തിരുവനന്തപുരം: ദേശീയ ഗെയിംസ് കായികകേരളത്തിന്റെ മുന്നേറ്റമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 35-ാമത് ദേശീയ ഗെയിംസിന്റെ 30 ഡേയ്‌സ് കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ദേശീയ ഗെയിംസിന്റെ മെഡലുകള്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
27 വര്‍ഷത്തിനുശേഷം കേരളത്തിന് കിട്ടിയ സൗഭാഗ്യമാണ് ദേശീയ ഗെയിംസ്. കായികമേള നടക്കുന്ന ഏഴുജില്ലകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ ഉന്നതനിലവാരത്തിലാക്കിയിട്ടുണ്ട്. മികച്ച ആതിഥേയത്വം വഴി കായികമേള വന്‍വിജയമാക്കാന്‍ കേരളത്തിന് കഴിയണം. ഭാവിയില്‍ ഇതില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജനത ഒറ്റക്കെട്ടായി കായികമാമാങ്കത്തിന് തയാറെടുക്കണമെന്ന് ചടങ്ങില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മേളയുടെ ഔദ്യോഗിക യൂണിഫോം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പുറത്തിറക്കി. കേരളത്തിന്റെ കായികപ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.
എം.എല്‍.എ.മാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി, എം.എ.വാഹിദ്, മേയര്‍ കെ.ചന്ദ്രിക, മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്റെ രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുജേതാക്കളായ 30 പേര്‍ ചേര്‍ന്നാണ് ചടങ്ങിന് ദീപം കൊളുത്തിയത്. മുഖ്യമന്ത്രി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യദീപം കൊളുത്തി. നാഷണല്‍ ഗെയിംസ് ആവിഷ്‌കരിക്കുന്ന ടോര്‍ച്ച് റിലേ ആപ്പിന്റെ പ്രകാശനം കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
Discussion about this post