ചെങ്കല്‍സുധാകരന്‍
ശംഖോദ്ധാരതീര്‍ത്ഥം
ചക്രതീര്‍ത്ഥമാഹാത്മ്യം വിശദമായറിയച്ചശേഷം നാരദമഹര്‍ഷി ശംഖോദ്ധാരകഥയാണ് ബഹുലാശ്വനോടു പറഞ്ഞത്. മഹാരാജന്‍, ദ്വാരകയിലെ പ്രശസ്തമായ ഒരു പുണ്യസ്ഥാനം ശംഖോദ്ധാര തീര്‍ത്ഥമാണ്. അവിടെ ചെന്ന് സ്വര്‍ണ്ണം ദാനം ചെയ്യുന്നവന് വൈഷ്ണവ ലോകം ലഭിക്കും. സജ്ജനങ്ങള്‍ക്ക് വൈകുണ്ഠലാഭം പോലെ ചാരിതാര്‍ത്ഥ്യജനകമായി വേറൊന്നില്ല. ഭക്തന്മാര്‍ക്ക് പ്രത്യേകിച്ചും. തന്റെ പ്രാര്‍ത്ഥനാമൂര്‍ത്തിയെ നിത്യവും കണ്ടാനന്ദിക്കാന്‍ കഴിയുമെന്നതുതന്നെ അയാള്‍ക്ക് നിര്‍വൃതിജനകമായ അനുഭവമാകുന്നു.
ശംഖോദ്ധാരതീര്‍ത്ഥം പ്രശസ്തിക്കാസ്പദമായ ഒരു സംഭവം വിവരിച്ചുകൊണ്ടാണ് മഹാമുനി കഥാകഥനം ആരംഭിച്ചത്. ‘രാജാവേ, കേട്ടാലും, പണ്ട് ശ്രീകൃഷ്ണ ഭക്തനായ ഒരു മുനിയുണ്ടായിരുന്നു. ത്രിതന്‍ എന്ന പേരില്‍. അദ്ദേഹം പല പലതീര്‍ത്ഥഘട്ടങ്ങള്‍ സന്ദര്‍ശിച്ചും സ്‌നാനം ചെയ്തും, ഒരിക്കല്‍ ആനര്‍ത്ത ദേശത്തെത്തി.’
‘മഹര്‍ഷി അവിടെ മനോഹരമായൊരു പൊയ്ക കണ്ടു. സന്തുഷ്ടനായ അദ്ദേഹം അതിലിറങ്ങി സ്‌നാനം ചെയ്തു. ഇഷ്ടദേവനായ വിഷ്ണുവിനെ പൂജിച്ചു. പൂജാസംഭാരങ്ങളില്‍ ലക്ഷണമൊത്ത ഒരു ശംഖ് ഉണ്ടായിരുന്നു. അത് മുനിവര്യന്റെ ഒരു ശിഷ്യന്‍കണ്ടു. കക്ഷീവാന്‍ എന്നായിരുന്നു അവന്റെ നാമധേയം! അയാള്‍ ആ ശംഖ് മോഷ്ടിച്ചു. ത്രിതന്‍ തന്റെ ശംഖം നഷ്ടമായതറിഞ്ഞു. പലേടം തിരഞ്ഞു. ആരോ അതിനെ അപഹരിച്ചതാണെന്ന് മനസ്സിലാക്കി. ക്രുദ്ധനായ മഹര്‍ഷി:- ‘യേന നീതസ്തു മേ ശംഖം
സശംഖോ ഭവതു ധ്രുവം’ ( എന്റെ ശംഖ് എടുത്തവന്‍ ഉടന്‍ ഒരു ശംഖായിത്തീരട്ടെ) എന്നു ശപിച്ചു. ശാപഫലത്താല്‍ കക്ഷീവാന്‍ ശംഖായി മാറി!
