ബാംഗളൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല. ജാമ്യം ലഭിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നീടാണ് ജാമ്യാപേക്ഷ നിരസിച്ചതായി സ്ഥിരീകരിക്കപ്പെട്ടത്. കേസില്‍ പ്രത്യേക കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയും കര്‍ണാടക ഹൈക്കോടതി തള്ളി. ഉപാധികളോടെ ജാമ്യം നല്കുന്നതിന് എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും ജസ്റ്റീസ് കെ.വി.ചന്ദ്രശേഖരയുടെ ബഞ്ച് ഇതും അംഗീകരിച്ചില്ല.
അഴിമതി ഒരു ആഗോള കുറ്റമാണ്. മുന്‍ മുഖ്യമന്ത്രി അതു ചെയ്യുമ്പോള്‍ ഗൗരവമേറുന്നു. പലരും ഇത് മാതൃകയാക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നതിന് കഴിയില്ലെന്നും കോടതി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജയലളിത ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണം ഇല്ല. മുന്‍ മുഖ്യമന്ത്രി കൂടിയാണ് പ്രതി. ഇതിനാല്‍ കേസിനെ സ്വാധീനിക്കാന്‍ ജയലളിതയ്ക്കു കഴിയുമെന്ന് ജയലളിതയുടെ ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി ചൂണ്ടിക്കാട്ടി. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയയുടെ അഭിഭാഷകര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ തമിഴ്‌നാട്ടിലെങ്ങും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തിയിരുന്നു. തെരുവില്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ജാമ്യ വാര്‍ത്തയെ സ്വീകരിച്ചത്. ഇതിന് പിന്നാലെ ജാമ്യം ലഭിച്ചില്ലെന്ന വാര്‍ത്ത വന്നതോടെ പാര്‍ട്ടി ക്യാമ്പുകള്‍ നിശബ്ദമായി.
ജയലളിതയ്ക്കും മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യം നല്കുന്നതിനെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്റെ നടപടി കോടതി മുറിക്കുള്ളില്‍ അമ്പരപ്പുണ്ടാക്കി. രാവിലെ ഹര്‍ജിയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ജാമ്യം നല്കിയാല്‍ ജയലളിത ഒളിവില്‍ പോകാന്‍ സാധ്യതയുണ്‌ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും വാദിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പ്രോസിക്യൂഷന്‍ നിലപാട് മാറ്റുകയായിരുന്നു. ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഉച്ചക്കുശേഷം കോടതി നിലപാട് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ അറിയിച്ചത്. പ്രോസിക്യൂഷന്റെ നിലപാട് മാറ്റത്തോടെ ജയലളിതയ്ക്കു ജാമ്യം ലഭിക്കുമെന്ന് ഉറപ്പാണെന്ന് ആദ്യം വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ചുവെന്നും വാര്‍ത്തകള്‍ പരക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം ജയലളിതയ്ക്ക് ജാമ്യം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ദൃശ്യമാധ്യമങ്ങള്‍ തത്സസമയ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് കോടതിയുടെ വിധി ഉണ്ടായത്.
രാവിലെ കേസ് ഉടന്‍ വിളിക്കണമെന്ന് ജയലളിതയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനി ആവശ്യപ്പെട്ടതും കോടതി നിരസിച്ചിരുന്നു. പരിഗണിക്കാനിരുന്ന 73 -ാമത്തെ കേസായിരുന്നു ജയലളിതയുടെ ജാമ്യാപേക്ഷ. അടിയന്തരമായി ഈ കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി, കേസ് നേരത്തെ വിളിക്കണമെന്ന ആവശ്യം നിരസിച്ചത്. തുടര്‍ന്ന് 11.30 ന് കേസ് വിളിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു.ജയലളിതയടക്കമുള്ള പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ജാമ്യം അനുവദിക്കണമെന്ന വാദം ശക്തമായി ഉന്നയിച്ചു. ഇതിനുശേഷം കോടതി ഉച്ചഭക്ഷണത്തിനുവേണ്ടി പിരിയുകയായിരുന്നു. ഉച്ചക്കുശേഷം വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാട് കോടതി വീണ്ടും ആരാഞ്ഞു. ഈ സമയത്താണ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ഉപാധികളോടെ ജാമ്യമാകാമെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതോടെയാണ് ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചുവെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അരമണിക്കൂറിനകം കോടതി ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടും പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദുചെയ്യുന്നില്ലെന്നും വ്യക്തമാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു.
66.65 കോടി രൂപ അനധികൃമായി സമ്പാദിച്ച കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി ജയലളിതയും കൂട്ടുപ്രതികളും ബാംഗളൂരിലെ ജയിലിലാണ്. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ജനപ്രാതിനിധ്യനിയമത്തിലെ ഭേദഗതി പ്രകാരം ജയയുടെ മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. കൂട്ടു പ്രതികളായ തോഴി ശശികല, ബന്ധു വി.എന്‍. സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.
Discussion about this post