കാഠ്മണ്ഡു: നേപ്പാളില്‍ കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. നിലവിലെ കണക്കുകളനുസരിച്ച് ഏതാണ്ട് 6000 പേര്‍ മരിച്ചതായാണു നേപ്പാള്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേപ്പാള്‍ ദുരന്തനിവാരണ ഏജന്‍സിയുടെ തലവന്‍ രാമേശ്വര്‍ ഡംഗല്‍ പുറത്തുവിട്ട കണക്കുകളനസുസരിച്ച് 8,000 ലധികം പേര്‍ പരിക്കേറ്റു ചികിത്സയിലൂണ്‌ടെന്നാണു വിവരം. ആറു ലക്ഷത്തിലധികം പേര്‍ ദുരിതമനുഭവിക്കുന്നതായാണു ഐക്യരാഷ്ട്ര സംഘടന അറിയിച്ചത്.
നിരവധി പേര്‍ ഇപ്പോഴും തകര്‍ന്നു വീണ കെട്ടിടങ്ങളില്‍ കുടുങ്ങിയിട്ടുണ്‌ടെന്നാണു വിവരം. എന്നാല്‍, ഇവരില്‍ എത്രപേര്‍ ജീവനോടെയുണ്‌ടെന്നതു സംബന്ധിച്ച് വ്യക്തതയില്ല. മരണസംഖ്യ 5,000 കടന്നേക്കുമെന്നാണു നേപ്പാള്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നേപ്പാളിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. വേണ്ടത്ര ചികിത്സാസൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമാകുന്നുണ്ട്.
പേമാരിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ നേരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നേപ്പാളിനു സഹായ വാഗ്ദാനവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ നിരവധി രാജ്യങ്ങളാണ് മുന്നോട്ടുവന്നിട്ടുള്ളത്.
ആദ്യ ഭൂകമ്പമുണ്ടായി രണ്ടു ദിവസത്തോടടുക്കുമ്പോഴും തുടര്‍ചലനങ്ങള്‍ അവസാനിച്ചിട്ടില്ല. ഒരോ രണ്ടു മണിക്കൂറിലും ചലനങ്ങള്‍ അനുഭപ്പെടുന്നതായാണു റിപ്പോര്‍ട്ടുകള്‍. അവസാനമായി തിങ്കളാഴച രാവിലെയുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി.
വിവിധ രാജ്യങ്ങളും രാജ്യാന്തര സന്നദ്ധ സംഘടനകളും ഭക്ഷണമെത്തിക്കുന്നുണ്‌ടെങ്കിലും വരും മണിക്കൂറുകളില്‍ ഭക്ഷണക്ഷാമവും രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ഐക്യരാഷ്ട്രസഭയടക്കം രംഗത്തുണ്ട്. പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുമുണ്ട്.
വിവിധ രാജ്യങ്ങളില്‍നിന്നു നേപ്പാളില്‍ കുടുങ്ങിയവര്‍ സ്വദേശത്തേക്കു തിരിച്ചു പോകാനായി കാഠ്മണ്ഡു വിമാനത്താവളത്തിലെത്തുന്നതിനാല്‍ വിമാനത്താവളത്തിലും തിരക്കേറുകയാണ്. വിമാന സര്‍വീസുകളുടെ എണ്ണം കുറവാണെന്നതും ഇവിടെ തിരക്കും പ്രതിസന്ധിയും രൂക്ഷമാക്കുന്നു.
വൈദ്യുതി, ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങള്‍ തകരാറിലായതിനാല്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ പലതും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു റോഡുമാര്‍ഗം ഉപയോഗശൂന്യമാണ്.
Discussion about this post