തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കെട്ടിടപ്ലാനില്‍ പാര്‍ക്കിംഗിനായി കാണിച്ചിരിക്കുന്ന സ്ഥലം മറ്റാവശ്യത്തിന് ഉപയോഗിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്നലെ എം.ജി റോഡിലെയും പരിസരത്തെയും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 14 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ രണ്ടിടത്ത് ഗുരുതരമായ വീഴ്ചയും മറ്റിടങ്ങളില്‍ ചെറിയ വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാനില്‍ പാര്‍ക്കിംഗിനായി കാണിച്ചിരിക്കുന്ന മേഖലകളില്‍ അടിയന്തിരമായി പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സ്ഥാപന ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി തുടരും. നഗരത്തിലെ മറ്റ് മേഖലകളിലും വരുംദിവസങ്ങളില്‍ പരിശോധന തുടരും.
Discussion about this post