ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
പ്രപഞ്ചസത്യം – സത്യാനന്ദസുധാവ്യാഖ്യാനം
ശബ്ദസ്പര്‍ശ രൂപരസഗന്ധാദികള്‍ പ്രപഞ്ചത്തിലില്ല. അതിരിക്കുന്നതു നമ്മിലാണ്. പ്രപഞ്ചത്തില്‍ അവയെ നാം അബോധപൂര്‍വ്വമായി ആരോപിച്ചു കാണുന്നു എന്നുമാത്രം. പ്രപഞ്ച പ്രതീതിക്കുപോലും കാരണം ഈ ആരോപണമാണ്. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. സൂര്യരശ്മിക്ക് ഏഴുനിറമുണ്ട്. ഓരോ നിറത്തെയും ഓരോ കുതിരയായി സങ്കല്പിച്ച് പ്രാചീനഭാരതം സൂര്യനെ സപ്താശ്വനെന്നു വിളിച്ചു. വയലറ്റുമുതല്‍ ചുവപ്പുവരെ നാം കാണുന്ന നിറങ്ങളെല്ലാം ഓരോരോ ആവൃത്തിയിലുള്ള ഊര്‍ജ്ജതരംഗം മാത്രമാണ്. ആവൃത്തിയുടെ കാര്യത്തില്‍ മാത്രമേ അവയ്ക്കുതമ്മില്‍ വ്യത്യാസമുള്ളൂ. ഫ്രീക്വന്‍സി ഏറ്റവും കൂടിയ പ്രകാശരശ്മിയാണു വയലറ്റ്. അതിനു തരംഗദൈര്‍ഘ്യം കുറവാണ്. ഇന്‍ഡിഗോ, ബ്ലൂ, ഗ്രീന്‍ എന്നീ മുറയ്ക്ക് ഫ്രീക്വന്‍സി യഥാക്രമം കുറയുകയും തരംഗദൈര്‍ഘ്യം കൂടുകയും ചെയ്യുന്നു. ഫ്രീക്വന്‍സി ഏറ്റവും കുറഞ്ഞ വേവ്‌ലങ്ത്ത് കൂടുതലുള്ള രശ്മിയാണു ചുവപ്പ്. വയലറ്റിനേക്കാള്‍ കൂടിയ ഫ്രീക്വന്‍സിയും ചുവപ്പിനെക്കാള്‍ കുറഞ്ഞ ഫ്രീക്വന്‍സിയുമുള്ള രശ്മിയെ നമുക്കു കാണാനാവുകയില്ല. ഈ രശ്മികള്‍ക്കു തമ്മിലുള്ള വ്യത്യാസം ഫ്രീക്വന്‍സിയില്‍ മാത്രമാണെന്നു പറഞ്ഞല്ലോ. പക്ഷേ ഫ്രീക്വന്‍സിയെ നമ്മള്‍ കാണുന്നില്ല. പകരം നിറം കാണുന്നു. നിറം അതിനുള്ളതല്ല. ഓരോരോ ഫ്രീക്വന്‍സിക്കു നമ്മുടെ മനസ്സു നല്‍കുന്ന വ്യാഖ്യാനമാണു നിറം. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ ഒരു വസ്തുവിനും നിറമില്ല. ഓരോ ഫ്രീക്വന്‍സിയിലുള്ള പ്രകാശകിരണത്തെ പ്രതിഫലിപ്പിക്കാന്‍വേണ്ടുന്ന കഴിവേ ഉള്ളൂ. അവയ്ക്കു നിറമുണ്ടെന്നു തോന്നുന്നതു നമ്മുടെ മനസ്സിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇതേരീതിയില്‍ ശബ്ദസ്പര്‍ശാദികളായ അനുഭവങ്ങളും ഊര്‍ജ്ജപ്രവാഹത്തില്‍ നാം ആരോപിക്കുന്നതു മാത്രമാണെന്നറിയണം. ഗുണങ്ങള്‍ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുമ്പോഴാണു വസ്തുബോധം ജനിക്കുന്നതെന്നു പറഞ്ഞല്ലോ. ഇക്കാണായ പ്രപഞ്ചംമുഴുവന്‍ നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണെന്നു ചുരുക്കം. ശ്രീശങ്കരഭഗവത്പാദരുടെ മായാവാദം വ്യക്തമാക്കുന്നതും ഈ സത്യത്തെയാണ്. ഇങ്ങനെ നാം സൃഷ്ടിച്ച പദാര്‍ത്ഥങ്ങളില്‍ നാം തന്നെ ഭ്രമിച്ചു സുഖമന്വേഷിച്ചുനടന്നു അനുരക്തരും. ക്രുദ്ധരും ദുഃഖിതരും ദീനരുമായി ബന്ധിതരാകുന്ന അജ്ഞതയെയാണ് രാമന്‍ തുറന്നുകാട്ടുന്നത്. സ്വപ്നലോകം പുറത്തെങ്ങുനിന്നും വന്നതല്ല. നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണെന്നു വ്യക്തം. അതുപോലെതന്നെയാണ് ബാഹ്യപ്രപഞ്ചവും സംസാരം സ്വപ്നതുല്യമാണെന്നു രാമന്‍ പറയുന്നതു അതുകൊണ്ടാകുന്നു.
