയാണെന്നു അറിവുള്ളയാളാണു വിവേകി. അതു നേടലാണു ജീവിതലക്ഷ്യം.
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നു അഞ്ചു ആകൃതികള്‍ ഇടകലര്‍ന്ന അനുഭവമാണു പ്രപഞ്ചം. ഇവയഞ്ചുമല്ലാതെ ആറാമതൊരാകൃതി ലോകത്തിനില്ല. ഇവ ഇല്ലാതായാല്‍ പ്രപഞ്ചാനുഭവവും തീര്‍ന്നു. ഈ ആകൃതികള്‍ അഥവാ ഗുണങ്ങള്‍ യഥാക്രമം കാത്, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ വസ്തുബോധം ജനിക്കുന്നു. ആനയുടെ നിറവും ആകാരവും (രൂപം) കണ്ണ് എന്ന ഇന്ദ്രിയവുമായി ബന്ധപ്പെടുമ്പോള്‍ ആനയെന്ന ജീവിയുടെ ദൃശ്യരൂപം ജനിക്കുന്നു. മേശയുടെ രൂപവും സ്പര്‍ശവും കണ്ണ് തൊലി എന്നീ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മേശയെന്ന വസ്തുബോധം ഉണ്ടാകുന്നു. ഇങ്ങനെ ശബ്ദസ്പര്‍ശാദികളായ ആകൃതികളെല്ലാം അതതു ഇന്ദ്രിയവുമായി ബന്ധപ്പെട്ടു വസ്തുബോധമുളവാക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ലോകത്ത് നാം കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും രൂപിക്കുകയും മണക്കുകയും ചെയ്യുന്ന വസ്തുക്കളെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണ്. യഥാര്‍ത്ഥത്തില്‍ നാം അനുഭവിക്കുന്നവിധമുള്ള വസ്തുക്കളില്ല. ആ വസ്തുബോധം നമ്മില്‍ ഉളവാക്കാന്‍ പാകത്തിലുള്ള ഗുണങ്ങളേ ഉള്ളൂ.
ഈ പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങലുടെയും അടിസ്ഥാനഘടകം ആറ്റം അഥവാ പരമാണുവാണെന്നും അവ ഇലക്ട്രോണ്‍ പ്രോട്ടോണ്‍ ന്യൂട്രോണ്‍ എന്നീ സബ് അറ്റോമിക്പാര്‍ട്ടിക്കിള്‍കൊണ്ടു നിര്‍മ്മിതമാണെന്നും ശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം. ഈ സബ് അറ്റോമിക്പാര്‍ട്ടിക്കിള്‍സും പദാര്‍ത്ഥമല്ല ഊര്‍ജ്ജത്തിന്റെ (എനര്‍ജി) പ്രവാഹം മാത്രമാണെന്ന് ശാസ്ത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ഊര്‍ജ്ജത്തിന്റെ അഥവാ പ്രാണന്റെ നിരന്തരമായ പ്രവാഹമേ ഈ ലോകത്തില്‍ യഥാര്‍ത്ഥമായുള്ളൂ. അതില്‍ ശബ്ദസ്പര്‍ശ രൂപരസഗന്ധാദികളെ നമ്മുടെ മനസ്സ് ആരോപിക്കുന്നു. അതിന്റെ ഫലമായി ഊര്‍ജ്ജപ്രവാഹത്തെ മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെനിറഞ്ഞ ലോകമായി നാം കാണുന്നു. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴും ഊര്‍ജ്ജപ്രവാഹത്തിനു മാറ്റമുണ്ടാകുന്നില്ല. അതു ഊര്‍ജ്ജപ്രവാഹമായിത്തന്നെ തുടരുന്നു. ജഗത്തു മിഥ്യയാണെന്നു ശങ്കരാചാര്യസ്വാമികള്‍ പറഞ്ഞത് അതുകൊണ്ടാണ്. ഊര്‍ജ്ജത്തിന് അടിസ്ഥാനമായ പരമാത്മവസ്തുവിനെ കണ്ടെത്താന്‍ ഭൗതികശാസ്ത്രത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതു നമ്മുടെ ഋഷിമാര്‍ കണ്ടെത്തി. മാറ്റമില്ലാത്ത അതിനെ അവര്‍ സത്യമെന്നും ബ്രഹ്മമെന്നും വിളിച്ചു. അതിലാണു ഈ ദൃശ്യങ്ങളെല്ലാം നാം കാണുന്നത്. ഇങ്ങനെ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതും ശബ്ദസ്പര്‍ശാദികളായ ഗുണങ്ങള്‍ ഇന്ദ്രിയങ്ങളോടു ബന്ധപ്പെടുന്നതുകൊണ്ടു ഉണ്ടെന്നു തോന്നുന്നതുമായ പ്രാപഞ്ചികവസ്തുക്കളില്‍ ഭ്രമിക്കുന്നതാണു മനുഷ്യനു പറ്റിപ്പോകുന്ന തകരാറ്. രാഗാദിസങ്കുലമായുള്ള സംസാരമാകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ’ എന്നു രാമന്‍ പറയുന്നതിന്റെ പൊരുള്‍ ഇതാണ്.
Discussion about this post