ഒട്ടും വൈകാതെ അയാള്‍, ഗുരുനാഥന്റെ കാല്‍ക്കല്‍വീണു. ചെയ്ത തെറ്റിന് മാപ്പിരന്നു. പശ്ചാത്താപാര്‍ത്തനായ ശിഷ്യനോട് ത്രിതന്‍ ഇങ്ങനെ പറഞ്ഞു:-
‘ശീഘ്രം ശാന്ത സ്ത്രിതഃ പ്രാഹ
ദുര്‍മ്മതേ! കിം കൃതം ത്വയാ
സ്‌തേയ ദോഷാത് ഭുങ്ഷ്വ പാപം
മദ്വയോ നോ മൃഷാ ഭവേത്’
(ദുര്‍മ്മതേ, നീ എന്താണു ചെയ്തത്? മോഷ്ടിച്ചതിന്റെ പാപഫലം നീ അനുഭവിക്കണം. എന്റെ വാക്ക് ഒരിക്കലും മിഥ്യയാവുകയില്ല.) നീ രക്ഷയ്ക്കായി ശ്രീകൃഷ്ണഭഗവാനെ ഭജിക്കുക. ഭഗവത് പ്രസാദത്താല്‍ നീ മോചിതനാകും. ഇത്രയും പറഞ്ഞ് മുനി അവിടെനിന്നുപോയി.
‘കക്ഷീവാന്‍, ശംഖരൂപിയായി, മുന്‍പറഞ്ഞ തീര്‍ത്ഥത്തില്‍ കിടന്നു. നൂറുവര്‍ഷം! ആ കാലംമുഴുവന്‍ അവന്‍ ശ്രീകൃഷ്ണനാമം ജപിച്ചുകൊണ്ടേയിരുന്നു. അവസാനം ഭക്തനില്‍ സംപ്രീതനായ ശ്രീകൃഷ്ണഭഗവാന്‍ അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് കക്ഷീവാനോട് ‘ഭക്താ, നീ പേടിക്കേണ്ട’ എന്ന് പറഞ്ഞ് സമാശ്വസിപ്പിച്ചു. ആ ഗംഭീരനാദം കേട്ട് അയാള്‍ സന്തുഷ്ടനായി. തുടര്‍ന്ന് ‘ദേവ ദേവാ, രക്ഷിക്കണേ!’ എന്ന് നിലവിളിച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍
‘ഭുജഗേന്ദ്രഭോഗ രുചാ
ഭുജേന ഭഗവാന്‍ പ്രഭുഃ
ശംഖം ഭക്തം ഗജമിവ
പ്രോജ്ജഹാര ദയാപരഃ’
(ദയാപരനായ ശ്രീഭഗവാന്‍, തന്റെ മനോഹരമായ കൈകളാല്‍ ഭക്തനായ ശംഖനെ (കക്ഷീവരനെ) തലോടി, പണ്ട് ഗജേന്ദ്രനെ എന്നപോലെ സമുദ്ധരിച്ചു)’
‘ശംഖരൂപം വെടിഞ്ഞ് ദിവ്യരൂപം പൂണ്ട കക്ഷീവാന്‍ ഭഗവാനെ വണങ്ങി. കൂപ്പുകൈയുമായി അദ്ദേഹത്തെ പ്രദക്ഷിണം ചെയ്തു. വിശിഷ്ട കീര്‍ത്തനങ്ങളാല്‍ മേല്‍ക്കുമേല്‍ സ്തുതിച്ചു. ‘ഹേ വാസുദേവ! ഗോവിന്ദ! പരമദയാലോ! പുരുഷോത്തമ! പരമേശ്വരനായ ദ്വാരകാപതേ! ധ്രുവന് ശ്രേഷ്ഠപദം നല്‍കിയ, പ്രഹ്ലാദന്റെ ദുഃഖം പരിഹരിച്ച, ഗജേന്ദ്രനെ സമുദ്ധരിച്ച ഹേ ഭഗവാന്‍, മഹാബലവാനായ അങ്ങേയ്ക്കു നമസ്‌കാരം! പാഞ്ചാലക്കു വസനങ്ങള്‍ നല്‍കിയ ഭഗവാനേ, ഗോവര്‍ദ്ധനം ഉയര്‍ത്തിപ്പിടിച്ച് ഇന്ദ്രകോപത്തില്‍ നിന്ന് ഗോപന്മാരെ രക്ഷിച്ച ലോകനാഥാ, പാണ്ഡവരെ ആപത് ഗര്‍ത്തങ്ങളില്‍നിന്നും കരകയറ്റിയ ദേവദേവ, സ്വന്തം ഗുരുവിനും പുത്രദുഃഖം പൊറാതെ വിഷമിച്ച ബ്രാഹ്മണനും പുത്രന്മാരെ വീണ്ടെടുത്തു നല്‍കിയ ആര്‍ത്ത ബന്ധോ അവിടേയ്ക്ക് അനന്തകോടി നമസ്‌ക്കാരം!