ആദിത്യദേവനുദിച്ചിതു വേഗേന
യാദഃപതിയില്‍ മറഞ്ഞിതു സത്വരം,
നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍,
ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്ല കാലാന്തരം
ആയുസ്സു പോകുന്നതേതുമറിവീല
മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍’
സൂര്യോദയവും സൂര്യാസ്തമനവും, പകലും രാത്രിയും, ഉറക്കവും ഉണര്‍ച്ചയുമെല്ലാം സത്യമെന്നു ഭ്രമിക്കുന്നവര്‍ സുഖങ്ങളന്വേഷിച്ച് ഭൗതിക ജഗത്തില്‍ ഓടിനടന്നു സമയം വ്യര്‍ത്ഥമാക്കുന്നു. ആത്മജ്ഞാനം നേടാനുപയോഗിക്കേണ്ട ആയുസ്സ് വെറുതേ നഷ്ടമായിപ്പോകുന്നത് മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന അവര്‍ മനസ്സിലാക്കുന്നില്ല.
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു
ചീര്‍ത്തമോഹേന മരിക്കുന്നിതു ചിലര്‍.
നേത്രേന്ദ്രിയംകൊണ്ടു കണ്ടിരിക്കെപ്പുന-
രോര്‍ത്തറിയുന്നീല മായതന്‍ വൈഭവം.
ഇപ്പോളിതു പകല്‍ പില്‍പ്പാടു രാത്രിയും
പില്‍പാടു പിന്നെ പകലുമുണ്ടായ് വരും,
ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കള്‍
ചില്‍പുറുഷന്‍ ഗതിയേതു മറിയാതെ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലാവിശേഷങ്ങളൊന്നു മോരായ്കയാല്‍
ആമകുംഭാംബു സമാനമായുസ്സുടന്‍
പോമതേതും ധരിക്കുന്നതില്ലാരുമേ’.
സുഖം കിട്ടുമെന്നു വ്യാമോഹത്തില്‍പ്പെട്ട് ആരോഗ്യമുള്ളകാലം മുഴുവന്‍ സ്ഥാനമാനങ്ങള്‍ക്കായദ്ധ്വാനിച്ച മനുഷ്യന്‍, വാര്‍ദ്ധക്യത്തില്‍ മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായതയില്‍ പെടുമ്പോഴാണു കടന്നു പോന്ന വഴിത്താരയിലെ ലാഭനഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ ആരംഭിക്കുന്നത്. പലതും കൊതിച്ചെങ്കിലും കാര്യമായൊന്നും നേടാനായില്ലെന്നസത്യം തന്നെ തുറിച്ചുനോക്കുന്നതായി അയാള്‍ അപ്പോള്‍ അറിയുന്നു. സുഖം ലഭിച്ചില്ലെങ്കിലും ലഭിക്കുമെന്ന ആശമാത്രമായിരുന്നു തന്നെ മുന്നോട്ടുനയിച്ചതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കുന്നു. ചുട്ടുപഴുത്ത മണല്‍പരപ്പില്‍ പച്ചവെള്ളമന്വേഷിക്കുന്ന ദാഹാര്‍ത്തന്‍മാത്രമായിരുന്നു താനെന്നസത്യം അറിയുമ്പോഴേക്കും പറ്റിപ്പോയ അബദ്ധങ്ങള്‍ തിരുത്താതെ സമയം നഷ്ടപ്പെടുത്തിയ ദുഃഖം അയാളെ വലയംചെയ്യുന്നു. ഇത്തരം അനുഭവങ്ങള്‍ തനിക്കു ചുറ്റും ജീവിക്കുന്നവര്‍ക്കുണ്ടാകുന്നത്. എത്രതന്നെ കണ്ടാലും സുഖാന്വേഷണത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കാന്‍ യൗവനത്തിലാകുന്നില്ല. മാറിമാറിവരുന്ന രാത്രിയും പകലും തന്റെ ആഗ്രഹങ്ങളെ സഫലമാക്കുമെന്നപ്രതീക്ഷയില്‍കഴിയുന്ന മനുഷ്യന്‍ കാലസ്വരൂപനായ ഈശ്വരന്റെ നിശ്ചയം അറിയുന്നില്ല. താമരപ്പൂവില്‍ തേന്‍കുടിച്ചു മയങ്ങിയ വണ്ട് സന്ധ്യാസമയത്ത് താമര കൂമ്പിയപ്പോള്‍ അതിനുള്ളില്‍ പെട്ടുപോയി. ഉണര്‍ന്നപ്പോള്‍ ഇങ്ങനെ വിചാരിച്ചു.
രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടുമുഷ-
സ്സെങ്ങും പ്രകാശിച്ചിടും
ദേവന്‍ സൂര്യനുദിക്കുമിക്കമലവും
താനേ വിടര്‍ന്നീടുമേ,
ഏവം മൊട്ടിനകത്തിരുന്നളിമനോ-
രാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു? പിഴുതാന്‍
ദന്തീന്ദ്രനപ്പദ്മിനീം.
