ആദിശങ്കരാചാര്യര്‍ക്കു ശേഷം ഭാരതത്തിന്റെ ആദ്ധ്യാത്മികമണ്ഡലത്തില്‍ ജ്ഞാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും സൂര്യശോഭ വിതറിയ സ്വാമി കാശികാനന്ദഗിരി മഹാരാജ് സമാധിയായി. ‘പാരാവാര പാരംഗത പരിവ്രാജക ദ്വാദശദര്‍ശനാചാര്യ കാനനപഞ്ചാനന ശ്രോത്രീയ ബ്രഹ്മനിഷ്ഠ അനന്തശ്രീ വിഭൂഷിത് മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ്’ എന്നാണ് ആ ആചാര്യനെ വിശേഷിപ്പിക്കാറുള്ളത്. സന്യാസിമാരിലെ പണ്ഡിതനും പണ്ഡിതന്‍മാരിലെ സന്യാസിയുമായിരുന്നു കാശികാനന്ദഗിരി മഹാരാജ്.
ഈശ്വരവിശ്വാസത്തെ അംഗീകരിക്കുന്ന, ശങ്കരാചാര്യരുടെ വേദാന്തവുമായി ബന്ധപ്പെട്ട ആറും ഈശ്വരവിശ്വാസത്തെ അംഗീകരിക്കാത്ത ബൗദ്ധ-ചാര്‍വാകന്‍മാരുടെ ആറും ദര്‍ശനങ്ങളുള്‍പ്പെടെ 12 ദര്‍ശനങ്ങളിലും പണ്ഡിതനായിരുന്നു സ്വാമി കാശികാനന്ദഗിരി. എല്ലാ ദര്‍ശനങ്ങള്‍ക്കും അദ്ദേഹം വ്യാഖ്യാനഗ്രന്ഥങ്ങളും ചമച്ചു. ഇതിന്റെ പേരിലാണ് ‘ദ്വാദശദര്‍ശന പഞ്ചാനനന്‍’ എന്നപേര് പണ്ഡിതസഭ അദ്ദേഹത്തിനു നല്‍കിയത്. അഭിനവശുകബ്രഹ്മര്‍ഷി എന്ന പേരിനര്‍ഹനാക്കിയത് ഭാഗവതത്തിന് അദ്ദേഹം നല്‍കിയ ഭാഷ്യത്തിന്റെ പേരിലാണ്. സ്വാമി കാശികാനന്ദഗിരി ബിരുദത്തിനു പഠിക്കുമ്പോള്‍ ബിരുദാനന്തരബിരുദ ക്ലാസുകളില്‍ അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ ആ ആത്മീയാചാര്യന്റെ ചെറുപ്പത്തില്‍ നേടിയ അറിവിന്റെ പാരാവാരത്തിനു മുന്നില്‍ നമിച്ചു നില്‍ക്കാനേ കഴിയൂ.
ആചാര്യന്‍മാരുടെ ആചാര്യനെന്ന മഹാമണ്ഡലേശ്വര്‍ പദവിയിലെത്തുന്ന ആദ്യത്തെ കേരളീയനാണ് പൂര്‍വാശ്രമത്തില്‍ പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ കാശികാനന്ദഗിരി. ജ്ഞാനത്തിന്റെ കൈലാസം തൊട്ടുനില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മെതിയടികള്‍ വിനയത്തിന്റെ മണ്‍തരികളെ സ്പര്‍ശിച്ചുതന്നെ നിന്നു.
ജ്ഞാനത്തിനായുള്ള തീര്‍ത്ഥയാത്രയായിരുന്നു കാശികാനന്ദയുടെ ജീവിതം. 140 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്വൈതവേദാന്തത്തിന്റെ അവസാനവാക്കായിരുന്നു സ്വാമി കാശികാനന്ദഗിരി മഹാരാജ്. ദ്വൈതവാദികളായ പണ്ഡിതന്‍മാരൊക്കെ അദ്ദേഹത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്ത കഥകളാണുള്ളത്. ഹരിദ്വാറിലെ ദക്ഷിണാമൂര്‍ത്തി മഠത്തില്‍ നിന്നും നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പാണ് അദ്ദേഹം മുംബൈയിലെത്തി ആനന്ദാശ്രമം തുടങ്ങിയത്. സര്‍വജ്ഞപീഠം കയറിനില്‍ക്കുമ്പോഴും അദ്ദേഹം കഴിഞ്ഞിരുന്നത് മുംബൈയില്‍ മഴപെയ്താല്‍ വെള്ളം കയറുന്ന പഴയ കെട്ടിടത്തിലായിരുന്നു. അദ്വൈതദര്‍ശനത്തിന്റെ പൊരുള്‍ ജീവിതത്തിലൂടെ തന്നെ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
തപോവനസ്വാമികളും സ്വാമി ചിന്മയാനന്ദനും രണ്ടാം വിവേകാനന്ദനെന്നുപേരുകേട്ട രംഗനാഥാനന്ദസ്വാമികളുമൊക്കെ കേരളത്തിന്റെ മണ്ണില്‍ പിറന്ന് ഭാരതത്തിന്റെ ആദ്ധ്യാത്മിക വെളിച്ചം വിശ്വചക്രവാളങ്ങളിലേക്ക് പകര്‍ന്ന ആദ്ധ്യാത്മികാചാര്യന്‍മാരായിരുന്നു. ആ മഹത്തുക്കള്‍ അവരവരുടെ നിലകളില്‍ അനശ്വരതയുടെ പാദമുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആചാര്യന്‍മാരുടെ ആചാര്യനായി മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയരുമ്പോള്‍ ആ സ്ഥാനത്തെ ജ്ഞാനം കൊണ്ടും അറിവുകൊണ്ടും അന്വര്‍ത്ഥമാക്കിയ ആചാര്യനാണ് ഭൂമിയിലെ കര്‍മകാണ്ഡം പൂര്‍ത്തിയാക്കി ഗംഗയില്‍ വിലയം പ്രാപിച്ചത്. കാശികാനന്ദഗിരി മഹാരാജിന്റെ പാദങ്ങളില്‍ പുണ്യഭൂമിയുടെ പ്രണാമ സൂനങ്ങള്‍.
Discussion about this post