‘ത്വമേവ മാതാച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യാ ദ്രിവണം ത്വമേവ
ത്വ മേവ സര്‍വ്വം മമ ദേവ ദേവ!’
(എന്റെ മാതാവും പിതാവും ഗുരുവും ബന്ധുവും സഖാവും വിദ്യയും ധനവും എല്ലാമെല്ലാമായ അങ്ങേയ്ക്കു നമസ്‌ക്കാരം)’
‘കക്ഷീവാന്‍ ഈ വിധം സ്തുതിച്ചിട്ട് ഏവരും കാണ്‍കെ, അവിടെ വന്നിറങ്ങിയ വിമാനത്തിലേറി സര്‍വ്വദിക്കുകളേയും പ്രകാശമാനമാക്കിക്കൊണ്ട് വിഷ്ണുലോകത്തേക്കുപോയി. ഈ ഭക്തന്‍ മോക്ഷം പ്രാപിച്ച സരസ്സാണ് ശംഖോദ്ധാര തീര്‍ത്ഥമെന്നപേരില്‍ അറിയപ്പെടുന്നത്. ഈ കഥ കേള്‍ക്കുന്നവര്‍ക്കും ചൊല്ലുന്നവര്‍ക്കും ആ തീര്‍ത്ഥത്തിലാറാടിയതിന്റെ ഫലം ലഭിക്കന്നതാണ്.’
ഭക്തിപ്രകര്‍ഷം നിറഞ്ഞുതുളുമ്പുന്ന ഒരു കഥയാണ് ശംഖോദ്ധാര തീര്‍ത്ഥചരിത്രം! ത്രിതന്‍ ശിഷ്യന് നല്‍കിയ ശാപവും കക്ഷീവാന്റെ ശാപമോക്ഷവും അതാണ് വിശദമാക്കുന്നത്. ശംഖാകൃതിയിലായ കക്ഷീവാന്‍, ശ്രീകൃഷ്ണനെ നിരന്തരം ഭജിച്ചു. തത്ഫലമായി അദ്ദേഹത്തിന് മോക്ഷവും ലഭിച്ചു. ഭക്തികൊണ്ട് നേടാനാകാത്തതൊന്നുമില്ലെന്ന സന്ദേശം, മറ്റുഭാഗവതകഥകള്‍പോലെ ഇതും വ്യക്തമാക്കുന്നു. ഉള്ളഴിഞ്ഞ ഭക്തിയുണ്ടെങ്കില്‍ മറ്റൊന്നും കാര്യമാക്കേണ്ടതില്ല.
‘മയ്യേവ മന ആധത്സ്വ
മയിബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊര്‍ദ്ധ്വം ന സംശയഃ’
(എന്നില്‍ത്തന്നെ മനസ്സുറപ്പിക്കുക. ബുദ്ധിയേയും എന്നില്‍തന്നെ നിറുത്തുക. (അത്തരം ഭക്തന്‍) ദേഹം നശിക്കുമ്പോള്‍ എന്നില്‍ത്തന്നെ വസിക്കും എന്നകാര്യത്തില്‍ സംശയമില്ല.) അതാണ് നിരീഹഭക്തിയുടെ സ്ഥിതി. കക്ഷീവാന്റെ ഭക്തി സഹൈതുകമാണ്. അയാള്‍ ശാപമോചനം ഉദ്ദേശിച്ചാണല്ലോ ഭഗവാനെ സ്തുതിച്ചത്. പക്ഷേ പരിണാമം മറ്റൊരുവിധത്തിലായി. ശംഖരൂപമുപേക്ഷിച്ച മുനി കക്ഷീവാനായിക്കഴിഞ്ഞില്ല. ഭഗവാനില്‍ അര്‍പ്പിതമാനസനായ ഭക്തനെ ഭഗവാന്‍, സ്വധാമത്തിലേക്കയക്കുകയാണുണ്ടായത്! നിര്‍ല്ലിപ്തമാനസരുടെ നിഷ്‌ക്കളഭക്തിയുടെ സാഫല്യമാണ് കക്ഷീവാനും ലഭിച്ചത്. ഏതു ഭാവത്തിലായാലും നിരന്തരഭഗവത് സ്മൃതി ആരേയും വിഷ്ണുലോകത്തിലെത്തിക്കും, തീര്‍ച്ച!
Discussion about this post