ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്‌നീ രാമാ രമണലമ്പടാ
ദേവി സമ്പല്‍ക്കരിയായ ലക്ഷ്മീഭഗവതിതന്നെ (രമ) മുഴുതിങ്കള്‍മുഖിയും (രാകാ-ഇന്ദു-വദന) രതീദേവിയെപ്പോലെ മനോഹരിയും രതീദേവിയോടും രതിക്രീഡയിലും താല്‍പര്യമുള്ളവളുമാണ്. പ്രപഞ്ചത്തെ രക്ഷിക്കുന്നവളും ഭസ്മീകരിക്കുന്നവളും (രക്ഷ=ഭസ്മം) രാക്ഷസരെ ഹനിക്കുന്നവളുമാണ് ലളിതാംബിക. സ്ത്രീരൂപധാരിണി – എല്ലാ സ്ത്രീകളും ദേവീചൈതന്യം ആവഹിക്കുന്നു എന്നതിനാല്‍, സ്വന്തം രമണനില്‍ (സന്തോഷപ്രദനായി ഭര്‍ത്താവില്‍) ആസക്ത.
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ
ആഗ്രഹിക്കത്തക്കവള്‍ – സമസ്തഗുണസമ്പന്നയാകയാല്‍ മറ്റെല്ലാ കലകളിലുമെന്നതിന്‍വണ്ണം കാമകലയുടെ സകലമണ്ഡലങ്ങളിലും ദേവീചൈതന്യം പ്രസരിക്കുന്നു. കടമ്പിന്‍പൂവ് ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. കദംബവനം ദേവിക്ക് ഇഷ്ടവാസസ്ഥാനവുമാണല്ലോ. മംഗളാഗിയും മംഗളപ്രദയുമാകയാല്‍ ദേവി കല്യാണിയാണ്. പ്രപഞ്ചത്തിന്നു മുഴുവന്‍ ഉല്‍ഭവസ്ഥാനമായ കിഴങ്ങോ വേരോ (കന്ദം) ആണ്. മാത്രമല്ല കാരുണ്യസാരം കരകവിയും മട്ടില്‍ നിറഞ്ഞകടലുമാണ്.
Discussion about this post