തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2013-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നവംബര്‍ 12 ബുധനാഴ്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കറിന് സമര്‍പ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ചേരുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.
സാംസ്‌കാരിക- ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷനായിരിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ് കുമാര്‍ പ്രശസ്തിപത്രം വായിക്കും. ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.പി.ജെയിംസ് എന്നിവര്‍ ആശംസകള്‍ നേരും. പുരസ്‌കാര ജേതാവ് ബി.ആര്‍.പി.ഭാസ്‌കര്‍ മറുപടിപ്രസംഗം നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍.രാജമോഹന്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
Discussion about this post