ഇതാണു മനുഷ്യന്റെയും അവസ്ഥയെന്നു സുഖങ്ങള്‍ക്കായി വേവലാതിപ്പെടുമ്പോള്‍ ആരും മനസ്സിലാക്കുന്നില്ല. പച്ചമണ്‍കുടത്തില്‍ (ആമകുംഭം) വെള്ളം നിറച്ചുവച്ചാല്‍ കുടവും വെള്ളവും നഷ്ടമാകുംപോലെ ആയുസ്സുക്ഷയിക്കുന്നതു അവിവേകി അറിയുന്നില്ല.
വിവേകികള്‍ ജടായുവിനെപ്പോലെ കര്‍ത്തവ്യനിര്‍വഹണത്തില്‍മാത്രം ശ്രദ്ധവയ്ക്കുന്നു. സുഖങ്ങള്‍ക്കായുള്ള ആര്‍ത്തി അവരുടെ മനസ്സിനെ വിദൂരമായിപ്പോലും തീണ്ടുന്നില്ല. സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും തുല്യമായിക്കണ്ട് ജീവിതായോധനത്തിനു കച്ചകെട്ടിയവരാണവര്‍. മാരീചനെ പൊന്മാനാക്കി രാമലക്ഷ്മണന്മാരെ ആശ്രമത്തില്‍നിന്നകറ്റിയ രാവണന്‍ സീതാപഹരണത്തിനു മുതിരുമ്പോള്‍ ഹാ രാമ! ഹാ ലക്ഷ്മണ! എന്നു സീത ഉറക്കെ നിലവിളിച്ചു. അതുകേട്ടു സീതയുടെ രക്ഷയ്ക്കായി ജടായു പറന്നെത്തി. രാവണനോടേറ്റുമുട്ടിയാല്‍ മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടുകൂടിയും ആ പക്ഷി തന്നില്‍നിക്ഷിപ്തമായ ഗൃഹസ്ഥധര്‍മ്മം കൈവിട്ടില്ല.
ഷഷ്ടി വര്‍ഷസഹസ്രാണി മമ ജാതസ്യ രാവണ!
വൃദ്ധോfഹം ത്വം യുവാധന്വീ സരഥഃ കവചീ ശരീ,
തഥാപ്യാദായവൈദേഹീം കുശലീ നഗമിഷ്യസി.
(രാവണ! എന്റെ വയസ്സ് അറുപതിനായിരം വര്‍ഷമാണ്. ഞാന്‍ വൃദ്ധനാണ്. നീ യുവാവ്. പോരാത്തതിന് വില്ലും രഥവും പടച്ചട്ടയും അമ്പുകളും നിനക്കുണ്ട്. എങ്കിലും സീതയേയും മോഷ്ടിച്ച് സുഖമായി പോകാമെന്നു കരുതേണ്ട.) രാവണനെ കടന്നാക്രമിച്ച ആ കഴുകന്‍ കര്‍ത്തവ്യനിഷ്ഠയുടെ ഉജ്ജ്വലമാതൃകയാണ്. അതിന്റെ ഫലമായി ദശരഥനുപോലും നേടാന്‍കഴിയാത്ത മഹാഭാഗ്യം ഒരു പക്ഷിയായിരുന്നിട്ടുകൂടിയും അനുഭവിച്ചുകൊണ്ട് – രാമന്റെ മടിയില്‍ തലവച്ച് രാമകാര്യര്‍ത്ഥമായി ജീവന്‍ വെടിഞ്ഞും, രാമനെക്കൊണ്ട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യിച്ചും ആത്മസാക്ഷാത്കാരം പൂകുവാന്‍ ജടായുവിനായി. ഇരുപത്തിമൂന്നുവയസ്സു തികയുംമുമ്പു പുരുഷവേഷം ധരിച്ച്, കുതിരയുടെ കടിഞ്ഞാണ്‍ കടിച്ചുപിടിച്ച്, രണ്ടുകൈയ്യിലും പുരുഷവേഷം ധരിച്ച് കുതിരയുടെ കടിഞ്ഞാണ്‍ കടിച്ചുപിടിച്ച്, രണ്ടികയ്യിലും വാളുമായി പടക്കളത്തില്‍ പോരാടി വീരഗതിപ്രാപിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മീഭായി റാണാ പ്രതാപസിംഹന്‍, ചിത്തോറിലെ തീയില്‍ വീരാഹുതിചെയ്ത പദ്മിനി, ഗുജറാത്തിലെ ദുര്‍ഗാവതി കിട്ടൂരിലെ ചന്നമ്മ, വേലുത്തമ്പിദളവ, പഴശ്ശി കേരളവര്‍മ്മ, ചന്ദ്രശേഖര്‍ ആസാദ് ഭഗത്സിംഗ് എന്നു തുടങ്ങി അനേകം ദേശാഭിമാനികള്‍ കര്‍ത്തവ്യാചരണത്തിലൂടെ ജീവിതം സഫലമാക്കിയവരാണ്.
Discussion about this post