സമാധാനം, സാഹിത്യം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ലോകത്ത് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് നോബല്‍സമ്മാനം. എന്നാല്‍ പലപ്പോഴും നോബല്‍പുരസ്‌കാരപ്രഖ്യാപനം വിവാദങ്ങളില്‍ പെടാറുണ്ട്. അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കാതിരിക്കുകയും അനഹര്‍ക്ക് ലഭിക്കുകയും ചെയ്ത ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോബല്‍ചരിത്രത്തിലുണ്ട്. ഗാന്ധിജിക്ക് സമാധാന നോബല്‍ പുരസ്‌കാരവും ലിയോടോള്‍സ്‌റ്റോയിക്ക് സാഹിത്യ നോബല്‍സമ്മാനവും ലഭിക്കാതെ പോയത് നോബല്‍ ചരിത്രത്തിലെ തിരുത്താനാവാത്ത തെറ്റായി എന്നും അവശേഷിക്കും. ഊര്‍ജ്ജതന്ത്രത്തില്‍ മലയാളിയായ ജോര്‍ജ് സുദര്‍ശന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തിയ മറ്റൊരാളിന് പിന്നീട് സമ്മാനം നല്‍കിയതും വിവാദമായിട്ടുണ്ട്.
ഗാന്ധിജിയെപ്പോലെ ഒരു സമാധാനവാദിയെ ഇനി എന്നെങ്കിലും ലോകത്തിന് കാണാനാവുമോ എന്നറിയില്ല. ശ്രീബുദ്ധന്റെ മണ്ണില്‍ജനിച്ച് സമാധാനത്തിന്റെ ദൈവദൂതനായ ഗാന്ധിജി ഇന്ന് ലോകത്തിന്റെ പ്രചോദനകേന്ദ്രമാണ്. ആ മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് 80,000ത്തോളം കുട്ടികളെ ചൂഷണത്തില്‍നിന്ന് മോചിപ്പിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കൈലാസ് സത്യാര്‍ത്ഥി എന്ന മനുഷ്യസ്‌നേഹിക്കും, വധഭീഷണിപോലും തൃണവല്‍ഗണിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പൊരുതുന്ന മലാല യൂസഫ് സായിക്കുമാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍പുരസ്‌കാരം ലഭിച്ചത്. ഭാരത-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുമ്പോള്‍ അതിരുകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നുള്ള രണ്ടുപേര്‍ക്ക് ഈ പുരസ്‌കാരം ലഭ്യമാകുന്നതില്‍ അര്‍ത്ഥതലങ്ങള്‍ ഒരുപാടുണ്ട്.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി ചേരികളിലും ഫാക്ടറികളിലും കടന്നുചെന്ന്, വധഭീഷണിയെപോലും നേരിട്ടുകൊണ്ടാണ് ബാലവേലയ്‌ക്കെതിരെയും ബാലചൂഷണത്തിനെതിരെയും കൈലാസ് സത്യാര്‍ത്ഥി തന്റെ നിശബ്ദ സേവനവുമായി മുന്നോട്ടുപോകുന്നത്. ഒരിക്കലും പ്രശസ്തിയുടെ പുറകേ പോകാത്ത യഥാര്‍ത്ഥ ഗാന്ധിശിഷ്യനായ സത്യാര്‍ത്ഥിയെ ഭാരതത്തില്‍പോലും എത്രപേര്‍ക്ക് അറിയാമെന്നറിയില്ല. ഒരിക്കലും തന്റെ സേവനത്തെ വെള്ളിവെളിച്ചത്തില്‍ തുറന്നുകാട്ടാന്‍ ആഗ്രഹിക്കാത്ത സത്യാര്‍ത്ഥിക്കുള്ള ഈ സമ്മാനലബ്ധി ഓര്‍മ്മിപ്പിക്കുന്നത് സ്വാതന്ത്ര്യ സമരനാളുകളില്‍ ആഘോഷതിമിര്‍പ്പുകള്‍ക്കപ്പുറത്ത് നവഖാലിയിലൂടെ നടന്ന ഗാന്ധിജിയെയാണ്. ചേറുപറ്റിയ കാലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ കണ്ണീര്‍തുടച്ച കൈകളുമായി ഇപ്പോഴും പ്രവര്‍ത്തനനിരതനായ കൈലാസ് സത്യാര്‍ത്ഥിയെപ്പോലുള്ളവരാണ് ഭാരതാംബയുടെ യഥാര്‍ത്ഥ പുത്രന്മാര്‍. സത്യാര്‍ത്ഥിയുടെ പുണ്യകരമായ പ്രവര്‍ത്തനത്തെ നോബല്‍പുരസ്‌കാര നിര്‍ണയസമിതി തിരിച്ചറിഞ്ഞതിലൂടെ നോബല്‍സമ്മാനംതന്നെ കൂടുതല്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്.
