ഡോ.എം.പി ബാലകൃഷ്ണന്‍
മനുഷ്യക്കുട്ടികള്‍മാത്രമല്ല സകല പ്രാണികളും സ്വന്തം സന്താനങ്ങള്‍ തന്നെയായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്. ശിഷ്യനായ തീര്‍ത്ഥപാദപരമഹംസര്‍ക്കയച്ച ഒരു കത്തില്‍ ‘നമ്മുടെ ഉറുമ്പു സന്താനങ്ങള്‍ക്കു നീ ഭക്ഷിക്കുമ്പോള്‍ ആഹാരം കൊടുക്കാറുണ്ടോ?’ എന്ന് അന്വേഷിച്ചിരിക്കുന്നതുകാണാം. കുറച്ചുകാലം എഴുമറ്റൂര്‍ ആശ്രമത്തില്‍ കഴിഞ്ഞിരുന്നപ്പോള്‍ സ്വാമികള്‍ ആഹാരം കഴിക്കുമ്പോഴെല്ലാം കൃത്യമായി എത്തിച്ചേര്‍ന്നു പങ്കുപറ്റിക്കൊണ്ടിരുന്ന എറുമ്പുകളെ ഉദ്ദേശിച്ചാണ് ഈ അന്വേഷണം! ഒരിക്കല്‍ ഒരു ഭക്തന്റെ വീട്ടില്‍ ചെന്ന സ്വാമിജി ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കുറേ എറുമ്പുകള്‍ വരിവരിയായി വന്നു സ്വാമിയുടെ കാലില്‍ കയറാന്‍ തുടങ്ങി. അവയുടെ സങ്കടം എന്താണെന്ന് അവയോടു തന്നെ ചോദിച്ചു മനസ്സിലാക്കിയ സ്വാമികള്‍ വീട്ടുകാരെ വിളിച്ചു. അവര്‍ കുറ്റം സമ്മതിച്ചു. രാവിലെ അവിടമൊക്കെ നിറയെ എറുമ്പായിരുന്നു. സ്വാമികള്‍ വന്നിരിക്കേണ്ട ഇടമായിരുന്നതിനാലാണ് എല്ലാത്തിനെയും തൂത്തുകളഞ്ഞത്. ഉടനെ, സ്വാമിജി കുറച്ച് അരിപ്പൊടികൊണ്ടുവരാന്‍ പറഞ്ഞു. അത് അവിടെ വിതറിയിട്ട് ‘ എടുത്തുകൊണ്ട് എല്ലാവരും സന്തോഷമായി മടങ്ങിപ്പൊയ്‌ക്കൊള്ളണം’. എന്നായി സ്വാമികള്‍. ഓരോ തരി എടുത്തുകൊണ്ടു എല്ലാ ഉറുമ്പും വരിവച്ചു മടങ്ങിപ്പോയി.
ഒരിക്കല്‍ ചിത്രമെഴുത്ത് കെ.എം.വര്‍ഗ്ഗീസ് തന്റെ സംശയം നേരില്‍ ചോദിച്ചു. ‘നമ്മുടെ വിചാരം ഉറുമ്പുകള്‍ എങ്ങനെ അറിയുന്നു? നാം പറയുന്നത് എങ്ങനെ അവ മനസ്സിലാക്കുന്നു?’ ഇതായിരുന്നു സംശയം.
‘അതൊരു നിസ്സാരസംഗതിയാണ്.’ സ്വാമികള്‍ പറഞ്ഞു ‘നാം അവയെ സ്‌നേഹിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ അവയും നമ്മെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിക്കും. അത്രതന്നെ. സ്‌നേഹത്തിന്റെ ശക്തി അത്രയധികം വ്യാപകമാണ്.’
‘പക്ഷേ അവ നമ്മുടെ വിചാരം എങ്ങനെയാണു ഗ്രഹിക്കുക? അവയ്ക്കതിനു ശക്തിയുണ്ടോ?’
