ഡോ.എം.പി ബാലകൃഷ്ണന്‍
മുങ്ങിത്താണുപോകുമായിരുന്ന അനേകരെ ഇങ്ങനെ അവിടുന്നു കരയ്ക്കണച്ചിട്ടുണ്ട്. പക്ഷേ…..
മലയാളവര്‍ഷം 1096 കര്‍ക്കടകം. ആണ്ടിപ്പിള്ള മജിസ്‌ട്രേറ്റിന്റെ വസതി. പരദേശത്തുനിന്ന് വന്ന ഒരു ഭാഗവതരുടെ സംഗീതക്കച്ചേരി കൊഴുപ്പായി നടക്കുന്നു. നടത്തിപ്പുകാരന്‍ ചട്ടമ്പിസ്വാമികള്‍തന്നെ. പെട്ടെന്ന് ആ മേളയില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വാമി തിരുവടികള്‍ കണ്ണടച്ചു നിശ്ശബ്ദനാകുന്നു, അഞ്ചുമിനിട്ടോളം. അതു കഴിഞ്ഞ് ഉണര്‍ന്ന് വീണ്ടും പഴയപടി കച്ചേരിമേളത്തില്‍ മുഴുകുന്നു.
ആ സദസ്സിലേക്ക് ഒരാള്‍ തിടുക്കത്തില്‍ കയറിവന്നു. സ്വാമി തിരുവടികളുടെ ഗൃഹസ്ഥശിഷ്യരിലൊരാളായ കൊറ്റിനാട് നാരായണപിള്ളയായിരുന്നു അത്. അദ്ദേഹം നേരെ സ്വാമികളുടെ അടുക്കല്‍ ചെന്ന് നീലകണ്ഠതീര്‍ത്ഥസ്വാമിക്ക് സുഖക്കേടു കൂടുതലാണ് എന്നറിയിച്ചു. ‘കൂടുതലെന്നേയുള്ളോ?’ സ്വാമികള്‍. വന്നയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. സ്വാമിതിരുവടികള്‍ എല്ലാമറിഞ്ഞിരിക്കുന്നു. ഇരുവരും വേഗം അവിടെനിന്നും പുറപ്പെട്ടു. ഇന്നത്തെപ്പോലെ വാഹനസൗകര്യമുള്ള കാലമല്ലല്ലോ അത്. വേഗമെത്താന്‍ ഒരു ജഡ്ക്കപിടിച്ചാണ് നാരായണപിള്ള വന്നത്. റോഡില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന വണ്ടി ചൂണ്ടി അതില്‍ കയറിപ്പോകാമെന്നു പറഞ്ഞപ്പോള്‍ ‘എന്തിന് ആ സാധുജന്തുവിനെ ഉപദ്രവിക്കുന്നു. നമുക്ക് നടന്നൂടാം’. എന്നായിരുന്നു സ്വാമികളുടെ പ്രതികരണം. നടന്നാല്‍ വളരെ വൈകിയേ എത്തിച്ചേരൂ എന്നതിനാല്‍ വിനീതമായി വീണ്ടും അപേക്ഷിച്ചപ്പോള്‍ സ്വാമി ഒരു നിബന്ധന വച്ചു. ‘അങ്ങനെയെങ്കില്‍, കുതിരയെ ചാട്ടയ്ക്ക് അടിക്കാതെ വണ്ടിവിടണം. അതു വലിക്കുന്നതുപോലെ പോയാല്‍ മതി. ധൃതിയില്ല. കിളികൂടുവിട്ടു പറന്നുകഴിഞ്ഞു’.
അധികം വൈകാതെ കരുനാഗപ്പള്ളിയില്‍ താഴത്തോടത്ത് മഠത്തിലെത്തിച്ചേര്‍ന്നു. സമാധിയായിക്കഴിഞ്ഞ ഉത്തമശിഷ്യന്റെ മുഖത്തു സൂക്ഷിച്ചുനോക്കി നിന്നശേഷം ആ മഹാഗുരു പറഞ്ഞു. ‘സാധാരണയായി ഞാനിരിക്കും; നീ നില്‍ക്കും. ഇപ്പോള്‍ നീ ഇരിക്കുന്നു; ഞാന്‍ നില്‍ക്കുന്നു’.
വിദ്യാധിരാജന്റെ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു. ആരോ ചോദിച്ചപ്പോള്‍ പറഞ്ഞുവേ്രത ‘ഇത് ദുഃഖനീരല്ല. ആനന്ദാശ്രുവാണ്. അവസാനദേഹം അവസാനിച്ചതാണല്ലോ ഇത്.’
സമാധിയാകുമ്പോള്‍ നീലകണ്ഠതീര്‍ത്ഥര്‍ക്കു നാല്പത്തിയൊന്‍പതു വയസ്സ്. ശിഷ്യനെ ഗുരു സമാധിയിരുത്തിയ സംഭവം ചരിത്രത്തില്‍ ഇതൊന്നുമാത്രമായിരിക്കും.
Discussion about this post