*വെള്ളായണിയിലെ നവീകരിച്ച മള്‍ട്ടിപര്‍പ്പസ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ദേശീയ ഗെയിംസ് കേരളത്തിന്റെ കായിക കുതിച്ചുചാട്ടത്തിന്റെ തുടക്കമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളായണി കാര്‍ഷിക കോളേജില്‍ ദേശീയ ഗെയിംസിന് മുന്നോടിയായി നവീകരിച്ച മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏഴുജില്ലകളിലായി നടക്കുന്നത് ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സംസ്ഥാനത്ത് കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി എന്നത് ദേശീയഗെയിംസിന്റെ പ്രധാന നേട്ടമാണ്. മികവാര്‍ന്ന സൗകര്യങ്ങളോടെ ഒരുക്കിയ കാര്‍ഷിക കോളേജിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കായികകേരളത്തിന് നേട്ടമാണ്. എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള ശ്രമമാണ് ഗെയിംസിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
27 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തുന്ന ദേശീയ ഗെയിംസ് ഒട്ടേറെ പുതുമകളോടെയാണ് നടത്താന്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒട്ടേറെ കായികതാരങ്ങള്‍ നമുക്കുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് പ്രകടമായിരുന്നു. സ്‌റ്റേഡിയങ്ങള്‍ ഉള്‍പെടെയുള്ള സൗകര്യങ്ങളും കുറവായിരുന്നു. ഇതിനൊക്കെ ദേശീയ ഗെയിംസോടെ പരിഹാരമാകും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നാവുകയാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ്. ദേശീയ ഗെയിംസിന് എത്തുന്നവര്‍ക്ക് മറ്റേത് സ്ഥലത്ത് കിട്ടുന്നതിനേക്കാളും മാന്യമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം. ദേശീയ ഗെയിംസിനെ എല്ലാവരും ഒന്നിച്ചുനിന്ന് വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമീലാ പ്രകാശം എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി തോമസ്, കാര്‍ഷിക കോളേജ് ഡീന്‍ സ്വരൂപ് തോമസ്, കായിക യുവജനക്ഷേമ ഡയറക്ടര്‍ ഡോ. പി. പുകഴേന്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. ഉദയകുമാര്‍, ബ്‌ളോക്ക് പഞ്ചായത്തംഗം കാക്കാമൂല ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ഗെയിംസില്‍ നെറ്റ്‌ബോള്‍, തായ്‌ക്കോണ്ടോ ഉള്‍പെടെയുള്ള മല്‍സരങ്ങള്‍ക്ക് വെള്ളായണിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം വേദിയാകും.
Discussion about this post