ഉണ്ട്, അവ നമ്മില്‍ നിന്നും ഭിന്നമല്ല, അവയുടെ മനസ്സും നമ്മുടെ മനസ്സും അഭിന്നമാണ്. പ്രപഞ്ചമൊന്നാകെ ഒരൊറ്റ മനസ്സാണ്. മനസ്സിനും മനസ്സിനുമിടയ്ക്കു ശൂന്യാന്തരീക്ഷമില്ല.’ ഇങ്ങനെയായിരുന്നു ആ സ്‌നേഹസ്വരൂപന്റെ വിശദീകരണം. ഉറുമ്പുകള്‍ മുതല്‍ മൂര്‍ഖന്‍ പാമ്പുവരെ, എലികള്‍ മുതല്‍ കടുവാ വരെ സകല ജീവികളോടും ഇതേ മനോഭാവം തന്നെയായിരുന്നു തിരുവടികള്‍ക്ക്. ആ സന്നിധിയില്‍ അവയെല്ലാം മര്യാദരാമന്മാരായിട്ടേ പെരുമാറിയിട്ടുള്ളൂ. നമുക്ക് അവിശ്വസനീയങ്ങളായ അത്തരം സംഭവങ്ങള്‍ അനവധിയുണ്ട്. ഈ ചെറുപുസ്തകത്തില്‍ ചുരുക്കം ചിലതുകൂടി സൂചിപ്പിക്കാനേ പറ്റൂ.
തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം ആണ്ടിപ്പിള്ള മജിസ്‌ട്രേട്ടിന്റെ വീടാണു രംഗം. ആയിടയക്ക് അവിടെ എലിശല്യം കൂടുതലായിരുന്നു. മജിസ്‌ട്രേട്ടിന്റെ വിലയേറിയ കോട്ടുകളും നേര്യതുമെല്ലാം എലികള്‍ വെട്ടിനുറുക്കി. നിവൃത്തികെട്ടപ്പോള്‍ വിഷം വയ്ക്കാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. എലിവിഷം വാങ്ങിക്കൊണ്ടുവരാന്‍ ജോലിക്കാരനോടു പറയുന്നത് അപ്പോള്‍ അവിടെയുണ്ടായിരുന്ന ചട്ടമ്പിസ്വാമികള്‍ ശ്രദ്ധിച്ചു.
‘ആണ്ടിപ്പിള്ളേ, നിങ്ങളെന്താണു പറഞ്ഞത്? എലിവിഷം വാങ്ങി വരാനോ? കഷ്ടം! വലിയ ഭക്തനും പണ്ഡിതനും ന്യായാധിപനുമായ നിങ്ങള്‍ ഈ സാധുപ്രാണികളെ വിഷംവച്ചുകൊല്ലാന്‍ പോകുന്നോ? മഹാമോശം’.
‘ഇതാ നോക്കണം സ്വാമി. ഈയിടെ തയ്പിച്ച പുതിയകോട്ട്. വെട്ടിനാശമാക്കി. വിഷം വയ്ക്കുകയല്ലാതെ വേറെന്തുവഴി?’
‘വഴി ഞാനുണ്ടാക്കിത്തരാം. വിഷമൊന്നും വേണ്ട.’ അപ്പോഴേക്കും ഗൃഹനായിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഉണ്ണിയപ്പവുമായി മടങ്ങിവരുന്നു. സ്വാമി കുറേ ഉണ്ണിയപ്പം വാങ്ങി, കഷണങ്ങളാക്കി ഒരിലയില്‍ വച്ചു. എന്നിട്ടു മുകളിലേക്കു നോക്കി ഒരു ശബ്ദമുണ്ടാക്കി. ‘മക്കളേ പോരിന്‍’.
