ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍
സുപ്താ പ്രാജ്ഞാത്മികാ തുര്യാ
സര്‍വാവസ്ഥാവിവര്‍ജിതാ
സൃഷ്ടികര്‍ത്രീ ബ്രഹ്മരൂപാ
ഗോപ്ത്രീ ഗോവിന്ദരൂപിണീ
സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാ-നുഗ്രഹഗദാ പഞ്ചകൃത്യപാരായണാ
ഗാഢനിദ്ര (സുപ്തി അഥവാ സുപ്താവസ്ഥ) യുടെയും ഉറവിടമാകയാല്‍ അമ്മ സുപ്തയാണ്. സുപ്തന്റെ ജീവനെക്കുറിക്കുന്ന സാങ്കേതികസംജ്ഞയാണ് പ്രാജ്ഞന്‍. അതിനാല്‍ പ്രാജ്ഞാത്മിക സുപ്തയുടെ പര്യായമത്രേ. ജാഗ്രത്-സ്വപ്ന-സുഷുപ്തികള്‍ എന്നീ അവസ്ഥകള്‍ക്കും ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്‍മാര്‍ക്കും സരസ്വതീ-മഹാലക്ഷ്മീ-പാര്‍വതിമാര്‍ക്കും അതീതയാണ് അമ്മ എന്ന് തുര്യ എന്ന നാമം സൂചിപ്പിക്കുന്നു. ജാഗത്ത്, സ്വപ്നം, സുഷുപ്തി, തുര്യം; സുഖ-ദുഃഖങ്ങള്‍, ശൈശവ കൗമാര-യൗവന-വാര്‍ദ്ധക്യങ്ങള്‍, ഘന-ദ്രവ-വാതകങ്ങള്‍, ശീതോഷ്ണങ്ങള്‍, വര്‍ണഭേദങ്ങള്‍ ഇപ്രകാരം പ്രപഞ്ചത്തിലുള്ള എല്ലാ അവസ്ഥാ വിശേഷങ്ങള്‍ക്കും അതീതയാണ് ദേവി.
ബ്രഹ്മാവിന്റെ രൂപത്തില്‍ സൃഷ്ടികര്‍ത്താവായും വിഷ്ണു (ഗോവിന്ദന്‍) രൂപത്തില്‍ രക്ഷകനായും വര്‍ത്തിക്കുന്നതും രുദ്രരൂപത്തില്‍ പ്രപഞ്ചം മുഴുവനും തന്നില്‍ ലയിപ്പിക്കുക എന്ന സംഹാരക്രിയ ചെയ്യുന്നതും അമ്മ തന്നെ.
(കരീ-ഈശ്വരീ) ഒന്നും അവശേഷിപ്പിക്കാതെ ആ സകലസ്പര്‍ശകമായ നശിപ്പിക്കല്‍-സംഹാരം-നടത്തുന്നവളും (തിരോധാനകരി) ഈശ്വരന്റെ (ശിവന്റെ) പത്‌നിയുമാണ് ദേവി.
മംഗളമൂര്‍ത്തിയായ ശിവന്റെ പത്‌നി (സദാശിവ)യും വരദ (അനുഗ്രഹദ) (സദാശിവം – അനുഗ്രഹദാ) എന്നുമത്രമല്ല ശിവന്റെതന്നെ അനുഗ്രഹം നേടിത്തരുന്നവളുമാണ് (സദാശിവാനുഗ്രഹ-ദാ) സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളില്‍ ശ്രദ്ധപതിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്മ.
ഭാനുമണ്ഡലമധ്യസ്ഥാ ഭൈരവീ ഭഗമാലിനീ
പദ്മസനാ ഭഗവതീ പദ്മനാഭസഹോദരീ
ദേവി സൂര്യമണ്ഡലമധ്യത്തില്‍ സ്വീകരിച്ചവളും ഭൈരവന്റെ പത്‌നിയും ഭഗമാലിനീരൂപം ധരിച്ചവളുമാകുന്നു. കുണ്ഡലിനീയോഗനിഷ്ഠമായ ആരാധനയില്‍ കുണ്ഡലിനീശക്തിരൂപിണിയായ ദേവി അനാഹതചക്രത്തിനുമുകളിലുള്ള സൂര്യമണ്ഡലത്തിന്റെ നടുവില്‍ സ്ഥിതിചെയ്തുകൊണ്ടാണ് വിഷ്ണുഗ്രന്ഥിയെ ഭേദിച്ച് വിശുദ്ധിചക്രത്തിലേക്കുയരുന്നത് ശ്മശാനത്തില്‍ സന്ധ്യയ്ക്കു താണ്ഡവമാടുന്ന കാലഭൈരവന്റെ സഹധര്‍മചാരിണിയാണ് ദേവി. ജ്വാലാമാലിനി യെപ്പോലുള്ള മറ്റൊരു നിത്യാ ഭഗവതിയായ ഭഗമാലിനിയും ശ്രീലളിതാംബികയുടെ ചൈതന്യംതന്നെ. താമരപ്പൂവിലിരിക്കുന്ന ഐശ്വര്യവതിയും ഐശ്വര്യകരിയുമായ ദേവി ശ്രീപത്മനാഭന്റെ സഹോദരിയത്രേ.
താമരപ്പൂവ് വാസസ്ഥാനമായ മഹാലക്ഷ്മിയും ബ്രഹ്മാവും ലളിതാദേവിയുടെ രൂപാന്തരങ്ങള്‍ മാത്രം. പദ്മാസനത്തിലിരുന്നു പൂജിക്കേണ്ടവളാകയാലും ശൂരപദ്മാസുരനെ അസനം(ക്ഷേപണം) ചെയ്യാന്‍ നിമിത്തമായതിനാലും ഈ നാമം പല പ്രകാരത്തില്‍ സാര്‍ഥകമാവുന്നു. ഭഗം= ഐശ്വര്യം, യോനി. സര്‍വൈശ്വര്യങ്ങള്‍ക്കും വിളനിലവും സമസ്‌തൈശ്വര്യദാത്രിയുമാണല്ലോ ദേവി. മഹാവിഷ്ണു ദേവകീസുതനായി അവതരിച്ചപ്പോള്‍ യശോദാസുതയായി അവതരിച്ചത് ശ്രീലളിതയാണ്. അങ്ങനെയാണ് ദേവി ശ്രീപദ്മനാഭന്റെ പെങ്ങളാവുന്നത്.
Discussion about this post