ചെങ്കല്‍ സുധാകരന്‍
ഗോമതീ സിന്ധു സംഗമ തീര്‍ത്ഥം
ദേവര്‍ഷി നാരദന്‍ കഥ തുടര്‍ന്നു. ദ്വാരകയിലെ പുണ്യതീര്‍ത്ഥങ്ങളുടെ മഹിമ ഉദ്‌ഘോഷിച്ചുകൊണ്ട് പ്രഭാസം, ബോധി പിപ്പലം മുതലായ തീര്‍ത്ഥാടനകേന്ദ്രങ്ങളെ വിവരിച്ചു. അതതിടങ്ങളില്‍ ചെന്നാലുള്ള പുണ്യാതിരേകങ്ങള്‍ സ്‌നാനം ചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ നൂറിരട്ടി പുണ്യമാണ് പ്രഭാസതീര്‍ത്ഥസ്‌നാനം ചെയ്താലുണ്ടാവുക എന്ന് ബഹുലാശ്വരാജാവിനെ ബോധിപ്പിച്ചു. ശ്രീഭഗവാന്‍ ഉദ്ധവര്‍ക്ക് ഭാഗവതോപദേശം ചെയ്തത് ബോധിപിപ്പലത്തിന്‍ ചുവട്ടില്‍ വച്ചായിരുന്നു എന്നു. ആ പുണ്യസ്ഥാനത്തെത്തുന്നയാള്‍ക്ക് വൈഷ്ണവലോകം ലഭിക്കുമെന്നും നാരദര്‍ പറഞ്ഞു. അതിനുശേഷമാണ് ഗോമതീ സിന്ധുസംഗമതീര്‍ത്ഥ കഥ പറയാന്‍ തുടങ്ങിയത്.
മറ്റുള്ളവയില്‍ നിന്നെല്ലാം വിശേഷത്വമാര്‍ന്നതാണ് ഈ പുണ്യതീര്‍ത്ഥം. ആനുഷംഗികമായി ഗംഗാസംഗമതീര്‍ത്ഥത്തെക്കുറിച്ചും മഹാമുനി പരാമര്‍ശിച്ചു. അതാകട്ടെ, ഗോമതീ സിന്ധുസംഗമ മഹിമ പറയാനാണുതാനും. ദേവര്‍ഷി രാജാവിനോടുപറഞ്ഞു.
‘ദ്വാരവത്യാം തീര്‍ത്ഥരാജം
ഗോമതീസിന്ധു സംഗമം
യത്രസ്‌നാത്വാനരോയതി
വൈകുണ്ഠം വിമലം പദം’
(ദ്വാരകയിലെ തീര്‍ത്ഥരാജനായ ഗോമതീ സിന്ധുസംഗമമത്തില്‍ സ്‌നാനം ചെയ്യുന്ന വിമലമായ വൈകുണ്ഠപദം പ്രാപിക്കും)
‘മഹാരാജാവേ, ഈ തീര്‍ത്ഥമാഹാത്മ്യം വ്യക്തമാക്കാന്‍ ഞാനൊരിതിഹാസം പറയാം. അതുകേള്‍ക്കുന്നമാത്രയില്‍തന്നെ ശ്രോതാവ് പാപതാപങ്ങളില്‍ നിന്ന് മോചിതനാകും. പണ്ട്, ഹസ്തിനപുരിയില്‍ രാജമാര്‍ഗ്ഗപതി എന്നൊരു വൈശ്യനുണ്ടായിരുന്നു. അയാള്‍ കുബേരതുല്യം ധനവാനായിരുന്നു. ധനമദത്താല്‍ സ്വേച്ഛാചാരിയായ അയാള്‍ വേശ്യാലമ്പടനും ചൂതാട്ടുകാരനുമായി കഴിഞ്ഞു. ദുര്‍ഗ്ഗുണമൂര്‍ത്തിയായ ആ വൈശ്യന്‍ കളവു പറയുന്നവനും ദുഷ്ടനുമായിരുന്നു.
അയാള്‍ അര്‍ഹരായവര്‍ക്കുപോലും ഒന്നും കൊടുത്തിരുന്നില്ല. ലോഭത്താല്‍, ബ്രാഹ്മണര്‍ക്കോ ദേവന്മാര്‍ക്കോ ദാനപൂജാദികളൊന്നും നടത്തിയിരുന്നില്ല!
‘ദുഷ്ടമാര്‍ഗ്ഗചാരിയായ ആ സ്ത്രീലമ്പടന്‍ സ്വപത്‌നിയെ നിഷ്‌കരുണം ഉപേക്ഷിച്ചു. വേശ്യകള്‍ക്കായി പണം ധൂര്‍ത്തടിച്ചു. തുര്‍ന്ന് അയാളെ കാലക്കോട്ട് ബാധിച്ചു സൈ്വരിണികള്‍ അവന്റെ പകുതിധനവും അപഹിച്ചു. ബാക്കി പകുതി തസ്‌ക്കരന്മാരും. അല്പം ഭൂഭാഗം കൃഷിയിറക്കിയിരുന്നു. അതാകട്ടെ നശിച്ചുംപോയി പാപകര്‍മ്മങ്ങളെല്ലാംകൂടി അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍! എല്ലാ രംഗങ്ങളിലും അയാള്‍ പരാജിതനായി എന്നിട്ടും. അവന്റെ വേശ്യാസക്തിക്ക് കുറവു വന്നില്ല. അവര്‍ക്കായി പണമുണ്ടാക്കാന്‍ അവന്‍ മോഷണം തുടങ്ങി. രാജാവ് ആ മോഷ്ടാവിനെ പിടിച്ചുകെട്ടി രാജ്യത്തില്‍ നിന്നും പുറത്താക്കി.’