അല്പസമയത്തിനുള്ളില്‍ നാല്പതോളം എലികള്‍ ഇറങ്ങിവന്നു സ്വാമികളുടെ മുന്നില്‍ ഇരിപ്പായി. കൈകള്‍ നിലത്തൂന്നി, വാല്‍ പിന്നിലാക്കി മര്യാദയ്ക്കുള്ള അവരുടെ ഇരിപ്പുകണ്ട് വീട്ടുകാര്‍ അത്ഭുതപ്പെട്ടു. ‘സത്യം പറയണം. ആരാണീ കോട്ടു വെട്ടിയത്?’ സ്വാമിയുടെ ചോദ്യം കേട്ടപ്പോള്‍ കൂട്ടത്തില്‍ നിന്നൊരെലി അല്പം മുന്നോട്ടു വന്നു തലകുമ്പിട്ടിരുന്നു. അത് വിറയ്ക്കുന്നുണ്ടായിരുന്നു. സ്വാമികള്‍ പറഞ്ഞു. ‘ഇതാരുടെ വീടെന്നറിയാമോ? തൂക്കിക്കൊല്ലാന്‍വരെ അധികാരമുള്ളയാളിന്റെ വീടാണ്. നിങ്ങളെ കൊല്ലാന്‍ തീരുമാനമായതാണ്. ഞാന്‍ ഇടപെട്ടു. മേലാല്‍ ഇങ്ങനെയുള്ള അക്രമം ചെയ്യരുത്. കേട്ടല്ലോ?’.
ഒരു ഈര്‍ക്കില്‍കൊണ്ടു കുറ്റവാളിക്ക് സ്വാമി ഒരു തട്ടുകൊടുത്തു. അതോടെ അതിന്റെ വിറയല്‍ നിന്നു. ‘എല്ലാവരും ഓരോ കഷണം ഉണ്ണിയപ്പം എടുത്തുകൊണ്ടുപോവിന്‍’. സ്വാമിയുടെ കല്പനയനുസരിച്ച് ഓരോ കഷണം ഉണ്ണിയപ്പവുമായി എലികള്‍ സ്ഥലംവിട്ടു.
ആ വീട്ടില്‍ പിന്നെ എലിശല്യം ഉണ്ടായിട്ടില്ലത്രേ!
കുട്ടികളെ രസിപ്പിക്കാനോ ജീവകാരുണ്യത്താലോ ആരെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കാനോ അല്ലാതെ ചട്ടമ്പിസ്വാമികള്‍ സിദ്ധികള്‍ കാട്ടാറില്ല.
ഒരു സായാഹ്നത്തില്‍ തിരുവനന്തപുരം കരമന റോഡിലൂടെ ഒരു യുവസുഹൃത്തിനോടൊപ്പം നടക്കുകയായിരുന്നു സ്വാമികള്‍. എതിരേവന്ന ഒരു ഒറ്റക്കാളവണ്ടി സ്വാമികളുടെ സമീപമെത്തിയപ്പോള്‍ നിന്നു. വണ്ടിക്കാരന്‍ എത്ര തല്ലിയിട്ടും കാള അനങ്ങിയില്ല. സ്വാമിയെ നോക്കി അതു കണ്ണീര്‍ വാര്‍ത്തു. സ്വാമി ഓടിച്ചെന്നു തഴുകിക്കൊണ്ട് വണ്ടീക്കാളയോടു പറഞ്ഞു.
‘ശരി ഞാനേറ്റു. നാളെ വൈകുന്നേരത്തിനുമുമ്പ് എല്ലാം ശരിയാകും. ഇപ്പോള്‍ യജമാനനെ വീട്ടിലെത്തിക്കൂ.’ വണ്ടി മുന്നോട്ടു നീങ്ങി. നടന്നതിന്റെയൊന്നും പൊരുളറിയാതെ മിഴിച്ചു നില്‍ക്കുകയായിരുന്ന സുഹൃത്തിനോട് ‘നാളെ രാവിലെ കാണണം’ എന്നു പറഞ്ഞാണ് സ്വാമികള്‍ പിരിഞ്ഞത്.
