തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സ്റ്റേഡിയങ്ങളുടേതുള്‍പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗെയിംസ് വില്ലേജിന്റെ 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. സമയക്രമമനുസരിച്ചുതന്നെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ സംഘടിപ്പിക്കുന്ന ഗെയിംസിന്റെ നടത്തിപ്പിനായി തയ്യാറാക്കുന്ന 10 സ്റ്റേഡിയങ്ങളും ടെന്നീസ് കോംപ്ലക്‌സ്, കോര്‍ട്ടുകള്‍, മുതലായവ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യപടിയായി ഏഴ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന് തീയതിയും നിശ്ചയിച്ചുകഴിഞ്ഞു. 2015 ജനുവരി അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് മെഡിക്കല്‍കോളേജ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരി ആറിന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം വെള്ളായണി അഗ്രിക്കള്‍ച്ചര്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഏഴിന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം സ്‌ക്വാഷ് കോര്‍ട്ട്, 15-ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം 16-ന് രാവിലെ 9.30-ന് കൊച്ചി ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ടിലെ ലോണ്‍ ബൗള്‍സ് കോര്‍ട്ട് 22-ന് രാവിലെ 9.30-ന് തൃശ്ശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം 22-ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ജനുവരി 20-ന് രാവിലെ 10.30-ന് കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റണ്‍ കേരള റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി വി.എസ്.ശിവകുമാറും നേതൃത്വം നല്‍കുന്ന പരിപാടിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും. കൊല്ലത്ത് മന്ത്രി ഷിബു ബേബിജോണ്‍, പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ മന്ത്രി രമേശ് ചെന്നിത്തല, കോട്ടയത്ത് മന്ത്രി കെ.എം.മാണി, ഇടുക്കിയില്‍ മന്ത്രി പി.ജെ.ജോസഫ്, എറണാകുളത്ത് മന്ത്രി കെ.ബാബു, തൃശൂരില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്, പാലക്കാട് മന്ത്രി മഞ്ഞളാംകുഴി അലി, മലപ്പുറത്ത് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട് മന്ത്രി എം.കെ.മുനീര്‍, വയനാട് മന്ത്രി പി.കെ.ജയലക്ഷ്മി, കണ്ണൂരില്‍ മന്ത്രി കെ.പി.മോഹനന്‍, കാസര്‍കോട് മന്ത്രി അനൂപ് ജേക്കബ്ബ് എന്നിവര്‍ റണ്‍ കേരള റണ്ണിന് നേതൃത്വം നല്‍കും. അമ്മയും ഫെഫ്കയുമുള്‍പ്പെടെ സിനിമാ രംഗത്തെ ആറ് സംഘടനകളും അര്‍ജുന അവാര്‍ഡ് ജേതാക്കളും ദേശീയ കായിക താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കും. വിദേശ മലയാളികള്‍ക്ക് റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിനായി കേരള ടീം അംഗങ്ങളെ തയ്യറാക്കുന്നതിനുള്ള സെലക്ഷന്‍, കോച്ചിംഗ് ക്യാമ്പ് നടന്നുവരുന്നുവെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ്ബ് പുന്നൂസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post