അഖണ്ഡഭാരതത്തിന്റെ തന്നെ ഭാഗമായ പാക്കിസ്ഥാനില്‍ ജനിച്ച മലാലയൂസഫ് സായ് നോബല്‍സമ്മാനത്തിനര്‍ഹയാകുന്ന ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടിയാണ്. ലോകത്തിന്റെ മാലാഖയായിമാറിയ ആ പെണ്‍കുട്ടി കേവലം പതിനേഴുവയസ്സിലാണ് നോബല്‍ പുരസ്‌കാരത്തിനര്‍ഹയാകുന്നത്. ഭാരതത്തില്‍ വോട്ടവകാശംപോലും അര്‍ഹതയില്ലാത്ത പ്രായം.
താലിബാന്‍ ഭീകരരുടെ ഭീഷണിയെ വകവയ്ക്കാതെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊളളുകയും വിലക്കുകള്‍ മറികടന്ന് വിദ്യാലയത്തില്‍പോകുകയും ചെയ്തതിലൂടെയാണ് മലാല നോട്ടപ്പുള്ളിയായത്. 2012ല്‍ പതിനഞ്ചാംവയസിലാണ് സ്‌കൂള്‍വാനിലേക്ക് ഇരച്ചുകയറിയ താലിബാന്‍ ഭീകരരുടെ വെടിയേല്‍ക്കുന്നത്. ‘അവിശ്വാസികളുടെയും അശ്ലീലത്തിന്റെയും പ്രതീക’മെന്നാണ് മലാലയെ താലിബാന്‍ഭീകരര്‍ വിശേഷിപ്പിച്ചത്. അന്ന് ലോകംമുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ മലാലയുടെ ജീവനുവേണ്ടി ഈശ്വരനുമുന്നില്‍ കേണു. ബ്രിട്ടനിലേക്ക് ചികിത്സാര്‍ത്ഥംകൊണ്ടുപോയ ആ ബാലിക ജീവിതത്തിലേക്ക് മടങ്ങിവരികയും അവിടെ വിദ്യാഭ്യാസം തുടരുകയുമാണ്. ഇപ്പോഴും മലാലനോട്ടപ്പുള്ളിയാണ്. ഇതിനിടെ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനും മലാലയ്ക്ക് അവസരം ഉണ്ടായി. ‘ഒരു പേനയ്ക്കും ഒരു അദ്ധ്യാപകനും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും’ എന്ന മലാലയുടെ വാക്കുകള്‍ കോരിത്തരിപ്പോടെയാണ് ഐക്യരാഷ്ട്രസഭ കേട്ടിരുന്നത്.
സംഘര്‍ഷത്തിന്റെ പാതയില്‍നിന്ന് സമാധാനത്തിലേക്ക് നീങ്ങുക എന്ന സന്ദേശമാണ് സമാധാനനോബല്‍ പുരസ്‌കാരത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ഭാരതം എക്കാലവും സമാധാനത്തിന്റെയും ശാന്തിയുടെയും മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ലോകത്തിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ആ പാതയിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്ന രാഷ്ട്രമാണ്. അതിരുകള്‍ക്കപ്പുറത്തുനിന്നും ഒരുതരിമണ്ണുപോലും ആഗ്രഹിക്കാത്ത ഒരു രാഷ്ട്രമുണ്ടെങ്കില്‍ ഒരുപക്ഷേ അതു ഭാരതമാണ്. എന്നാല്‍ ഭാരതത്തിന്റെ സമാധാന ദൗത്യം നിര്‍ഭയത്വത്തിന്റേതുകൂടിയാണ്. ഗാന്ധിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന ഒരു മഹത് വ്യക്തിക്ക് ലഭിച്ച ഈ പുരസ്‌കാരം ഗാന്ധിജിക്കും ഭാരതത്തിന്റെ സമാധാന മാര്‍ഗ്ഗത്തിനും കൂടി കിട്ടിയ അംഗീകാരമാണ്.
മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതാണ് ജീവിതമെന്നും സ്വന്തം ഇംഗിതത്തിനുവേണ്ടിമാത്രം ജീവിക്കന്നത് മരണമാണെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. അന്യന് ഉതകുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ജീവിതത്തെ സാര്‍ത്ഥകമാക്കേണ്ടത്. ആ നിലയില്‍ കൈലാസ് സത്യാര്‍ത്ഥിയുടെയും മലാലയൂസഫ് സായിയുടെയും ജീവിതം കാലാതിവര്‍ത്തിയായ ഓര്‍മ്മക്കുറിപ്പാണ്.
Discussion about this post