ഡോ.പ്രബോധചന്ദ്രന്‍ നായര്‍
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡല മധ്യഗ
ചാരുരൂപാ ചാരുഹാസാ ചാരുചന്ദ്രകലാധരാ
മനുവും ചന്ദ്രനും നിയമനം ചെയ്ത ഉപാസനാ സമ്പ്രദായങ്ങളില്‍ ദേവി കുടികൊള്ളുന്നു. ശ്രീ വിദ്യോപാസനാക്രമങ്ങള് നിര്‍ദേശിച്ച മറ്റു പത്തു പേര്: കുബേരന്, ലോപാമുദ്ര, മന്മഥന്, അഗസ്ത്യന്, അഗ്നി, സൂര്യന്, ഇന്ദ്രന്, സ്കന്ദന്, ശിവന്, ക്രോധഭട്ടാരകന്‍.
ചന്ദ്രമണ്ഡലത്തിന്റെ നടുവിലോ ചന്ദ്രമണ്ഡലപ്രതീകമായ ശ്രീചക്രത്തിന്റെ മധ്യബിന്ദുസ്ഥാനത്തോ കുണ്ഡലിനീരൂപത്തില്‍ ആജ്ഞാചക്രത്തിനുമേലുള്ള ചന്ദ്രമണ്ഡലത്തിലോ ലളിതാംബിക എത്തിച്ചേരുന്നു. ദേവിയുടെ രൂപവും പുഞ്ചിരിയും മനോഹരമാണ്. ദേവി അഴകിയെന്ന അമ്പിളിക്കല ചൂടിയിരിക്കുന്നു.
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാര്‍വതീ പദ്മനയനാ പദ്മരാഗസമപ്രഭാ
പ്രപഞ്ചത്തിലെ സകലചരാചരങ്ങളുടെയും സംരക്ഷകയായ ദേവിയുടെ വാസസ്ഥലം തന്ത്രശാസ്ത്രപ്രകാരമുള്ള എല്ലാ ചക്രങ്ങളുടെയും രാജസ്ഥാനം വഹിക്കുന്ന ശ്രീചക്രവും ചക്രരാജം എന്നു പേരായ രഥവുമാകുന്നു.
ദേവി ഹിമവാന്റെ മകളും താമരപ്പൂവിതള്ക്കണ്ണിയും ചെന്താമരനിരമാര്ന്നതിനാല് പദ്മരാഗം എന്നു പേരായ രത്നം പോലെ അരുണപ്രകാശം പരത്തുന്നവളുമത്രേ. ചെന്താമരപ്പൂനിറത്തിനൊപ്പം പ്രകാശമിയന്നവള് എന്നുമാവാം. (പദ്മ – രാഗ – പ്രഭാ)
Discussion about this post