ചെങ്കല്‍ സുധാകരന്‍
ശ്രീ നാരദന്‍ ബഹുലാശ്വനോട് മറ്റൊരു മാഹാത്മ്യക പറയാന്‍ തുടങ്ങി. ഗോപീ ജനാവാസസ്ഥാനമായ പുണ്യഭൂമിയുടെ മഹിമാനം! ‘മഹാരാജാവേ, ശ്രീകൃഷ്ണ ഭക്തകളായ കൃഷ്ണഗേഹികളുടെ വാസസ്ഥമാണ് ‘ഗോപീഭുഃ എന്നറിയപ്പെടുന്നത്
‘ഗോപീഭൂമേശ്ച മാഹാത്മ്യം
ശൃണു പാപഹരം പരം
യസ്യ സ്മരണ മാത്രേണ
കര്‍മ്മബന്ധാത് പ്രമുച്യതേ
ഗോപീനാം യത്ര വാസോഭൂ-
ത്തേന ഗോപീഭുവഃ സ്മൃതഃ’
(ഗോപീഭൂമിയുടെ മാഹാത്മ്യം കേട്ടാലും ശ്രവണ മാത്രയില്‍ത്തന്നെ അത് ഏവരുടേയും കര്‍മ്മബന്ധനങ്ങളഴിക്കുന്നു. ഗോപികമാരുടെ ആവാസസ്ഥാനമായതുകൊണ്ടാണ്. പ്രസ്തുതസ്ഥലത്ത് ഗോപീഭൂഃ എന്ന പേരുണ്ടായത്.) ഗോപീചന്ദന മുദ്ര ധരിച്ച ആയിരം അശ്വമേധത്തിന്റേയും നൂറു രാജസൂയത്തിന്റേയും ഫലം ലഭിക്കും. ഗോപീചന്ദനം വൃന്ദാവനരജസ്സിനു തുല്യമാണ്. ഈ ദിവ്യവസ്തു ധരിച്ച വ്യക്തിയെ യമന്‍ തീണ്ടുകപോലുമില്ല.
‘നിത്യം കരോതി യഃ പാപീ
ഗോപീചന്ദന ധാരണം
സ പ്രയാതി ഹരേര്‍ധാമ
ഗോലോകം പ്രകൃതേഃപരം’
(നിത്യവും ഗോപീചന്ദനം ധരിക്കുന്നയാള്‍, അയാളെത്ര മഹാപാപിയാണെങ്കിലും, ഗോലോകം പ്രാപിക്കുന്നതാണ്.
പ്രസ്തുത തത്ത്വം വിശദമാക്കാന്‍ ശ്രീനാരായണ ഹഹുലാശ്വനോട് ഒരുകഥ പറഞ്ഞു:- ‘പണ്ട്, സിന്ധു ദേശത്തു ഒരു രാജാവുണ്ടായിരുന്നു. ദീര്‍ഘബാഹു! അയാള്‍ നീചനും വേശ്യാലമ്പടനുമായിരുന്നു. ബ്രഹ്മഹത്യ’, ഗര്‍ഭിണീവധം, എന്നിവ അയാള്‍ക്ക് വെറും സാധാരണ കര്‍മ്മങ്ങള്‍ മാത്രം! മൃഗങ്ങളും പക്ഷികളും ദീര്‍ഘബാഹുവിന്റെ ദുഷ്ടതയ്ക്കിരയായിരുന്നു. ഗര്‍ഭിണികളേയും ഗോക്കളേയും വധിച്ചു. ഒരിക്കല്‍ രാജ്യലോഭത്താല്‍, മന്ത്രിതന്നെ, അയാളെ കൊന്നുകളഞ്ഞു.