പിറ്റേന്നു രാവിലെ തങ്ങളില്‍ കണ്ടപ്പോള്‍ സ്വാമികള്‍ പറഞ്ഞു. ‘അപ്പനേ, ആ വണ്ടിയിലിരുന്ന ചെട്ടിയാരെ നീ അറിയുമോ? നിന്റെ അച്ഛന്‍ നിന്നെ പഠിപ്പിക്കാന്‍വേണ്ടി അയാളില്‍നിന്നും പലതവണയായി പണം കടം വാങ്ങിയിരുന്നു. കൊടുത്തു തീര്‍ക്കാന്‍കഴിയുംമുമ്പു മരിച്ചുപോയി. അതിനുശേഷം പലതവണ ചെട്ടിയാര്‍ ആളയച്ചു നിന്നോടു പണം ചോദിച്ചു. അങ്ങനെയൊരു കടമുള്ളതായി അറിയില്ലെന്നുപറഞ്ഞ് നീയും കൊടുത്തില്ല. ആ കടം വീട്ടാനായി കാളയായിജനിച്ച് നിന്റെ അച്ഛന്‍ കുറേക്കാലമായി ചെട്ടിയാരെ സേവിക്കുന്നു. ഇന്നലെക്കണ്ട ആ വണ്ടിക്കാളതന്നെ. ഇന്നു വൈകുന്നേരത്തിനകം ശരിയാക്കാമെന്നു ഞാന്‍ വാക്കുകൊടുത്തിട്ടുണ്ട്. നീ ഉടനേചെന്ന് എത്രയാണെന്നന്വേഷിച്ച് പണം മടക്കിക്കൊടുക്കണം.’ സ്വാമിതിരുവടികളുടെ പാദങ്ങളില്‍ വീണു നമസ്‌ക്കരിച്ച യുവാവ് പണം മടക്കിക്കൊടുത്തു. അപ്പോള്‍ ഒരു രോഗവുമില്ലാതെതന്നെ ചെട്ടിയാരുടെ കാള ചത്തുവീഴുകയും ചെയ്തു.
മാവേലിക്കരയില്‍ ചെല്ലുമ്പോള്‍ കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പുരയ്ക്കല്‍ വീടായിരുന്നു സ്വാമികളുടെ താവളം. മജിസ്‌ട്രേറ്റും, കവിയും, സ്വാമിഭക്തനുമായ ആണ്ടിപ്പിള്ളയുടെ വീട്. അവിടത്തെ എലികളെ സ്വാമികള്‍ മര്യാദക്കാരാക്കിയ സംഭവം ഇതിനുമുമ്പു പറഞ്ഞു. ഒരു ഞായറാഴ്ച വൈകുന്നേരം സ്വാമികളും ആരാധകരും കൂടി ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ടു. ക്ഷേത്രക്കുളത്തിന്റെ സമീപത്തെത്തിയപ്പോള്‍ ഏതാനും കുട്ടികള്‍ ഒരു വലിയ ചേരയെ കല്ലെറിഞ്ഞ് ഓടിച്ചുകൊണ്ടുവരുന്നു. ഭയന്ന ചേര വേഗം ഇഴഞ്ഞു സ്വാമികളുടെ മുന്നിലെത്തി. ചേര! ചേര എന്ന് ഒച്ചയിട്ട് ആണ്ടിപ്പിള്ള സ്വാമികളെ പിറകോട്ടു വലിച്ചു. ‘ചേരയെ ഇത്ര ഭയമോ? പാവം’. എന്നു പറഞ്ഞു സ്വാമികള്‍ അതിന്റെ മുന്നില്‍കുനിഞ്ഞ് തന്റെ കൈനീട്ടിക്കൊടുത്തു. ‘വാ മക്കളേ, പേടിക്കാതെ വാ.’ ചേര ആ കൈയ്യില്‍ ഒന്നു നക്കി, ഊര്‍ന്നുകയറി ചുറ്റിയിരിപ്പുമായി. സ്വാമികള്‍ അതിനെ അല്പം അകലെ കൈയാലയ്ക്കപ്പുറത്ത് ചെടികള്‍ ഇടതൂര്‍ന്ന സ്ഥലത്തുകൊണ്ടുചെന്നുവിട്ടു.
ഇനിപ്പറയുന്ന സംഭവം തിരുവിതാംകൂറിന്റെ ഫിനാന്‍ഷ്യല്‍ സെക്രട്ടറിയായിരുന്ന കരിമ്പുവിളാകം ഗോവിന്ദപ്പിള്ളയുടെ അനുഭവമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ ഇവിടെ പകര്‍ത്താം.