‘അയാള്‍ നാട്ടില്‍ നിന്നകന്ന കാട്ടില്‍ പാര്‍ത്തു അവിടേയും കുടില വൃത്തികള്‍ തുടര്‍ന്നു. വന്യമൃഗങ്ങളെ കൊന്നുതിന്നുകൊണ്ട് കാലം കഴിച്ചുകൂട്ടി. ആ വിധം കാട്ടില്‍ കഴിയവേ
‘പശ്ചിമാം തു ദിശാം പ്രാഗാത്
വൈശ്യോ ദുര്‍ഭിക്ഷ പീഡിതഃ
വനേ വൈ മാരിതഃ സോപി
സിംഹേന കാല ഘാതതഃ’
(വിശപ്പിനാല്‍ പീഡിതനായ വൈശ്യന്‍, കാനനത്തില്‍, പടിഞ്ഞാറു ഭാഗത്തേക്കു സഞ്ചരിച്ചു. അവിടെ വച്ച് ഒരു സിംഹം അയാളെ കൊന്നു). കൊല്ലപ്പെട്ട ആ നീചനെ യമഭടര്‍ പിടിച്ചുകെട്ടി, അടിയും കൊടുത്ത്, കാലപുരിയിലേക്കു കൊണ്ടുപോയി. യാത്രാമദ്ധ്യേ ഒരു പെരും കഴുകന്‍ അയാളുടെ ദേഹത്തില്‍ നിന്നും കുറേ മാംസം കൊത്തിയെടുത്ത് തിന്നാന്‍ തുടങ്ങി. ഇതുകണ്ട മറ്റുപക്ഷികള്‍ കഴുകന്‍ തിന്നുകൊണ്ടിരുന്ന മാംസം കൊത്തിപ്പറിക്കാന്‍ ശ്രമിച്ചു. അവ തമ്മില്‍ തമ്മില്‍ കൊത്തിയുമെതിര്‍ത്തും വലിയകോലാഹലമുണ്ടാക്കി. ആ കഴുകനാകട്ടെ, മാംസം കൊക്കില്‍ നിന്നുവിടാതെ വീണ്ടും പറന്നുപോയി. പിന്നാലെ പറന്നെത്തിയ മറ്റൊരു കഴുകന്‍ മുമ്പേ പറന്നതിന്റെ കൊക്കിലെ മാംസം ആഞ്ഞുകൊത്തി.
ത്വന്‍മുഖാത് പ്രപതന്‍മാംസം
ഗോമതീ സിന്ധു സംഗമേ
തീര്‍ത്ഥപ്ലുതേ തസ്യ മാംസേ
വൈശ്യോfയം പാതകീ മഹാന്‍
തേഷാംപോശാന്‍ സ്വയംഛിത്വ
ഭൂത്വാ ദേവശ്ചതുര്‍ഭുജഃ
പശ്യതാം യമദൂതാനാം
വിമാനമധിരുഹ്യ സഃ
വിരാജയന്‍ദിശഃ സര്‍വ്വാഃ
പരംധാമഃഹരേര്‍യച്ചൗ’
(കഴുകന്റെ കൊക്കിലിരുന്ന മാംസം ഗോമതീ സിന്ധുസംഗമത്തില്‍ പതിച്ചു. തല്‍ക്ഷണം യമദൂതന്മാര്‍ ബന്ധിച്ചിരുന്ന വൈശ്യന്‍ മുക്തനായി. അയാള്‍ ചതുര്‍ഭുജരൂപിയായ ദേവനായി പരിണമിച്ചു. യമദൂതര്‍ കണ്ടുനില്‍ക്കേ അവിടെ വന്നിറങ്ങിയ ഒരു വിമാനത്തിലേറി ദിക്കുകളെ പ്രകാശമയമാക്കിക്കൊണ്ട് ഹരിധാമത്തിലേക്കു പോയി.’
‘രാജാവേ, ഇതാണ് ഗോമതീ സിന്ധുസംഗമ തീര്‍ത്ഥത്തിന്റെ മാഹാത്മ്യം. ഇക്കഥ കേള്‍ക്കുന്നവന്‍ പോലും സര്‍വ്വപാപരഹിതനായി വിഷ്ണുലോകം പുക്കും’! ഗോമതീസിന്ധുസംഗമ കഥ കേട്ട ബഹുലാശ്വ മഹാരാജാവ് ആനന്ദാതിരേകത്താല്‍ നിമീലിതാക്ഷനായി മഹര്‍ഷിയെ വണങ്ങി.
Discussion about this post