കേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകളെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയത് ശ്ലാഘനീയമായ നടപടിയായാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാല്‍ ഇതിനെതിരെ പ്രത്യക്ഷമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ വാര്‍ത്താസമ്മേളനെ വിളിച്ചുകൊണ്ടാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ നടപടിയോട് വിയോജിപ്പ് ഉണ്ടെന്നാണ് മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ചോദ്യത്തിന് നോ കമന്റ്‌സ് എന്ന ഉത്തരത്തിലൂടെ വ്യക്തമാകുന്നത്.
ഗവര്‍ണര്‍ക്ക് ചന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഇടപെടാന്‍ അവകാശമില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സര്‍വകലാശാലകളുടെ ഭരണം അധപതിച്ച നിലയിലേക്ക് പോയതിന്റെ കാരണം കേരളം ഭരിച്ച മുന്നണികള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. തങ്ങളുടെ അധികാരവും ഉത്തരവാദിത്തവും വേണ്ടവിധം ഉപയോഗിക്കാതെ അക്കാദമിക്ക് കാര്യങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തി സര്‍വകലാശാലകളെ കലാപഭൂമികളാക്കി മാറ്റിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്.
ഭാരതത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ടി.എന്‍. ശേഷന്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ ചരിത്രമാണ്. അതുവരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സ്വന്തം അധികാരങ്ങള്‍ വിനിയോഗിക്കാന്‍ അറിയില്ലായിരുന്നു, അല്ലെങ്കില്‍ കഴിവില്ലായിരുന്നു. എന്നാല്‍ ശേഷന്‍ ആ സ്ഥാനത്തെത്തിയശേഷം കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളുടെ മുകളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം നടക്കുന്നത്. ശേഷനെ കുറ്റം പറഞ്ഞവര്‍പോലും പിന്നീട് ശേഷന്‍ ‘ഇഫക്ടി’ന്റെ പ്രഭാവം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരം ശരിയായ നിലയില്‍ വിനിയോഗിച്ചപ്പോള്‍ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരുത്തിയ മാറ്റം ഇന്ന് നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഇതുതന്നെയാണ് സര്‍വകലാശാലകളെ സംബന്ധിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് സതാശിവത്തിന്റെ ഇടപെടലിലൂടെ ഉണ്ടാകാന്‍ പോകുന്നത്. ഭാരതത്തിന്റെ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയാണ് ഗവര്‍ണര്‍എന്ന് കാര്യം മറന്നുകൊണ്ടാണ് സര്‍വകലാശാല നിയമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് പ്രതിഷേധസ്വരം ഉയര്‍ത്തിയിരിക്കുന്നത്.
സര്‍വകലാശാലകളില്‍ ഇതുവരെ തങ്ങള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുമോ എന്ന വേവലാതിയാണ് കോണ്‍ഗ്രസ്സിനെ പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രേരിപ്പിച്ചത് എന്നു വ്യക്തമാണ്. സെനറ്റിനെയും സിന്‍ഡിക്കെറ്റിനെയും തങ്ങളുടെ ഇഷ്ടക്കാരെക്കൊണ്ട് നിറയ്ക്കുവാനും യോഗ്യതാ മാനദണ്ഡം കണക്കിലെടുക്കാതെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുവാനും ഇനി കഴിയില്ലാ എന്ന് ഇവര്‍ ഭയപ്പെടുന്നു. ആരോഗ്യസര്‍വകലാശാലയുടെ വൈസ് ചന്‍സലര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ച പേര് അവഗണിച്ചെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണറുടെ മുന്നിലെത്തിയ ബയോഡാറ്റകളുടെ അടിസ്ഥാനത്തിലാകും അദ്ദേഹം ഏറ്റവും യോഗ്യനായ വ്യക്തിയെ വൈസ് ചാന്‍സലറായി നിയമിച്ചത്. തങ്ങളുടെ ഇഷ്ടക്കാരെ യഥാസ്ഥാനങ്ങളില്‍ നിയമിക്കാന്‍ കഴിയുന്ന അവസ്ഥയ്ക്ക് ഗവര്‍ണറുടെ ഇടപെടലോടെ വിരാമമാകുമെന്ന ഭയവും പ്രതിഷേധത്തിനു പിന്നിലുണ്ട്. ഇടതുപക്ഷ കക്ഷികളൊന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ഒരേ തൂവല്‍ പക്ഷികളെന്ന നിലയില്‍ അവരും ഗവര്‍ണറുടെ ഇടപെടലിനെ സ്വാഗതംചെയ്യാന്‍ ഇടയില്ല.
ഇതിനുമുമ്പ് മറ്റൊരു ഗവര്‍ണറും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല എന്നതുകൊണ്ട് ഇനി അങ്ങനെ ആയിക്കൂട എന്ന് എവിടെയും പറഞ്ഞിട്ടില്ല്. തെരഞ്ഞെടുപ്പ് രംഗത്ത് ശേഷന്റെ നടപടികളുണ്ടായപ്പോഴും ഇതുപോലെതന്നെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്തു തുള്ളാന്‍ മാത്രം ഉള്ള വെറും റബ്ബര്‍ സ്റ്റാമ്പല്ല ഗവര്‍ണര്‍ പദവി. അതിന് അപ്പുറത്ത് അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാനമാണ് ഗവര്‍ണ്ണര്‍. പക്ഷേ അത് വിനിയോഗിക്കാത്തതുകൊണ്ടുമാത്രം അധികാരമില്ലാതാകുന്നില്ല.
Discussion about this post