തിരുവനന്തപുരം: സംസ്ഥാനത്തു പുതുക്കിയ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു. പുതുക്കിയ ഫലമനുസരിച്ചു 98.57 ശതമാനമാണു വിജയം. ഇതു സര്‍വകാല റിക്കാര്‍ഡാണ്. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു വിജയം. ഇതില്‍ നിന്നും .58 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജില്ലകളുടെ വിജയശതമാനത്തിലും വ്യത്യാസം വന്നിട്ടുണ്ട്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും നേരിയ വ്യത്യാസമുണ്ട്. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2,700 വിദ്യാര്‍ഥികള്‍ക്കാണ് അധികമായി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
കോട്ടയവും കോഴിക്കോടുമാണ് ഏറ്റവും വിജയശതമാനം കൂടിയ ജില്ലകള്‍. കഴിഞ്ഞ തവണ ഫലം പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരായിരുന്നു ഏറ്റവുമധികം വിജയശതമാനമുള്ള ജില്ല. പാലക്കാടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 4,61,542 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിലാണു ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തില്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംസ്ഥാനത്തെ 2014-15 വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ ഗുരുതരമായ തെറ്റുകളായിരുന്നു ഇതില്‍ കടന്നുകൂടിയത്. ഇതേതുടര്‍ന്നാണു തെറ്റുകള്‍ തിരുത്തി ഫലം പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും മാര്‍ക്കുകള്‍ ശേഖരിച്ചു.
തെറ്റുകള്‍ തിരുത്തിയുള്ള പരീക്ഷാ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകാത്തതിനാലാണു ഫലപ്രഖ്യാപനം ഞായറാഴ്ചത്തേക്കു മാറ്റിയത്.
സോഫ്റ്റ്‌വെയറിന്റെ കുഴപ്പമാണു തെറ്റുകള്‍ കടന്നുകൂടാന്‍ കാരണമെന്നാണു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഡേറ്റാ എന്‍ട്രിയിലടക്കം പിഴവുകള്‍ ഉണ്ടായിട്ടുണ്‌ടെന്നായിരുന്നു ഡിപിഐ പറഞ്ഞത്. ഫലം പുനഃപ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ പിഴവു വരുത്തിയവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടായേക്കും.
Discussion about this post