മരിച്ചുവീണ രാജാവിനെ യമഭടന്മാര്‍ കാലപുരുയിലേക്കു കൊണ്ടുപോയി. എന്തുശിക്ഷയാണയാള്‍ക്കു നല്‍കേണ്ടതെന്ന് യമന്‍ ചിത്രഗുപ്തനോട് ചോദിച്ചു. ‘സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം എണ്‍പത്തിനാലു നരകത്തിലും പാര്‍പ്പിക്കണമെന്ന് അദ്ദേഹം, ശിക്ഷവിധിച്ചു. ആദ്യം നൂറുയോജന വിസ്തീര്‍ണ്ണമുള്ള കുംഭീപാകമെന്ന നരകത്തില്‍, തിളയ്ക്കുന്ന എണ്ണയിലിട്ടു. പക്ഷേ, ദീര്‍ഘബാഹു തിളയ്ക്കുന്ന എണ്ണയില്‍ വീണതും ആ എണ്ണ ശീതളമായി. എല്ലാവരും അത്ഭുതപ്പെട്ടു. ‘ഇതെങ്ങനെ സംഭവിച്ചു?’ ഓരോരുത്തരും ചുഴിഞ്ഞാലോചിച്ചു. ‘ഇയാള്‍ ഭൂമിയില്‍ യാതൊരു പുണ്യവും ചെയ്തവനല്ല. പിന്നെ, ഇതെങ്ങനെ? യമനും ചിത്രഗുപ്തനും ഗാഝമായി ചിന്തിച്ചു.
ആ സന്ദര്‍ഭത്തില്‍ ശ്രീവ്യാസന്‍ സഭയില്‍ ആഗതനായി യമധര്‍മ്മന്‍ അവിടെയുണ്ടായ സംഭവങ്ങള്‍ മഹര്‍ഷിയെ ധരിപ്പിച്ചു. അദ്ദേഹം, വിശദമായാലോചിച്ചിട്ട് ഇങ്ങനെ പറഞ്ഞു:-
‘ സൂക്ഷ്മാ ഗതിര്‍ മഹാരാജ
വിദിതാ പാപപുണ്യയോഃ
അഥബ്രഹ്മഗതിഃപ്രാജ്ഞൈഃ
സര്‍വ്വശാസ്ത്രഭൃതാംവരൈഃ
ദൈവയോഗാദൃശ്യപുണ്യം
പ്രാപ്തംവൈ സ്വയമര്‍ത്ഥവത്
യേന പുണ്യേന ശുദ്ധോfസൗ
തച്ഛൃണു ത്വം മഹാമതേ’
(മഹാമതേ, അങ്ങു കേട്ടാലും, പുണ്യപാപങ്ങളുടെ ഗതി വളരെ സൂക്ഷ്മമാണ്. ദൈവയോഗാല്‍, ഈയാള്‍ക്ക് ഏതെങ്കിലും പുണ്യം ലഭിച്ചിട്ടുണ്ടായിരിക്കണം. അക്കാരണത്താലാവാം ഈ പരിശുദ്ധിയുണ്ടായത്.) ‘യമധര്‍മ്മാ, ഇയാളുടെ ശരീരത്തില്‍ ദ്വാരകയിലെ മണ്ണ് പുരണ്ടിട്ടുണ്ടാകണം. അതിന്റെ പ്രഭാവത്താലാകാം ഈ എണ്ണപോലും ശീതളമായിപ്പോയത്. ഭക്തരായ ഗോപികമാരുടെ നിത്യസംസര്‍ഗ്ഗത്താല്‍ അത്രയേറെ പരിശുദ്ധിയാര്‍ന്നതാണ് ആ പുണ്യസ്ഥലം!’
‘ഒന്നുകൂടി കേള്‍ക്കുക, ഗോപീചന്ദനം ശരീരത്തില്‍ പൂശിയാല്‍ നരന്‍ നാരായണനായിത്തീരും. ഈ ചന്ദനത്തെ ദര്‍ശിക്കുമ്പോള്‍ത്തന്നെ നരന്‍ നാരായണനായി മാറുന്നു. ബ്രഹ്മഹത്യാപാപംപോലും വിട്ടകലുന്നു.’ ഗോപീഭൂമിയുടെ മാഹാത്മ്യം മനസ്സിലാക്കിയ യമന്‍, ഉടനേ ഒരു ദിവ്യവിമാനം വരുത്തി ദീര്‍ഘബാഹുവിനെ ഗോലോകത്തേക്കയച്ചു.
‘ന ത്വം വിപ്രാദികോ വര്‍ണ്ണോ
നാശ്രമീ നാക്ഷി ഗോചരഃ
അസം ഗോസി നിരാകാരോ
വിശ്വസാക്ഷി സുഖീ ഭവഃ’ (അഷ്ടാവക്രഗീത.)
