ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
അദ്ധ്യായം – 5
ദേഹാഭിമാനനിരാസം(സത്യാനന്ദസുധാവ്യാഖ്യാനം)
‘ഞാന്‍’ ശരീരമാണെന്ന തെറ്റിദ്ധാരണയാണ് ദുഃഖങ്ങള്‍ക്കെല്ലാം കാരണമെന്ന് വ്യക്തമാക്കിയല്ലൊ. ചഞ്ചലമായ ഭോഗങ്ങള്‍ക്കുവേണ്ടി പരക്കംപായാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും ശരീരാത്മബുദ്ധിയാണ്. ദേഹാഭിമാനം മൂലമുണ്ടാകുന്ന അഹന്ത കൊടിയ പാതകങ്ങള്‍ചെയ്യാന്‍ പോലും മനുഷ്യനെ പ്രേരിപ്പിക്കുന്നു. അപഥത്തില്‍ വീണു ജീവിതം തകര്‍ന്നു പോകാതിരിക്കാനായി ദേഹാഭിമാനം വെടിയാന്‍ ശ്രീരാമചന്ദ്രന്‍ ഉപദേശിക്കുന്നതാണ് തുടര്‍ന്നു നാം കേള്‍ക്കുന്നത്.
‘രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം
വ്യാഘ്രിയെപ്പോലെ ജരയുമടുത്തുവ-
ന്നാക്രമിച്ചീടും ശരീരത്തെ നിര്‍ണ്ണയം
മൃത്യുവും കൂടൊരുനേരംപിരിയാതെ
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിക്കുന്നു’.
മരണത്തിന്റെ നിത്യത
ശരീരത്തിന്റെ സുഖങ്ങള്‍ക്കുവേണ്ടി കര്‍ത്തവ്യം വെടിയുന്നതു ബുദ്ധിഹീനതയാണ്. ശരീരം അശാശ്വതമാണ്. നശിക്കുന്ന വസ്തുവായതുകൊണ്ടാണ് അതിനു ശരീരമെന്നപേരുപോലും പതിഞ്ഞത്. രോഗങ്ങളാകുന്ന ശത്രുക്കള്‍ അതിനെ നിരന്തരം പീഡിപ്പിക്കുകയും അവസാനം നശിപ്പിക്കുകയും ചെയ്യും. പെണ്‍കടുവയെപ്പോലെ ജര ആകസ്മികമായി ചാടിവീണ് ആക്രമിക്കും. മരണമാണെങ്കില്‍ ജനിച്ചനാള്‍ മുതല്‍ പിടികൂടാനവസരംപാര്‍ത്ത് കൂടെക്കഴിയുന്ന സഹചാരിയാണ്. ഇവയില്‍നിന്നു ഒരു കാരണവശാലും മോചനമില്ലാത്ത വസ്തുവാണു ശരീരം.
മഹാഭാരതത്തിലെ ദ്രോണപര്‍വത്തില്‍ വേദവ്യാസന്‍ അര്‍ജ്ജുനനെയും, ശാന്തിപര്‍വത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ യുധിഷ്ഠരനെയും ഷോഡശരാജോപാഖ്യാനം കേള്‍പ്പിക്കുന്ന അവസരമുണ്ട്. മരുത്തന്‍, ഭഗീരഥന്‍, ശ്രീരാമന്‍, തുടങ്ങി പതിനാറു രാജാക്കന്മാരുടെ കഥ പറഞ്ഞശേഷം അവനും മരിച്ചുപോയി എന്നു സൂചിപ്പിച്ച് മരണത്തിന്റെ നിത്യത വ്യക്തമാക്കുന്ന സന്ദര്‍ഭമാണ് തിരുനയിനാര്‍ക്കുറിച്ചിയെഴുതിയ
‘തിലകം ചാര്‍ത്തി ചീകിയുമഴകായ്
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ,
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാതൊരു തലയോടായി’.
എന്ന കവിത അസത്യമല്ല. ശരീരികള്‍ക്ക് ഉറപ്പുള്ള കാര്യം മരണമാണ്. ജീവതമെന്നത് ആകസ്മികമായി സിദ്ധിക്കുന്ന ഭാഗ്യം മാത്രം. ആത്മസ്വരൂപിയായ എനിയ്ക്കല്ല പകരം എന്റെ ശരീരത്തിനാണു മരണം സംഭവിക്കുന്നത്. ആ നിലയ്ക്കു ശാരീരിക സുഖങ്ങള്‍ക്കുവേണ്ടി പരിശ്രമിച്ചു ദയനീയമായി പരാജയപ്പെടാതെ ജനനമരണരഹിതമായ ആത്മാവിനെ അനുഭവച്ചറിയാന്‍ ശ്രമിക്കുന്നതല്ലേ ബുദ്ധി?
Discussion about this post