‘ഞാന്‍ ഒരിക്കല്‍ സ്വാമികളൊന്നിച്ചു മലയാറ്റൂര്‍ പോയിരുന്നു. അവിടെ ആറ്റുവക്കത്തു ഞങ്ങള്‍ നല്ക്കുകയായിരുന്നു. ഒരി വലിയ ഇരപ്പുകേട്ടു. ഞങ്ങള്‍ നോക്കുമ്പോഴേക്കും ഒരു വലിയ തവള വെള്ളത്തിലേക്കു ചാടിക്കളഞ്ഞു. അതിനെപ്പിന്‍തുടര്‍ന്നുവന്ന ഒരു ക്രൂരസര്‍പ്പം പത്തിയും വിടര്‍ത്തി ക്രുദ്ധിച്ചു നില്‍ക്കുന്നു. ആ ഭയങ്കരമായ കാഴ്ചയില്‍ ഞാന്‍ സംഭ്രാന്തനായി. അതുപോലെ ഒരിക്കലും ഭയം എന്നെ ബാധിച്ചിട്ടില്ല. സ്വാമികള്‍ സര്‍പ്പത്തോടു പറഞ്ഞു. ‘ഛീ, അതിനെത്തൊട്ടുപോകരുത്. പോ.’ സ്വാമിയുടെ കാലടിയില്‍ നിന്നു മൂന്നു ചവുട്ടടിയിലധികം അകലെയല്ലാതെ ഫണം വിടര്‍ത്തി നിന്നിരുന്ന ആ ക്രൂരസര്‍പ്പം ഈ ആജ്ഞകേള്‍ക്കാത്ത താമസം, പത്തിചുരുക്കി വന്ന വഴി സാവധാനത്തില്‍ ഇഴഞ്ഞു പോകയുണ്ടായി.’
ഒരു സംഭവം കൂടി. എറണാകുളത്തെ കോടനാട്ടു വനങ്ങളില്‍ വച്ചുണ്ടായതാണ്. ഒരു കുന്നിന്റെ താഴ്‌വരയില്‍ കുറെ പശുക്കള്‍ മേയുന്നുണ്ടായിരുന്നു. അടുത്ത കാട്ടില്‍നിന്നും പെട്ടെന്നൊരു കടുവ വന്നെത്തി. പശുക്കളെല്ലാം തിരിഞ്ഞോടി. പിന്നില്‍ പെട്ടുപോയ ഒരു സാധുവിന്റെ മേല്‍ ചാടി വീഴാന്‍ കടുവ ആയം പിടിക്കുമ്പോഴാണ് അതുവഴി നടക്കുകയായിരുന്ന ചട്ടമ്പിസ്വാമികള്‍ അതു ശ്രദ്ധിച്ചത്. ഇതേസമയം സ്വാമികളെ സന്ദര്‍ശിക്കാനെത്തിയ രണ്ടുപേര്‍ ഈ രംഗംകണ്ട് ഭയന്ന് അടുത്തുള്ള രണ്ടു മരങ്ങളില്‍ കയറിക്കൂടി. ശേഷം സംഭവങ്ങള്‍ അവരുടെ വാക്കുകളിലാകട്ടെ. ‘സ്വാമികള്‍ ഒരു ഭയങ്കര വ്യാഘ്രത്തിന്നഭിമുഖമായി നില്ക്കുന്നതു ഞങ്ങള്‍ കണ്ടു. സ്വാമികള്‍ക്കെന്തു സംഭവിക്കുമെന്നായിരുന്നു ഞങ്ങളുടെ ഭയം. ഇതിനിടയില്‍ വ്യാഘ്രത്തോടു സ്വാമികള്‍ എന്തോ പതുക്കെ പറയുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ കടുവ തിരിഞ്ഞ് കിഴക്കുഭാഗത്തുള്ള തേക്കിന്‍ തോട്ടത്തിലേക്കും സ്വാമികള്‍ സാവകാശം കുന്നിന്‍ മുകളിലേക്കും തിരിച്ചു. അങ്ങനെ ആ സാധുപശു രക്ഷപ്പെട്ടു.’
Discussion about this post