(നീ ബ്രാഹ്മണാദിവര്‍ണ്ണങ്ങളോ ബ്രാഹ്മചര്യാദ്യാശ്രമങ്ങളോ അല്ല. അക്ഷിഗോചരനുമല്ല. നീ നിസ്സംഗനും നിരാകാരനും വിശ്വസാക്ഷിയുമാണ്.) പരമസത്യമന്വേഷിക്കുന്നവര്‍ കണ്ടെത്തുന്ന മഹാതത്ത്വമാണിത്. അഷ്ടാവക്രമഹര്‍ഷി ജനകമഹാരാജാവിനോടു പറഞ്ഞതത്ത്വം! ഈ പാരമാര്‍ത്ഥ്യം പലരും അറിഞ്ഞെന്നുവരില്ല. അറിയാനുള്ളയത്‌നത്തില്‍ പല സ്ഥലങ്ങളിലുമെത്തിച്ചേരും. അക്കൂട്ടത്തില്‍ ‘അതലവും’ ‘സുതല’വും ഉണ്ടായെന്നുവരാം! ഏതുകാര്യത്തിനായാലും സ്ഥലം ഒരു പ്രധാന ഘടകമാണ്. ശുദ്ധസ്ഥാനമാണെങ്കില്‍ അത്, കര്‍മ്മചോദകവും ധര്‍മ്മപോഷകവുമാകും. ഉള്ള നന്മയെ പെരുക്കാനും ഇല്ലാത്തതുണ്ടാക്കാനും ആ സ്ഥലം സഹായിച്ചിട്ടുണ്ട്. സ്ഥലശുദ്ധിക്ക് അതീവ പ്രാധാന്യമാണുള്ളത്. ഫലപുഷ്ടിയുള്ള മണ്ണില്‍ വിതയ്ക്കുന്ന വിത്ത് ഉചിത സന്ദര്‍ഭത്തില്‍ കിളിര്‍ത്തു പുഷ്ടമാക്കുന്നതുപോലെ ശുദ്ധസ്ഥാനത്തുചേരുന്ന ജീവിതം ശക്തിയാര്‍ജ്ജിക്കും. ലക്ഷ്യം പ്രാപിക്കും! ‘യദൃച്ഛയാ ഹി സംസ്പൃഷ്ടോ ദഹത്യേവഹി പാവകഃ’ എന്നു പറഞ്ഞപോലെ ശുദ്ധിയുള്ള സ്ഥലത്ത് യദൃച്ഛയാ ചെന്നു ചേര്‍ന്നതായാലും ചെല്ലുന്നവന് മനഃശുദ്ധി കൈവരുന്നതാണ്.
ഈ മാഹാത്മ്യം വെളിവാക്കുന്ന കഥയാണ് ശ്രീ ഗര്‍ഗ്ഗന്റെ ഗോപീഭുമി മാഹാത്മ്യം! ‘യസ്യ സ്മരണമാത്രേണ കര്‍മ്മബന്ധാത് പ്രമുച്യതേ’ (ഗോപീഭൂമിയെ ഭസ്മീകരിച്ചാല്‍പോലും കര്‍മ്മബന്ധങ്ങളൊഴിയും). അതിനെ കാണുകയോ സ്പര്‍ശിക്കുകയോ അതിലെ മണ്ണാല്‍ കുരിക്കൂട്ടണിയുകയോ ചെയ്യുന്ന പക്ഷം, ‘ആനന്ദദര്‍ശനം’ സാധിക്കുന്നതാണ്. ഗോപീജനങ്ങളുടെ അംഗരാഗമായ ചന്ദനം അണിഞ്ഞാല്‍ ഗംഗാസ്‌നാനപുണ്യം ലഭിക്കുമത്രേ! അത്യന്തം ശ്രേഷ്ഠമായ ഒരു പവിത്രസ്ഥാനമായിട്ടാണ് ഗോപീഭൂമി എന്ന തീര്‍ത്ഥ ഘട്ടത്തെ ഗര്‍ഗ്ഗാചാര്യന്‍ വര്‍ണ്ണിച്ചിരിക്കുന്നത്. പ്രസ്തുത മഹിതസ്ഥാനത്തിന്റെ അസാധാരണശുദ്ധി അറിയിക്കാനായി ആചാര്യന്‍, ദീര്‍ഘബാഹുവിന്റെ കഥ വിശദീകരിച്ചിരിക്കുന്നു.
നിത്യവും ഗോപീചന്ദനം ധരിക്കുന്നയാള്‍ അയാള്‍ എത്ര പാപിയായിരുന്നാലും ഗോലോകം പ്രാപിക്കുമെന്ന ഫലശ്രുതിയോടുകൂടിയാണ് അത് അനുഭവിക്കുന്നത്.
Discussion about this post