തൃശൂര്‍: കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ആര്‍ട്ട് ഹൈസ്കൂളിലെ എട്ടാംക്ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാംക്ളാസ് ജയിച്ച് ഈ വര്‍ഷം ജൂണ്‍ ഒന്നിന് 14 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് മൂന്നു വിഷയത്തിന് അപേക്ഷിക്കാം. എ.എച്ച്.എസ്.എല്‍.സി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാത്തില്‍ പ്ളസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം, എം. ഫില്‍, പി.എച്ച്.ഡി എന്നീ ക്രമത്തില്‍ പഠം പൂര്‍ത്തിയാക്കാനാകും. പഠിപ്പില്‍ സമര്‍ത്ഥരായവര്‍ക്ക് കലാമണ്ഡലത്തില്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ആണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില-പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷവേഷം, ചുട്ടി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം, പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷയും പ്രോസ്പെക്ടസും വെബ്സൈറ്റില്‍ നിന്ന് ഏപ്രില്‍ ഒന്നുമുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും കലാമണ്ഡലം ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാല്. പൊതുവിജ്ഞാന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെയ് 11 നാണ് പ്രവേശന പരീക്ഷ. മെയ് നാലിനകം അപേക്ഷ സമര്‍പ്പിച്ച നിര്‍ദ്ദിഷ്ട പ്രായ പരിധിയിലുള്ള എല്ലാ അപേക്ഷകര്‍ക്കും ഹാള്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും പ്രവേശന പരീക്ഷ എഴുതാം.
Discussion about this post